പ്രധാനമന്ത്രിക്കെതിരെയുള്ള അധിക്ഷേപം അപകീർത്തി, രാജ്യദ്രോഹമല്ല’: കർണാടക ഹൈക്കോടതി

0

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുന്നത് രാജ്യദ്രോഹത്തിന് തുല്യമല്ലെന്ന് കർണാടക ഹൈക്കോടതി. പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുന്നത് അപകീർത്തികരവും നിരുത്തരവാദപരവുമാണ്. എന്നാൽ അതിനെ രാജ്യദ്രോഹ കുറ്റമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി. ഒരു സ്കൂൾ മാനേജ്‌മെന്റിനെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കിക്കൊണ്ടാണ് കോടതി പരാമർശം.

തങ്ങൾക്കെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ബിദറിൽ പ്രവർത്തിക്കുന്ന ‘ഷഹീൻ’ സ്‌കൂൾ മാനേജ്‌മെന്റ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മാനേജ്‌മെന്റ് ഉദ്യോഗസ്ഥരായ അല്ലാവുദ്ദീൻ, അബ്ദുൾ ഖാലിഖ്, മുഹമ്മദ് ബിലാൽ ഇനാംദാർ, മുഹമ്മദ് മഹ്താബ് എന്നിവർക്കെതിരെ ബിദാറിലെ ന്യൂ ടൗൺ പൊലീസ് സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡറാണ് ഹർജി പരിഗണിച്ചത്.

പ്രധാനമന്ത്രിയെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് പറയുന്നത് അപകീർത്തികരം മാത്രമല്ല, നിരുത്തരവാദപരവുമാണ്. സർക്കാർ നയത്തെ ക്രിയാത്മകമായി വിമർശിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ ഭരണഘടനാപദവികള്‍ വഹിക്കുന്നവരെ നയത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തുന്നത് അനുവദിക്കാനാവില്ല. മതവിഭാഗങ്ങള്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട 153 എ വകുപ്പിനെ ഇതുമായി ബന്ധിപ്പിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here