സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി; അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെ സുധാകരൻ

0

 

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. കേരളത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രം പണം നല്കുന്നില്ലെന്നത് വ്യാജ പ്രചാരണമാണെന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമനും പരസ്പരം പഴിചാരുന്ന പശ്ചാത്തലത്തിലാണ് ആവിശ്യം.

 

കേരളത്തിന്റെ അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ ചിത്രം ജനങ്ങൾക്ക് അടിയന്തരമായി അറിയേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനങ്ങളുടെ ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നത്. ക്ഷേമ പെൻഷൻ നല്കാൻ മാത്രമായി പെട്രോളിയം ഉല്പന്നങ്ങൾക്ക് 2 രൂപ സെസ് ഏർപ്പെടുത്തി പിരിച്ച ശതകോടികൾ എവിടെപ്പോയി. ഈ തുക 27 കോടിയുടെ കേരളീയം പരിപാടിക്കും കോടികളുടെ നവകേരള സദസിനുമൊക്കെ വകമാറ്റിയിട്ടുണ്ടോ എന്ന് ധവളപത്രത്തിലൂടെ അറിയാൻ കഴിയും എന്നും സുധാകരൻ പറഞ്ഞു. നവകേരളം പരിപാടിക്ക് പണം മുടക്കുന്ന സ്വർണക്കച്ചവടക്കാർ, ബാറുടമകൾ, ക്വാറി ഉടമകൾ തുടങ്ങിയവരിൽനിന്ന് വലിയ തോതിൽ നികുതി പിരിച്ചെടുക്കാനുണ്ടെന്നു സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

 

കേന്ദ്രസംസ്ഥാന പദ്ധതികളിൽ ചാപ്പകുത്തി അതിനെ വോട്ടിനായി വിനിയോഗിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാകില്ല. ജനങ്ങൾക്ക് നല്കുന്ന ആനുകൂല്യങ്ങൾ ഒരു സർക്കാരിന്റേയും സൗജന്യമല്ല. അതീവ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന പ്രചാരണത്തിലെ നെല്ലും പതിരും തിരിച്ചറിയാൻ ധവളപത്രം അനിവാര്യമാണെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here