ഹെങ്ക് കൊടുങ്കാറ്റ്: ശക്തമായ കാറ്റിലും മഴയിലും യുകെയിലെ ചില ഭാഗങ്ങളില്‍ വന്‍ നാശ നഷ്ടം

0

 

 

യുകെയില്‍ ആഞ്ഞടിച്ച ഹെങ്ക് കൊടുങ്കാറ്റില്‍ യുകെയിലെ ചില ഭാഗങ്ങളില്‍ വന്‍ നാശ നഷ്ടമുണ്ടായി. മണിക്കൂറില്‍ 81 മൈല്‍ വരെ വേഗത്തില്‍ വീശിയടിച്ച ഹെങ്ക് കൊടുങ്കാറ്റ് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും മിക്ക പ്രദേശങ്ങളിലും കനത്ത പ്രഹരമേല്‍പ്പിച്ചു. പല പ്രദേശങ്ങളിലും കൊടുങ്കാറ്റ് വൈദ്യുതി- ഗതാഗത തടസ്സത്തിനും വെള്ളപ്പൊക്കത്തിനും കാരണമായി. ഡെവണ്‍ എക്സെറ്റര്‍ എയര്‍പോര്‍ട്ടില്‍ മണിക്കൂറില്‍ 81 മൈല്‍ വേഗതയിലാണ് ഹെങ്ക് വീശിയടിച്ചത്.

 

പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് നീങ്ങുന്ന ഹെങ്ക് കൊടുങ്കാറ്റ് വെയില്‍സിലും ഇംഗ്ലണ്ടിലും പ്രതേകിച്ചു തീരപ്രദേശങ്ങളില്‍ വന്‍ തോതിലുള്ള നാശനഷ്ടങ്ങളാണ് സൃഷ്ട്ടിച്ചത്. ഇതുവരെ 290 ല്‍ പരം വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് അധികൃതര്‍ നല്‍കിയിട്ടുള്ളത്. ചില നദീതീര സ്ഥലങ്ങള്‍ വ്യാഴാഴ്ച വരെ വെള്ളപ്പൊക്ക ഭീഷണിയിലായിരിക്കുമെന്ന് പരിസ്ഥിതി ഏജന്‍സി ഫ്‌ലഡ് ഡ്യൂട്ടി മാനേജര്‍ സ്റ്റെഫാന്‍ ലേഗര്‍ പറഞ്ഞു.

 

മരങ്ങള്‍ കടപുഴകി വീണതും വൈദ്യുതി തകരാറും നെറ്റ്വര്‍ക്കുകളെ കാര്യമായി ബാധിച്ചതിനാല്‍ ട്രെയിന്‍ യാത്രകള്‍ കഴിവതും ഒഴിവാക്കണമെന്ന മുന്നറിയിപ്പ് യാത്രക്കാര്‍ക്ക് റെയില്‍വേ കമ്പനികള്‍ നല്‍കിയിട്ടുണ്ട്.

റോഡുകളെയും റെയില്‍ ശൃംഖലകളെയും വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു. മിഡ് ലാന്‍ഡ്സിലെ കവന്‍ട്രിക്കും ബര്‍മിംഗ്ഹാം ഇന്റര്‍നാഷണലിനും ഇടയിലുള്ള റെയില്‍വേ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. ഡാര്‍ട്ട്‌ഫോര്‍ഡ് ക്രോസിങ്ങ് പാലം ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും യാത്രക്കാര്‍ക്ക് അധികൃതര്‍ നല്‍കിയിട്ടുണ്ട്.

Leave a Reply