കൊച്ചി വാട്ടർ മെട്രോയുടെ ടെർമിനൽ നിർമ്മാണത്തിൽ ക്രമക്കേടെന്ന് പരാതി

0

വൈപ്പിൻ: കൊച്ചി വാട്ടർ മെട്രോയുടെ ടെർമിനൽ നിർമ്മാണത്തിൽ ക്രമക്കേടെന്ന് പരാതി. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ, ബോൾഗാട്ടി ടെർമിനലുകളുടെ നിർമ്മാണത്തിൽ ക്രമക്കേട് നടന്നെന്നാണ് പരാതി. ഉപകരാർ ലഭിച്ച കമ്പനി ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയതെന്ന് ആരോപിച്ച് നിർമ്മാണ കമ്പനിയായ മേരി മാതാ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഫോർട്ട് കൊച്ചി പൊലീസിൽ പരാതി നൽകിയത്.

പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർ കെ മെഷീൻസ് ടൂൾസ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് പരാതി. ടെർമിനൽ നിർമ്മാണത്തിൽ ഉപകരാർ ലഭിച്ച കമ്പനി ഗുണമേന്മയില്ലാത്ത സ്റ്റീൽ ഉപയോഗിച്ചെന്നും ഇതുമൂലം ടെർമിനലിന്റെ റാഫ്റ്റിൽ വളവ് കണ്ടെത്തിയെന്നും പരാതിയിൽ പറയുന്നു. എന്നാൽ ആരോപണം തള്ളി കൊച്ചി വാട്ടർ മെട്രോ രംഗത്തെത്തി.

വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും സമയബന്ധിതമായി നിർമ്മാണം തുടങ്ങുന്നതിൽ പരാജയപ്പെട്ടതിനാൽ മേരി മാതാ ഇൻഫ്രസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡുമായുള്ള കരാറിൽ നിന്ന് മട്ടാഞ്ചേരി ടെർമിനലിനെ കെഎംആർഎൽ മുൻപ് തന്നെ വേർപെടുത്തിയിരുന്നുവെന്നും വാട്ടർ മെട്രോ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

Leave a Reply