കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; പോലീസിനെയും നാട്ടുകാരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി

0

രാജ്യത്തിനാകെ സന്തോഷം പകർന്ന ദിനമായിരുന്നു ഇന്നലെ. രണ്ട് ആശ്വാസ വാർത്തകളാണ് നമുക്ക് മുന്നിലുള്ളത്. ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളിൽ എല്ലാവരേയും രക്ഷപ്പെടുത്താനായി എന്നതാണ് ഒരു കാര്യം. 400 മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിജയകരമായി ഇന്നലെ പൂർത്തിയായി. മനസ്ഥൈര്യം കൈവിടാതെ പ്രതിസന്ധിയെ അതിജീവിച്ച തൊഴിലാളികൾക്കും അതിസാഹസികമായ രക്ഷാപ്രവർത്തനം കൃത്യതയോടെ നടപ്പാക്കിയ ഉത്തരാഖണ്ഡ് അധികൃതർക്കും അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് നടന്ന വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്.

 

രണ്ടാമത്തേത് കൊല്ലം ഓയൂർ കാറ്റാടി മുക്കിൽ നിന്ന് കഴിഞ്ഞ ദിവസം തട്ടികൊണ്ട് പോയ ആറു വയസുകാരി അബിഗേൽ സാറയെ സുരക്ഷിതമായി കണ്ടെത്താൻ കഴിഞ്ഞതാണ് വലിയ ആശ്വാസമായത്. ഉദ്വേഗത്തിൻറെയും ആശങ്കയുടെയും നീണ്ട മണിക്കൂറുകൾക്ക് ഒടുവിലാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തുന്നത്. സംഭവം അറിഞ്ഞ നിമിഷം മുതൽ കുട്ടിയെ കണ്ടെത്താൻ ജാഗ്രതയോടെ അഹോരാത്രം പ്രവർത്തിച്ച പോലീസ് സേനാംഗങ്ങളേയും, നാട്ടുകാരെയും മറ്റെല്ലാവരെയും അഭിനന്ദിക്കുന്നു. മനോധൈര്യം കൈവിടാതെ പൊലീസിന് വിവരങ്ങൾ നൽകിയ സഹോദരൻ ജോനാഥിനും പ്രത്യേകം അഭിനന്ദനം അറിയിച്ചു. വിവരങ്ങൾ അതാത് സമയം എത്തിക്കുന്നതിലും അതിലൂടെ ജനങ്ങളെ ജാഗരൂകരാക്കുന്നതിലും മാധ്യമങ്ങൾ നല്ല പങ്കാണ് വഹിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കുറ്റവാളികളെ എത്രയും വേഗം പിടികൂടും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here