48 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് മുഹമ്മദ് ഷമി, നോക്കൗട്ടില്‍ ഒരു ബൗളറുട ഏറ്റവും മികച്ച പ്രകടനം

0

ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ ലോകകപ്പിന്റെ ഫൈനലിലേക്കു കുതിച്ചപ്പോള്‍ ഹീറോയായത് മുഹമ്മദ് ഷമിയായിരുന്നു. ഇന്ത്യ നല്‍കിയ റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്കു പറക്കാന്‍ ശ്രമിച്ച കിവികളുടെ ചിറകരിഞ്ഞു വീഴ്ത്തിയത് അദ്ദേഹമാണ്. കരിയര്‍ ബെസ്റ്റ് ബൗളിങ് പ്രകടനവുമായി മുംബൈയിലെ വാംഖഡെയില്‍ ഷമി ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറി. ഏഴു വിക്കറ്റുകളാണ് അദ്ദേഹം പോക്കറ്റിലാക്കിയത്. 9.5 ഓവറില്‍ 57 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഏഴു പേരെ ഷമി പുറത്താക്കിയത്.

ഡെവന്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്ല്യംസണ്‍, ഡാരില്‍ മിച്ചെല്‍, ടോം ലാതം, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരായിരുന്നു ഷമിയുടെ ഇരകള്‍. സെമിയിലെ യഥാര്‍ഥ പോരാട്ടം ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലായിരുന്നില്ല, മറിച്ച് ഷമിയും ന്യൂസിലാന്‍ഡും തമ്മിലായിരുന്നുവെന്നു പറയേണ്ടി വരും. ഈ മാജിക്കല്‍ പ്രകടനത്തോടെ ഒരു വമ്പന്‍ ലോക റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്.

ലോകകപ്പിന്റെ ചരിത്രത്തില്‍ നോക്കൗട്ട് മല്‍സരത്തില്‍ ഒരു ബൗളറുടെ എക്കാലത്തെയു മികച്ച പ്രകടനമാണ് ഷമി തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്. 48 വര്‍ഷമുള്ള റെക്കോര്‍ഡ് അദ്ദേഹം പഴങ്കഥയാക്കുകയായിരുന്നു. നേരത്തേ നോക്കൗട്ടില്‍ ഒരു ബൗളറുടെ എക്കാലത്തെയു മികച്ച പ്രകടനം ഓസ്‌ട്രേലിയയുടെ ഗാരി ഗില്‍മോറിന്റെ പേരിലായിരുന്നു.

1975ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു അദ്ദേഹം ചരിത്രം കുറിച്ചത്. അന്നു 14 റണ്‍സിനു ആറു വിക്കറ്റുകളായിരുന്നു ഗില്‍മോര്‍ വീഴ്ത്തിയത്. ഇതാണ് ഏഴു വിക്കറ്റുകള്‍ പിഴുത് ഷമി തിരുത്തിയത്.

സെമിയില്‍ വിരാട് കോലിയും ശ്രേയസ് അയ്യരും കിടിലന്‍ സെഞ്ച്വറികള്‍ കുറിച്ചിരുന്നെങ്കിലും പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ഷമിയായിരുന്നു. ഏകദിന ക്രിക്കറ്റില്‍ തന്റെ ഫേവറിറ്റ് എതിരാളികള്‍ ന്യൂസിലാന്‍ഡ് തന്നയാണെന്നു ഈ പ്രകടനത്തോടെ അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ഇതു അഞ്ചാം തവണയാണ് കിവികള്‍ക്കെതിരേ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഷമി സ്വന്തമാക്കിയത്.

മറ്റു എല്ലാ ടീമുകള്‍ക്കെതിരേയും കൂടി നാലു തവണ മാത്രമേ അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. ഈ ലോകകപ്പില്‍ മൂന്നാം തവണയാണ് ഷമിക്കു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചത്. ഇത്രയും തവണ ടൂര്‍ണമെന്റില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഏക താരവും അദ്ദേഹം തന്നെയാണ്.

ഏഴു വിക്കറ്റ് നേട്ടത്തോടെ ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിലും ഷമി തലപ്പത്തേക്കു കയറിയിരിക്കുകയാണ്. ആദ്യത്തെ നാലു മല്‍സരങ്ങളിലും പുറത്തിരുന്ന ശേഷമാണ് അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചത്. പിന്നീട് ഷമിക്കു തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല.

5.01 ഇക്കോണമി റേറ്റില്‍ 23 വിക്കറ്റുകളാണ് ആറിന്നിങ്‌സുകളില്‍ നിന്നും ഷമി പോക്കറ്റിലാക്കിയത്. മൂന്നു ഫൈഫറുകളും ഒരു നാലു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടും. സെമിയില്‍ 57 റണ്‍സിനു ഏഴു വിക്കറ്റുകള്‍ പിഴുതതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം.

വിക്കറ്റ് വേട്ടയില്‍ ഷമിക്കു പിന്നില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപയാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 22 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 5.266 ഇക്കോണമി റേറ്റിലാണിത്.

മൂന്നു തവണ സാംപ നാലു വിക്കറ്റ് നേട്ടം കൈവരിച്ചെങ്കിലും ഒരു ഫൈഫര്‍ പോലും ഇനിയും സ്വന്തമാക്കാനായിട്ടില്ല. 21 വിക്കറ്റുകളുമായി ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ദില്‍ഷന്‍ മധുഷങ്കയാണ് സാംപയ്ക്കു പിന്നില്‍ മൂന്നാംസ്ഥാനത്ത്. ഷമിയെക്കൂടാതെ മറ്റൊരു ഇന്ത്യന്‍ ബൗളര്‍ കൂടി ടോപ്പ് ഫൈവില്‍ ഇടം പിടിച്ചിട്ടുണ്ട്. അതു സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്.

18 വിക്കറ്റുകളുമായി അദ്ദേഹം ലിസ്റ്റില്‍ നാലാംസ്ഥാനത്തു നില്‍ക്കുകയാണ്. 10 മല്‍സരങ്ങളില്‍ നിന്നാണിത്. ഇക്കോണമി റേറ്റില്‍ ബുംറ (3.98) മറ്റു ബൗളര്‍മാരെയെല്ലാം നിഷ്പ്രഭരാക്കുകയും ചെയ്തു, ഒരു തവണയാണ് അദ്ദേഹം നാലു വിക്കറ്റ് നേട്ടം കൊയ്തിട്ടുള്ളത്

Leave a Reply