പുതുപ്പള്ളിയിൽ റെക്കോഡിട്ട് ചാണ്ടി ഉമ്മൻ; ലീഡ് നില 34,000 കടന്നു

0

പുതുപ്പള്ളിയിൽ വമ്പൻ കുതിപ്പുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ കുതിപ്പ്. തുടക്കം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനായിരുന്നു ലീഡ്. ബസേലിയസ് കോളേജിൽ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 7.40ഓടെ സ്ട്രോങ് റൂം തുറന്നു. ആദ്യ ലീഡ് നില ചാണ്ടി ഉമ്മന് അനുകൂലം. സർവീസ് തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ചാണ്ടി ഉമ്മൻ (യുഡിഎഫ്), ജെയ്ക് സി തോമസ് (എൽഡി.എഫ്), ലിജിൻലാൽ (എൻഡിഎ) എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ. 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടിയുടെ വേർപാടിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഏറെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ വിജയപ്രതീക്ഷയിലാണ് ഇരുമുന്നണികളും. 25,000-32,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറിജയം ലഭിക്കുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. വോട്ട് കൂടുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫലസൂചന ലഭിക്കും. കടുത്ത മത്സരം നടന്ന 2021ല്‍ പോലും ഉമ്മൻ ചാണ്ടിക്ക് 1293 വോട്ടിന്‍റെ ഭൂരിപക്ഷം അയർക്കുന്നത്ത് കിട്ടിയിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യുഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. ലീഡ് 2000ൽ താഴെ പിടിച്ചുനിർത്താനാവുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും എണ്ണും. 14 മേശകളിൽ വോട്ടിങ് യന്ത്രവും 5 മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. ഇടിപിബിഎസ് വോട്ടുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്ക് നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ. തുടർന്ന് 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. അഞ്ചാം തീയതി നടന്ന വോട്ടെടുപ്പിൽ 72.86% പേർ വോട്ട് ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്. തപാൽ വോട്ടുകൾ കൂടാതെയുള്ള കണക്കാണിത്. 1,28,535 പേരാണ് വോട്ട് ചെയ്തത്. ആകെ ഏഴു സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here