ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ മര്‍ദ്ദിച്ച കേസ്: 24 വര്‍ഷം ഒളിവില്‍ കഴിഞ്ഞ സ്ത്രീ അറസ്റ്റില്‍

0

ആലപ്പുഴ: 24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളിയായ വനിത ഒടുവില്‍ പിടിയില്‍. ചെറിയനാട് കടയിക്കാട് കവലക്കല്‍ വടക്കേതില്‍ സലിമിന്റെ ഭാര്യ സലീനയെയാണ് (രാധിക കൃഷ്ണന്‍-50) വെണ്‍മണി പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നും കൊല്ലകടവിലെ വീട്ടിലെത്തിയ പ്രതിയെ ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സലീനയും സലിമും ചേര്‍ന്ന് സലിമിന്റെ ആദ്യ ഭാര്യയെ മര്‍ദിച്ചതിന് 1999ല്‍ വെണ്‍മണി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കോടതിയില്‍ ഹാജരാകാതെ, തിരുവനന്തപുരം വെഞ്ഞാറമൂട് ഭാഗത്ത് ഏറെക്കാലം ഒളിവില്‍ കഴിഞ്ഞു. പിന്നീട് ഭര്‍ത്താവിനെ ഉപേക്ഷിച്ച് സലീന എന്ന പേര് ഗസറ്റ് വിജ്ഞാപനം വഴിമാറ്റി രാധിക കൃഷ്ണന്‍ എന്നാക്കി മാറ്റി. അതിനുശേഷം തിരുവനന്തപുരം, ശ്രീകാര്യം, പോത്തന്‍കോട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിച്ചു.

പലതവണ കോടതി പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് 2008ല്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയെ കുറിച്ച് വെണ്‍മണി പൊലീസിനു വിവരം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here