കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണം അനന്തമായി തടയാനാകില്ലെന്ന് സുപ്രീം കോടതി

0

ന്യൂഡല്‍ഹി : കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണം അനന്തമായി തടയാനാകില്ലെന്ന് സുപ്രീം കോടതി. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ കണ്ണൂര്‍ കോടതി സമുച്ചയ നിര്‍മാണം അനുവദിക്കരുതെന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ ആവശ്യത്തിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. കോടതികളുടെ പ്രവര്‍ത്തനത്തെ അനന്തമായി ബാധിക്കുന്ന തരത്തിലുള്ള തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണം സംബന്ധിച്ച തല്‍സ്ഥിതി അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണത്തിന് നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ് ആയിരുന്നു. എന്നാല്‍, നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ് നല്‍കിയ ക്വട്ടേഷനെക്കാളും ഒരു കോടി 65 ലക്ഷം രൂപ അധികം തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ് ഉടമ മുഹമ്മദ് അലി നല്‍കിയ ഹര്‍ജിയിയില്‍ സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി സ്റ്റേ ചെയ്തതിനാല്‍ നിര്‍മാണ നടപടിയുമായി തങ്ങള്‍ മുന്നോട്ട് പോകുകയാണെന്ന് മുഹമ്മദ് അലിയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു.

കണ്ണൂരിലെ നിലവിലെ കോടതി പഴകിപൊളിഞ്ഞ അവസ്ഥയിലാണ്. പുതിയ കോടതി സമുച്ചയം പണിയുമ്പോള്‍ നിലവിലെ കോടതിയുടെ പ്രവര്‍ത്തനം മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടതാണ്. എന്നാല്‍ പുതിയ സ്ഥലം കണ്ടെത്തി തരുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടായി. നിലവിലെ കെട്ടിടം പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നതുവരെ നിര്‍മാണം അനുവദിക്കരുതെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തങ്ങള്‍ക്ക് അനുവദിച്ച കരാറാണെന്നും ഒരു സ്റ്റേ ഉത്തരവിന്റെ ബലത്തില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ അനുവദിക്കരുതെന്നും ഊരാളുങ്കല്‍ സൊസൈറ്റിയുടെ അഭിഭാഷകന്‍ വാദിച്ചു.

നിര്‍മ്മാണ നടപടികള്‍ സംബന്ധിച്ച തല്‍സ്ഥിതി എന്താണെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. ഇക്കാര്യം അന്വേഷിച്ച് പറയാമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയും, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയും കോടതിയെ അറിയിച്ചു. ജനുവരി രണ്ടാം വാരത്തിനുള്ളില്‍ തല്‍സ്ഥിതി സംബന്ധിച്ച വിവരം അറിയിക്കാന്‍ ആണ് കോടതി നിര്‍ദേശം. സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് ഹൈക്കോടതിയില്‍ സ്വീകരിച്ചതെങ്കിലും സുപ്രീം കോടതിയില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here