കോട്ടയം : വേമ്പനാട്ട് കായലിന്റെ വിസ്‌തൃതിയും മഴസംഭരണശേഷിയും കുറഞ്ഞതു കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ജനജീവിതം ദുസ്സഹമാക്കുന്നു. മഴ കനത്ത് ഒരാഴ്‌ചയ്‌ക്കുശേഷം മാത്രം അനുഭവപ്പെട്ടിരുന്ന വെള്ളപ്പൊക്കം ഇപ്പോള്‍ ഒറ്റമഴയില്‍ത്തന്നെ സംഭവിക്കുന്നതു വേമ്പനാട്ട് കായലിന്റെ സംഭരണശേഷി കുറഞ്ഞതിനാലാണെന്നു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. വേമ്പനാട്ട് കായല്‍ പകുതിയോളം നികത്തപ്പെട്ടെന്നു കേരള ഫിഷറീസ്-സമുദ്രപഠന സര്‍വകലാശാല(കുഫോസ്)യുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ഒമ്പത് മീറ്റര്‍ വരെ ആഴമുണ്ടായിരുന്ന കായലാഴം ഇപ്പോള്‍ ഒന്നരമുതല്‍ മൂന്ന് മീറ്റര്‍ വരെയാണ്. കായലിലേക്കെത്തുന്ന നദികളുടെ ആഴം 7-10 മീറ്റര്‍ വരെയും. ജലനിരപ്പിലുള്ള ഈ വ്യത്യാസം നദികളില്‍നിന്നു കായലിലേക്കു വെള്ളമിറങ്ങാനും തടസമാകുന്നു. വന്‍തോതിലുള്ള കൈയേറ്റവും നശീകരണവും മൂലം വേമ്പനാട്ട് കായലിന്റെ ജലസംഭരണശേഷി 120 വര്‍ഷം കൊണ്ട് 85.3% കുറഞ്ഞെന്നാണു കുഫോസ് പഠന റിപ്പോര്‍ട്ട്. 1900-ല്‍ 2617. 5 മില്യന്‍ ക്യുബിക് മീറ്ററായിരുന്ന സംഭരണശേഷി 2020-ല്‍ 387.87 മില്യണ്‍ ക്യുബിക് മീറ്ററായി കുറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കുഫോസിലെ സെന്റര്‍ ഫോര്‍ അക്വാട്ടിക് റിസോഴ്‌സസ് മാനേജ്‌മെന്റ് ആന്‍ഡ് കണ്‍സര്‍വേഷനാണ് അഞ്ചുവര്‍ഷംകൊണ്ട് പഠനം പൂര്‍ത്തിയാക്കിയത്. 120 വര്‍ഷത്തിനുള്ളില്‍ 158.7 ചതുരശ്ര കിലോമീറ്റര്‍ കായല്‍ (43.5%) നികത്തപ്പെട്ടു. 1900-ല്‍ 365 ചതുരശ്ര കിലോമീറ്ററായിരുന്ന കായല്‍ വിസ്‌തൃതി 2020-ല്‍ 206.30 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു.
മാലിന്യങ്ങളടിഞ്ഞ് കായലിന്റെ ആഴം ഗണ്യമായി കുറഞ്ഞു. അടിത്തട്ടിലുള്ള മാലിന്യത്തില്‍ 3005 ടണ്‍ പ്ലാസ്‌റ്റിക്കാണ്. തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്കുഭാഗത്ത് 1930-ല്‍ ശരാശരി എട്ട് മീറ്റര്‍ ആഴമുണ്ടായിരുന്നത് ഇപ്പോള്‍ 1.8 മീറ്ററായി കുറഞ്ഞു. വടക്ക് ശരാശരി ആഴം 8.5 മീറ്ററായിരുന്നു. ഇപ്പോള്‍ 2.87 മീറ്റര്‍. വേമ്പനാട്ട് കായലില്‍ പതിക്കുന്ന മീനച്ചില്‍, പമ്പ, അച്ചന്‍കോവില്‍ നദീതടങ്ങളിലും കുട്ടനാട്ടിലും പ്രളയം രൂക്ഷമാക്കിയതു കായലില്‍നിന്നു വെള്ളം പുറത്തേക്കൊഴുകേണ്ട കനാലുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതുകൊണ്ടാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. കായലിന്റെ സംഭരണശേഷി വര്‍ധിപ്പിക്കുക മാത്രമാണു വെള്ളപ്പൊക്കത്തിനുള്ള ശാശ്വതപരിഹാരം.