സംസ്ഥാനത്തു കാലവർഷം അതിശക്തം

0

സംസ്ഥാനത്തു കാലവർഷം അതിശക്തം. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരും. വടക്കൻ ജില്ലകളിലാകും മഴ ശക്തമാകുകയെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

കോട്ടയം, കാസർകോട്, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പിഎസ്‌സി പരീക്ഷകൾക്കു മാറ്റമില്ല. കണ്ണൂർ സർവകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

ഇടുക്കി ജില്ലയിൽ മലയോര മേഖലകളിലേക്ക് വൈകിട്ട് 7 മുതൽ രാവിലെ 6 വരെയുള്ള യാത്രകൾക്കു നിരോധനം തുടരുകയാണ്. എറണാകുളം ജില്ലയിൽ കണ്ണമാലി മേഖലയിലെ കടൽക്കയറ്റം തുടരുന്നു. പൊറുതിമുട്ടിയ ജനം മണിക്കൂറുകളോളം തീരദേശപാത ഉപരോധിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നു കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നൽകി. ഡാമുകൾ നിറഞ്ഞു കവിയുകയാണ്. ഇത് പ്രളയ ഭീതിയും സജീവമാക്കുന്നു.

ശക്തമായ മഴ 24 മുതൽ 36 മണിക്കൂർ വരെ തുടരുമെന്നാണ് പ്രവചനം. 12ന് മാത്രമേ പിന്നീട് മഴ ഉണ്ടാവൂ. മലയോര മേഖലകളിലുണ്ടായിട്ടുള്ള ശക്തമായ മഴ ഗൗരവത്തോടെ കാണണം. ഇതുവഴി മണ്ണ് വലിയ രീതിയിൽ മൃദുവാകാനും സോയിൽ പൈപ്പിങ് പോലുള്ള പ്രതിഭാസങ്ങൾക്കും മണ്ണിടിച്ചിലിനും കാരണമാവാനിടയുണ്ട്. അതുകൊണ്ട് ജാഗ്രത ആവശ്യമാണ്.

മഴക്കെടുതിയിൽ ഇന്നലെ 5 പേർ മരിച്ചു. കണ്ണൂർ പാനൂർ തൂവക്കുന്നിൽ ഒഴുക്കിൽപെട്ടു കാണാതായ 2 വിദ്യാർത്ഥികളിലൊരാളുടെ മൃതദേഹം കണ്ടെത്തി. കല്ലിക്കണ്ടി എൻഎഎം കോളജിലെ മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി സവാദ് (20) ആണു മരിച്ചത്. രണ്ടാമത്തെയാളെ കണ്ടെത്തിയിട്ടില്ല.

കോഴിക്കോട് വടകരയിൽ സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥി പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി മരിച്ചു. മണിയൂർ പഞ്ചായത്തിലെ മുതുവന കടയക്കൊടിയിൽ ഹമീദിന്റെ മകൻ മുഹമ്മദ് നിഹാൽ (17) ആണ് മരിച്ചത്. തെങ്ങ് വീണു പൊട്ടിയ കമ്പികൾ നിഹാലിന്റെ സൈക്കിളിൽ തട്ടുകയായിരുന്നു. തിരുവനന്തപുരത്തു 2 മരണം. പാറശാലയിൽ മഴയത്ത് മരത്തിന്റെ കൊമ്പ് മുറിക്കാൻ വീടിന്റെ പാരപ്പറ്റിൽ കയറിയ ചെറുവാരക്കോണം പുത്തൻ വീട്ടിൽ ചന്ദ്ര (68) വീണു മരിച്ചു. തൊളിക്കോട് ചെരുപ്പാണിയിൽ കുളത്തിൽ വീണ് വിതുര ഗവ. വിഎച്ച്എസ്സിയിലെ 10ാം ക്ലാസ് വിദ്യാർത്ഥി അക്ഷയ് (15) മരിച്ചു. തിരുവനന്തപുരം മുതലപ്പൊഴി തുറമുഖത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞു. ആളപായമില്ല.

കോട്ടയം അയ്മനം മുട്ടേൽ ഭാഗത്ത് ഗൃഹനാഥൻ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ചു. സ്രാമ്പിത്തറ ഭാനു (73) ആണു മരിച്ചത്. ഇന്നലെ ഉച്ചയോടെ കന്നുകാലിക്കു തീറ്റ നൽകാനായി പോകുമ്പോൾ വീടിനു സമീപത്തെ അഞ്ചടിയിലധികം താഴ്ചയുള്ള വെള്ളക്കെട്ടിലേക്കു കാൽവഴുതി വീഴുകയായിരുന്നു. കനത്ത മഴയിൽ ഭാനുവിന്റെ വീട്ടിൽ വെള്ളം കയറിയിരുന്നു. സംസ്‌കാരം ഇന്നു 3ന് വല്യാട് എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: ശാന്തമ്മ. മകൾ: അഖിലമോൾ. മരുമകൻ: കെ.എസ്.സുനിൽ.

LEAVE A REPLY

Please enter your comment!
Please enter your name here