ന്യൂസിലാൻഡ് കളിച്ചത് ഷമിയോട് ! ആ പേടി സ്വപ്നം മറികടന്ന് ടീം ഇന്ത്യ; മൂന്നാം ലോക കിരീടമെന്ന വലിയ സ്വപ്‌നത്തിനും ഇന്ത്യക്കുമിടയില്‍ ഇനി ഒരൊയൊരു മല്‍സരം മാത്രം

0

ലോകകപ്പില്‍ ന്യൂസിലാന്‍ഡെന്ന ഏറ്റവും വലിയ പേടിസ്വപ്‌നത്തെയും അതിജീവിച്ച് ടീം ഇന്ത്യ ഫൈനലിലേക്കു ടിക്കറ്റെടുത്തിരിക്കുകയാണ്. മുമ്പൊരിക്കലും ഐസിസി നോക്കൗട്ടുകളില്‍ (സെമി/ ഫൈനല്‍) കിവികളെ തോല്‍പ്പിക്കാനായിട്ടില്ലാത്ത ടീമെന്ന ചീത്തപ്പേര് മായ്ച്ചാണ് രോഹിത് ശര്‍മയും സംഘവും വിശ്വ കിരീടത്തിനു കൈയെത്തുംദൂരത്ത് എത്തിയിരിക്കുന്നത്.

മൂന്നാം ലോക കിരീടമെന്ന വലിയ സ്വപ്‌നത്തിനും ഇന്ത്യക്കുമിടയില്‍ ഇനി ഒരൊയൊരു മല്‍സരം മാത്രം. ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക ഇവരില്‍ ആരാവും ഇന്ത്യയുടെ എതിരാളിയെന്നു മാത്രമാണ് ഇനി അറിയാനുള്ളത്. സെമിയില്‍ ന്യൂസിലാന്‍ഡിനെതിരേ ഒരു ഘട്ടത്തില്‍ ശരിക്കും വിറച്ച ശേഷമാണ് വിജയമെന്ന ലക്ഷ്യത്തിലേക്കു ഇന്ത്യ പൊരുതിക്കയറിയത്.

രോഹിത്തിന്റെ ഉജ്വല ക്യാപ്റ്റന്‍സിയാണ് കൈവിട്ടെന്നു തോന്നിയ മല്‍സരത്തിലേക്കു ഇന്ത്യയെ തിരികെ കൊണ്ടുവന്നത്. 398 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യം മറികടക്കുക അസാധ്യമാണെന്നു അറിയമായിരുന്നിട്ടും ന്യൂസിലാന്‍ഡ് നന്നായി പൊരുതിയാണ് കീഴടങ്ങിയത്.

രണ്ടു വിക്കറ്റുകള്‍ 39 റണ്‍സാവുമ്പോഴേക്കും വീണപ്പോള്‍ ഇന്ത്യ അനായാസം ജയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ നായകന്‍ കെയ്ന്‍ വില്ല്യംസണിനു കൂട്ടായി ഡാരില്‍ മിച്ചെല്‍ വന്നതോടെ ഇന്ത്യ പതറി. 181 റണ്‍സിന്റെ മികച്ച കൂട്ടുമായി ഇരുവരും കിവികളുടെ വിജയസാധ്യത വര്‍ധിപ്പച്ചു. ബൗളര്‍മാരെ രോഹിത് മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.

ശ്രദ്ധയോടെ കൂട്ടുകെട്ട് മുന്നോട്ടു കൊണ്ടുപോയ ഇവര്‍ മോശം ബോളുകളില്‍ പരമാവധി റണ്ണെടുക്കുകയും ചെയ്തു. 31 ഓവറുകള്‍ കഴിയുമ്പോള്‍ കിവികള്‍ രണ്ടിനു 213 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. അടുത്ത 19 ഓവറില്‍ എട്ടു വിക്കറ്റ് ബാക്കിനില്‍ക്കെ അവര്‍ക്കു ജയിക്കാന്‍ 185 റണ്‍സ് മതിയായിരുന്നു. അപ്രാപ്യമായ ലക്ഷ്യമായിരുന്നില്ല അത്.

ബൗളിങിലും ഫീല്‍ഡിങിലുമെല്ലാം ചില പിഴവുകള്‍ വരുത്തിയ ഇന്ത്യന്‍ താരങ്ങള്‍ അപ്പോള്‍ മാനസികമായി തീര്‍ത്തും തളര്‍ന്ന അവസ്ഥയിലായിരുന്നു. മല്‍സരം കൈവിട്ടു പോയതു പോലെയായിരുന്നു അവരുടെ ശരീരഭാഷ. ഈ സമയത്താണ് 31ാം ഓവറിനു ശേഷം ഡ്രിങ്ക്‌സ് ബ്രേക്ക് വരുന്നത്.

ഈ സമയത്ത് ടീമംഗങ്ങളെ മുഴുവന്‍ വിളിച്ചുചേര്‍ത്ത് രോഹിത് അവരോടു സംസാരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുകയായിരുന്നു. കളി ഇനിയും കൈവിട്ടുപോയിട്ടില്ലെന്നും കൈമെയ് മറന്നു പൊരുതിയാല്‍ ഫൈനലിലെത്താമെന്നും അദ്ദേഹം ടീമംഗങ്ങളെ ഓര്‍മിപ്പിക്കുകയും ആത്മവിശ്വാസം വര്‍ധിപ്പികുകയും ചെയ്തു.

രോഹിത്തിന്റെ ഈ പെപ് ടോക്ക് വെറുതെയായില്ല. ആറു മിനിറ്റിനകം (കളി പുനരാരംഭിച്ച് രണ്ടാം ഓവറില്‍) വില്ല്യംസണിനെ പുറത്താക്കി മുഹമ്മദ് ഷമിയിലൂടെ ഇന്ത്യ കളിയില്‍ നിര്‍ണായക ബ്രേക്ക്ത്രൂ സ്വന്തമാക്കി. 33ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ വില്ലിയെ ഷമിയുടെ ബൗളിങില്‍ സൂര്യകുമാര്‍ യാദവ് ബൗണ്ടറി ലൈനിന് അരികെ പിടികൂടുകയായിരുന്നു.

ഇതേ ഓവറില്‍ തന്നെ പുതുതായെത്തിയ ടോം ലാതമിനെ ഷമി പൂജ്യത്തിനു വിക്കറ്റിനു മുന്നില്‍ കുരുക്കുകയും ചെയ്ചതോടെ ഇന്ത്യ വിജയത്തിലേക്കു ചുവടു വയ്ക്കുകയായിരുന്നു. കിവികള്‍ വീണ്ടുമൊരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഡെത്ത് രോഹിത്തിന്റെ മാരക ക്യാപ്റ്റന്‍സി അവരുടെ കഥ കഴിക്കുകയും ചെയ്തു.

ബൗളര്‍മാര്‍ക്കു തന്ത്രമുപദേശിച്ചും ഫീല്‍ഡിങില്‍ മാറ്റങ്ങള്‍ വരുത്തിയുമെല്ലാം അദ്ദേഹം കളിയില്‍ സജീവമായിരുന്നു. 40 ഓവറുകള്‍ കഴിയുമ്പോള്‍ ന്യൂസിലാന്‍ഡ് നാലിന് 266 റണ്‍സെടുത്തിരുന്നു. അവസാന 10 ഓവറില്‍ ജയിക്കാന്‍ വേണ്ടത് 132 റണ്‍സ്. പക്ഷെ 61 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച ആറു വിക്കറ്റുകളും പിഴുത് ഇന്ത്യ 70 റണ്‍സിന്റെ ജയവുമായി ഫൈനലിലേക്കു കുതിക്കുകയായിരുന്നു.

Leave a Reply