സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എറണാകുളത്തെ മലയോര മേഖലയില്‍ രാത്രിയാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

0

കൊച്ചി: കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ മലയോര മേഖലയില്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ എൻഎസ്കെ ഉമേഷ്. ഇന്ന് രാത്രി ഏഴ് മണി മുതൽ നാളെ രാവിലെ ആറ് മണി വരെയുള്ള യാത്രകള്‍ ഒഴിവാക്കാനാണ് നിര്‍ദേശം. മണ്ണിടിച്ചിൽ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കലക്ടർ പുറത്തുവിട്ട് അറിയിപ്പിൽ പറയുന്നു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇന്ന് തീവ്രമഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മഴയും കാറ്റും എല്ലാ ജില്ലകളിലും രാത്രിയിലും തുടരാൻ സാധ്യത. ഇടുക്കിയിൽ കനത്ത മഴയെ തുടർന്ന് ജില്ലാ കലക്ടർ ഷീബാ ജോര്‍ജ് രാത്രി യാത്ര ഒഴിവാക്കി ഉത്തരവിറക്കിയിരുന്നു.കൊച്ചി വടുതലയിൽ കാറിനു മുകളിലേക്ക് മരം കടപുഴകി വീണു. ആതിരപ്പിള്ളി തുമ്പൂർമുഴിയിൽ മുളംകൂട്ടം റോഡിലേക്ക് കടപുഴകി വീണ് ഗതാഗത തടസ്സമുണ്ടായി.അടുത്ത രണ്ടുദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നു. ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം, തൃശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വ്യാഴാഴ്ച വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Leave a Reply