ആർ.ഡി.ഒ.യ്ക്ക് 10,000 രൂപ പിഴയിട്ട് ഹൈക്കോടതി

0


കൊച്ചി: ഹൈക്കോടതി ഉത്തരവ് പാലിക്കാതിരുന്ന ആർ.ഡി.ഒ.യെ അതിരൂക്ഷമായി വിമർശിച്ച് പിഴയിട്ട് ഹൈക്കോടതി. ഹൈക്കോടതിയുടെ ഉത്തരവും അഡ്വക്കേറ്റ് ജനറൽ ഓഫീസിന്റെ നിർദേശവും പാലിക്കാൻ തയ്യാറാകാത്ത ഫോർട്ട്‌കൊച്ചി ആർ.ഡി.ഒ. പി. വിഷ്ണുരാജിനാണ് ഹൈക്കോടതി 10,000 രൂപ പിഴ ചുമത്തിയത്. ആർ.ഡി.ഒ സ്വന്തം കൈയിൽ നിന്നും പിഴയടക്കണം. ഒരു കാരണവശാലും സർക്കാർ ഖജനാവിൽ നിന്ന് ഇതിനായി പണം വിനിയോഗിക്കരുതെന്നും നിർദേശമുണ്ട്.

ഏഴു ദിവസത്തിനകം കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അഥോറിറ്റിയിൽ പിഴ അടയ്ക്കാനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടിരിക്കുന്നത്. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് എറണാകുളം കടുങ്ങല്ലൂർ സ്വദേശിയായ കെ.എ. സത്താർ നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.

ഭൂമി തരംമാറ്റുന്നതിനു 2017-ൽ ഹർജിക്കാരൻ നൽകിയ അപേക്ഷയിൽ രണ്ടു മാസത്തിനകം ഉത്തരവിറക്കാൻ 2021-ൽ ഹൈക്കോടതി ആർ.ഡി.ഒ.യ്ക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ആർഡിഒ ഈ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒരു വർഷത്തിലേറെക്കഴിഞ്ഞിട്ടും നടപടിയുണ്ടാവാതെ വന്നതോടെ ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയിലെത്തി. ഈ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടിയിട്ടും ആർ.ഡി.ഒ. നൽകിയില്ല. അഡ്വക്കേറ്റ് ജനറൽ (എ.ജി.) ഓഫീസിൽ നിന്ന് പലതവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ആർ.ഡി.ഒ. വിശദീകരണം നൽകിയില്ലെന്ന് സർക്കാർ അഭിഭാഷക കോടതിയിൽ ബോധിപ്പിച്ചു. തുടർന്നാണ് ആർ.ഡി.ഒ.യുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്.

നീതിനിർവഹണത്തെ ദുർബലപ്പെടുത്തുന്ന പ്രവൃത്തി
എ.ജി. ഓഫീസിൽ നിന്ന് പലകുറി ആവശ്യപ്പെട്ടിട്ടും വിശദീകരണം നൽകാത്ത ആർ.ഡി.ഒ.യുടെ നടപടി നീതിനിർവഹണ സംവിധാനത്തെ തന്നെ ദുർബലപ്പെടുത്തുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കോടതി ഉത്തരവുകൾ പാലിക്കാൻ ആർ.ഡി.ഒ. ബാധ്യസ്ഥനാണ്. കോടതിയുത്തരവ് ഉണ്ടായിട്ടും നടപടിയുണ്ടാകാത്തതിനാൽ ഹർജിക്കാരനു വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു.

എ.ജി. ഓഫീസിൽ നിന്ന് വിശദീകരണം തേടിയിട്ടും ആർ.ഡി.ഒ. നൽകാതിരുന്നത് അപകടകരമായ സാഹചര്യമാണ്. ഇത് ആവർത്തിച്ചാൽ വലിയ പ്രശ്‌നങ്ങളും കുഴപ്പങ്ങളുമുണ്ടാവും. കോടതിയും എ.ജി. ഓഫീസും ആവശ്യപ്പെട്ട കാര്യങ്ങളോട് ഉദ്യോഗസ്ഥൻ പ്രതികരിച്ചില്ലെങ്കിൽ കർശനമായ നടപടി എടുക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഹർജിക്കാരന്റെ കേസിൽ 14 ദിവസത്തിനകം ആർ.ഡി.ഒ. ഉത്തരവിറക്കാനും നിർദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here