കര്‍ഷക ആത്മഹത്യകള്‍ക്ക് ഉത്തരവാദി പിണറായി സര്‍ക്കാരെന്ന് കെ സുരേന്ദ്രന്‍

0

കോട്ടയം: സംസ്ഥാനത്ത് നടക്കുന്ന കര്‍ഷക ആത്മഹത്യകള്‍ക്ക് ഉത്തരവാദി പിണറായി സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കര്‍ഷകരുടെ ആനുകൂല്ല്യങ്ങള്‍ സംസ്ഥാനം നിഷേധിക്കുന്നതാണ് ആത്മഹത്യകള്‍ തടരുന്നതിന് കാരണം. നരേന്ദ്രമോദി സര്‍ക്കാരിന്റെ കര്‍ഷക ക്ഷേമ പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നെല്‍കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ തുക നല്‍കുന്നില്ല. റബര്‍ കര്‍ഷകര്‍ക്ക് വാഗ്ദാനം ചെയ്ത തുക നല്‍കുന്നില്ല. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ മോദി സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധി സംസ്ഥാനത്ത് ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. നബാര്‍ഡ് വഴി കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്ന തുക കേരളത്തിലെ കര്‍ഷകര്‍ക്ക് എത്തുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് കര്‍ഷകരെ കഷ്ടത്തിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എല്‍ഡിഎഫ് ഏതാണ് യുഡിഎഫ് ഏതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നാണ് നവകേരളയാത്രയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത്. ഈ നിലപാടാണ് ഇപ്പോള്‍ കോണ്‍ഗ്രസും കൈക്കൊള്ളുന്നത്. ഇനിയും നവകേരളയാത്രയില്‍ നിന്നും കോണ്‍ഗ്രസ് മാറി നില്‍ക്കുന്നത് ശരിയല്ല. മാസപ്പടി കേസില്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസാണ്. ഭരണ-പ്രതിപക്ഷ സഹകരണമാണ് മാസപ്പടിയില്‍ കണ്ടത്.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന കേന്ദ്രവിരുദ്ധ പ്രചരണങ്ങള്‍ എല്ലാം കേന്ദ്രധനമന്ത്രിയുടെ കൃത്യമായ കണക്കുകള്‍ വെച്ചുള്ള അവതരണത്തോടെ പൊളിഞ്ഞ് പോയിരിക്കുകയാണ്. കേരളത്തിന് കൊടുക്കാന്‍ ഒരു രൂപയുടെ കുടിശ്ശിക പോലുമില്ലെന്ന് വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാരും കേന്ദ്ര ധനകാര്യ മന്ത്രിയും അസന്നിഗ്ധമായി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു കഴിഞ്ഞതോടെ ഇടതു സര്‍ക്കാരിന്റെ കള്ളക്കളി പുറത്തായിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here