കാനം രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

0

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി. മകന്‍ സന്ദീപാണ് ചിതയ്ക്ക് തീകൊളുത്തിയത്. പൊലീസിന്റെ ഔദ്യോഗിക ബഹുമതികള്‍ ഏറ്റുവാങ്ങിയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം രാഷ്ട്രീയ കേരളം ഒന്നടങ്കം പ്രിയ നേതാവിനെ യാത്ര അയക്കാനായി കാനത്ത് എത്തിച്ചേര്‍ന്നു. സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ വീട്ടില്‍ തന്നെ അനുശോചന യോഗവും നടക്കും.

മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാനത്തെ വീട്ടിലെത്തിച്ചേര്‍ന്നത്. ജന്‍മനാട്ടിലേക്കുള്ള വിലാപയാത്രയിലുടനീളം ആയിരങ്ങളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി റോഡരികില്‍ കാത്തുനിന്നത്. വിലാപയാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ആളുകള്‍ തിങ്ങിനിറഞ്ഞതോടെ യാത്ര മണിക്കൂറുകളോളം വൈകി.

 

വെളളിയാഴ്ച ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു കാനം രാജേന്ദ്രന്‍ അന്തരിച്ചത്. ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തില്‍ പരിക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതല്‍ മോശമാക്കി. കാലിലുണ്ടായ മുറിവുകള്‍ കരിയാതിരിക്കുകയും അണുബാധയെ തുടര്‍ന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here