ഗവര്‍ണറുടേത് നാലാംകിട പെരുമാറ്റം, വിമര്‍ശിച്ച് ; എം ബി രാജേഷ്

0

ആലപ്പുഴ: എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണത്തെ വിമര്‍ശിച്ച് മന്ത്രി എം ബി രാജേഷ്. കരിങ്കൊടി കാണിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും കരിങ്കൊടി കാണിച്ചപ്പോള്‍ മുഖ്യമന്ത്രി വണ്ടി നിര്‍ത്തി ഇറങ്ങിയിട്ടുണ്ടോ എന്നും എം ബി രാജേഷ് ചോദിച്ചു. ഗവര്‍ണര്‍ വീണ്ടും വെല്ലുവിളിച്ചിരിക്കുകയാണ്. ഇത് എന്തൊരു അപചയമാണെന്നും അധപതനമാണെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറുടെ ഭാഗത്തുനിന്നുമുണ്ടായത് നാലാംകിട പെരുമാറ്റമാണെന്നും അദ്ദേഹം ആരോപിച്ചു.

വണ്ടിപ്പെരിയാല്‍ കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന് വിധിച്ചതിലും മന്ത്രി പ്രതികരണമറിയിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി ഉണ്ടാകും. വാളയാര്‍ കേസില്‍ സര്‍ക്കാര്‍ സമീപനം നമ്മള്‍ കണ്ടതാണ്. കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കും. വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാനാവില്ല. എല്ലാ പ്രതികള്‍ക്കും ശിക്ഷ ലഭിക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. മുന്‍പ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസമുണ്ടായ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് എം ബി രാജേഷ് ഉന്നയിച്ചത്. പാസ് കൊടുത്ത ബിജെപി എംപിക്കെതിരെ എന്ത് നടപടിയാണ് എടുക്കുന്നത് എന്ന് കാണട്ടെയെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ കഴിവില്ലായ്മ ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടുതവണയാണ് പാര്‍ലമെന്റ് ആക്രമിക്കപ്പെട്ടത്. രണ്ടും ബിജെപി ഭരണത്തിന്‍ കീഴിലായിരുന്നു. സുരക്ഷാ വീഴ്ച പോലും തടയാന്‍ കഴിയാത്ത ആളുകള്‍ക്ക് എങ്ങനെ രാജ്യത്തെ രക്ഷിക്കാന്‍ കഴിയുമെന്നും മന്ത്രി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here