ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ കെ സുധാകരന്റെ വാക്കുകൾ

0

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പോലെ ഇത്രയേറെ രാഷ്ട്രീയ എതിരാളികൾ വേട്ടയാടിയ ഒരു നേതാവ് കേരളത്തിൽ ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അദ്ദേഹത്തെ തരംതാണ രീതിയിൽ വേട്ടയാടിയവരെ വാക്കുകൊണ്ടുപോലും ഉമ്മൻ ചാണ്ടി വേദനിപ്പിച്ചില്ലെന്നും കെ സുധാകരൻ പറഞ്ഞു. അയ്യങ്കാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെയാണ് കെ സുധാകരന്റെ പ്രതികരണം.

വെറുപ്പിന്റെ പ്രചാരകരെ സ്‌നേഹം കൊണ്ട് നേരിട്ട രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തെക്കുറിച്ചുള്ള സത്യങ്ങൾ എല്ലാവർക്കും അറിയാമായിരുന്നു. അദ്ദേഹത്തെ തികഞ്ഞ ഗാന്ധിയനായി താൻ കരുതുന്നു. ഒരു വലിയ ഉത്തരവാദിത്തം തങ്ങളെ ഏൽപ്പിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഉമ്മൻ ചാണ്ടിയാകുക എന്നതായിരിക്കണം എല്ലാ പൊതുപ്രവർത്തകരുടെ ലക്ഷ്യവും സ്വപ്‌നവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘എന്റെ ജില്ലയായ കണ്ണൂരിൽ വച്ച് ഉമ്മൻ ചാണ്ടിക്ക് കല്ലേറുണ്ടായ സംഭവം എനിക്ക് വലിയ ഞെട്ടലായിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ വികാരം ഒരു കടൽത്തിര പോലെ ഇളകിമറിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടി ഒരു സ്‌നേഹ വടി നീട്ടി അതിനെ തടഞ്ഞു. ദീർഘനാൾ ഒന്നിച്ച് പ്രവർത്തിക്കാൻ സാധിച്ച എനിക്ക് അദ്ദേഹം സഹോദരതുല്യമായ സ്‌നേഹമാണ് പകർന്നു നൽകിയത്’ കെ സുധാകരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here