തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിലെത്തുന്ന നാണയശേഖരം എണ്ണി തിട്ടപ്പെടുത്താൻ തിരുപ്പതി മോഡല്‍ യന്ത്ര സംവിധാനം ഉടൻ നടപ്പാകും. മിനിറ്റിൽ 300 നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി പായ്ക്കറ്റുകളായി തരംതിരിയ്ക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ പ്രവർത്തിക്കുന്ന കൗണ്ടിങ് മെഷീനാണ് സന്നിധാനത്ത് സ്ഥാപിക്കുന്നത്.
ദേവസ്വം ബോർഡ് പ്രസിഡന്റെ കെ അനന്തഗോപന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം തിരുപ്പതിയിലെത്തി യന്ത്ര സംവിധാനത്തെപറ്റി പഠിക്കുകയും കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്തു.
മൂന്ന് കോടി ചെലവ് പ്രതീക്ഷിക്കുന്ന ‘സ്പൂക്ക് ഫിഷ്’ എന്ന ബ്രാൻഡ് നാമമുള്ള യന്ത്രമാണ് സ്ഥാപിക്കുന്നത്. വിപണി ലക്ഷ്യമാക്കിയുള്ള ഉപകരണമല്ലാത്തതിനാൽ വിലയുടെ 60 ശതമാനം തുക മുൻകൂറായി നൽകിയാണ് ബെംഗളൂരു കേന്ദ്രമായ സ്പൂക് ഫിഷ് ഇന്നവേഷൻസ് എന്ന കമ്പനിയെ നിർമാണച്ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഏഴുമാസത്തിനകം നിർമാണം പൂർത്തിയാകും. കൗണ്ടിങ് മെഷീൻ വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനും സ്പോണ്‍സർമാരെ കണ്ടെത്താനും ബോർഡ് ശ്രമം നടത്തുന്നു