ഹയര്‍ സെക്കന്‍ഡറി : പഠിക്കാന്‍ കുട്ടികളില്ല; ആര്‍ട്‌സ്, കൊമേഴ്‌സ് ബാച്ചുകള്‍ പ്രതിസന്ധിയില്‍

0


കൊച്ചി : ആര്‍ട്‌സ്‌, കൊമേഴ്‌സ്‌ വിഭാഗത്തില്‍ വിദ്യാര്‍ഥികളില്ലാത്തതിനാല്‍ ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍.
ഒരോ ബാച്ചിലും പത്തു സീറ്റുകള്‍ കൂട്ടിയതോടെ മിക്കവരും സയന്‍സ്‌, കമ്പ്യൂട്ടര്‍ ഗ്രൂപ്പ്‌ തെരഞ്ഞെടുത്തതോടെ ഹ്യുമാനിറ്റീസ്‌ ബാച്ചില്‍ ചേര്‍ന്നവര്‍ നാമമാത്രം. ഒരു ബാച്ചില്‍ ചുരുങ്ങിയതു 25 കുട്ടികള്‍ വേണം. നിരവധി സ്‌കൂളുകളില്‍ ആര്‍ട്‌സ്‌, കൊമേഴ്‌സ്‌ വിഭാഗത്തില്‍ കുട്ടികള്‍ 15 ല്‍ താഴെയാണ്‌. ഇതോടെ ഈ ബാച്ചുകള്‍ നിര്‍ത്തേണ്ട സ്‌ഥിതിയാണ്‌. വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. അതേസമയം, വി.എച്ച്‌.എസ്‌.സി.യില്‍ 15 കുട്ടികള്‍ മതി.
ഇക്കുറി സയന്‍സ്‌ ഗ്രൂപ്പില്‍ മിക്കവരും ജയിച്ചു. വിജയ ശതമാനം കുറവുള്ള കണക്കിനു പ്രാക്‌ടിക്കല്‍ ഉള്‍പ്പെടുത്തിയതാണു കാരണം. മാത്രമല്ല, കണക്കില്‍ പരമാവധി ലിബറല്‍ വാല്യുവേഷന്‍ നടത്താന്‍ മാത്‌സ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍ നിര്‍ദ്ദേശം നല്‍കിയതും സയന്‍സ്‌ വിഭാഗത്തില്‍ ഇക്കുറി വിജയശതമാനം ഉയരാന്‍ കാരണമായി. ഇതും സയന്‍സ്‌ ഗ്രൂപ്പിലേയ്‌ക്കു കുട്ടികളെ ആകര്‍ഷിക്കാന്‍ കാരണമായി. നിര്‍ബന്ധമായും സീറ്റ്‌ വര്‍ധിപ്പിക്കണമെന്നു നിര്‍ദ്ദേശം നല്‍കിയതോടെ അപേക്ഷിച്ച മിക്കവര്‍ക്കും ആഗ്രഹിച്ച സയന്‍സ്‌ ഗ്രൂപ്പ്‌ ലഭിച്ചു. അതോടെ ആര്‍ട്‌സ്‌, കൊമേഴ്‌സ്‌ വിഭാഗത്തില്‍ കുട്ടികള്‍ കുത്തനെ കുറഞ്ഞു. ഒരു ബാച്ചിലെ സീറ്റ്‌ എണ്ണം 50 ല്‍ നിന്നു 60 ആയതോടെ പഠനാന്തരീക്ഷത്തെ ബാധിക്കുമെന്നും വിമര്‍ശനമുണ്ട്‌.ഒരു എ പ്ലസ്‌ കിട്ടിയ കുട്ടിക്കുവരെ ഇക്കുറി സയന്‍സ്‌ ഗ്രൂപ്പില്‍ പ്രവേശനം കിട്ടി. എറണാകുളം ജില്ലയില്‍ കഴിഞ്ഞവര്‍ഷം ആര്‍ട്‌സ്‌ വിഭാഗത്തില്‍ 1342 സീറ്റാണു ഒഴിഞ്ഞുകിടന്നത്‌.
പത്തനംതിട്ട ജില്ലയില്‍ മിക്കവാറും ഗവ. സ്‌കൂളുകളില്‍ ഇതാണു സ്‌ഥിതി. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഈ ബാച്ചുകള്‍ ഇല്ലാതാവും. കുട്ടികളെ മറ്റു സ്‌കൂളുകളിലേക്കു മാറ്റേണ്ടി വരും. എറണാകുളം ജില്ലയില്‍ പിറവം മേഖലയിലെ അഞ്ചു ഗവ. സ്‌കൂളുകളില്‍ ഹ്യുമാനിറ്റീസിനു 20 ല്‍ താഴെയാണു കുട്ടികള്‍. കഴിഞ്ഞവര്‍ഷവും ഇതായിരുന്നു സ്‌ഥിതി.
വിജയശതമാനവും സൗകര്യങ്ങളും കുറവുള്ള സ്‌കൂളുകളുടെ അവസ്‌ഥ ഏറെ പരിതാപകരമാണ്‌. അതേസമയം, മികച്ച സ്‌കൂളുകളിലേയ്‌ക്കു കുട്ടികളുടെ തള്ളിക്കയറ്റമാണ്‌. ഇത്തരം സ്‌കൂളുകളില്‍ സയന്‍സ്‌ ഗ്രൂപ്പ്‌ ലഭിക്കാന്‍ മാനേജ്‌മെന്റ്‌് സീറ്റിനു 40,000 മുതല്‍ 75,000 രൂപ വരെ ഇക്കുറി വാങ്ങിയ മാനേജ്‌മെന്റുകളുണ്ട്‌. സയന്‍സ്‌ ബാച്ചിലെ 180 കുട്ടികളില്‍ 120 പേരും ഫുള്‍ എ പ്ലസ്‌ കിട്ടിയവരാണ്‌.
മതിയായ കുട്ടികളില്ലാത്ത ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ വടക്കന്‍ ജില്ലകളിലേക്കു മാറ്റണമെന്നാണ്‌ ഹയര്‍സെക്കന്‍ഡറി ബാച്ച്‌ പുനഃക്രമീകരണം സംബന്ധിച്ചു പഠനം നടത്തിയ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ കമ്മറ്റി കഴിഞ്ഞ മേയില്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ നല്‍കിയത്‌. അതേസമയം, മൂന്നു ഹ്യുമാനിറ്റീസ്‌ ബാച്ചുള്ള സ്‌കൂളുകള്‍ മലപ്പുറം ജില്ലയിലുണ്ട്‌. ഇവിടെയൊന്നും സീറ്റ്‌ ഒഴിവില്ല.

സി.ബി.എസ്‌.ഇ. സ്‌കൂളുകളില്‍ കൊഴിഞ്ഞുപോക്ക്‌ കുറഞ്ഞു

അതേസമയം, ഈ വര്‍ഷം സി.ബി.എസ്‌.ഇ. സ്‌കൂളുകളില്‍നിന്നു സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളകളിലേയ്‌ക്കു കുട്ടികള്‍ മാറുന്നതു വന്‍തോതില്‍ കുറഞ്ഞു. 10, 12 ക്ലാസുകളില്‍ ഇക്കുറി കുട്ടികള്‍ക്കെല്ലാം മികച്ച മാര്‍ക്കു ലഭിച്ചതാണു കാരണം. സി.ബി.എസ്‌.ഇ. സിലബസില്‍ മാര്‍ക്ക്‌ കുറയുമെന്ന ധാരണ ഉണ്ടായിരുന്നു. മാത്രമല്ല, മേയില്‍തന്നെ സി.ബി.എസ്‌.ഇ. സ്‌കൂളുകള്‍ ക്ലാസ്‌ ആരംഭിക്കുകയും ചെയ്‌തു.
കുട്ടികളുടെ കൊഴിഞ്ഞുപോക്ക്‌ കൂടിയതോടെ സി.ബി.എസ്‌.ഇ. സ്‌കൂളുകളുടെ നിലനില്‍പുതന്നെ അവതാളത്തിലാകുമെന്ന സ്‌ഥിതിയായിരുന്നു. ഇതോടെ ഉദാരമായി മാര്‍ക്കു നല്‍കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ അധ്യാപകര്‍ക്കു നിര്‍ദ്ദേശം നല്‍കിയതാണു വിവരം. ഇതും സി.ബി.എസ്‌.ഇ. വിഭാഗത്തില്‍ മികച്ച മാര്‍ക്കു കിട്ടാന്‍ കാരണമായി.

LEAVE A REPLY

Please enter your comment!
Please enter your name here