ഒരു ഭാഗത്ത് തമ്പടിച്ച് കാട്ടാനകൾ, മറുഭാഗത്ത് കരകവിഞ്ഞ് പുഴ… ഒറ്റപ്പെട്ട് ആറാട്ട്കടവ് കോളനി നിവാസികൾ

0

ചെറുപുഴ∙ മഴ ശക്തമായതോടെ ആറാട്ട്കടവ് കോളനി നിവാസികൾ തീർത്തും ഒറ്റപ്പെട്ട നിലയിലായി. ഒരു ഭാഗത്തു കുലംകുത്തി ഒഴുകുന്ന തേജസ്വിനിപ്പുഴയും മറുഭാഗത്തു കർണാടക വനത്തിൽ നിന്നുമുള്ള കാട്ടാനകളും എത്തിയതോടെ കോളനി നിവാസികൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയാണ്. ആറാട്ടുകടവിലെ 5 കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 12 പേരാണു പുറത്തിറങ്ങാനാവാതെ കോളനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നത്.

വേനൽക്കാലത്ത് പുഴ കടന്നും കർണാടക വനത്തിലൂടെ നടന്നുമാണു ഇവർ പുറംലോകവുമായി ബന്ധപ്പെടുന്നത്. എന്നാൽ കാലവർഷം ശക്തമായതോടെ പുഴയിൽ നീരൊഴുക്ക് ശക്തമാകുകയും റോഡിൽ കാട്ടാനക്കൂട്ടം തമ്പടിപ്പിക്കുകയും ചെയ്തതോടെ ഇവർക്ക് പുത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. രാജഗിരിയിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാന സമീപത്തു തന്നെ തമ്പടിച്ചതായി സംശയമുണ്ട്. ഇതോടെ കോളനി നിവാസികൾ കടുത്ത ഭയപ്പാടിലാണു ഇവിടെ കഴിയുന്നത്. വീടുകളിൽ ശേഖരിച്ചുവച്ചിരുന്ന ഭക്ഷണ സാധനങ്ങളെല്ലാം ഏറെക്കുറെ തീരാറായതായി കോളനി നിവാസികൾ പറഞ്ഞു.

സാധാരണ മഴക്കാലത്തും വനത്തിനുള്ളിലൂടെ നടന്നു പുളിങ്ങോം ടൗണിലെത്തി ആവശ്യങ്ങൾ നിറവേറ്റി തിരിച്ചു പോകുകയാണ് പതിവ്. എന്നാൽ ഈ വർഷം മഴയുടെ തുടക്കത്തിൽ തന്നെ കാട്ടാനകൾ റോഡരികിൽ തമ്പടിച്ചിരുന്നു. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ കാട്ടാനകൾ കാട്ടിൽ കയറാതെ സമീപത്തു തന്നെ നിലയുറപ്പിക്കാനാണു സാധ്യത. കോളനി നിവാസികളെ മാറ്റി പാർപ്പിക്കാൻ പെരിങ്ങോത്ത് വീടുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. ഇനി മഴക്കാലത്തിനു ശേഷം മാത്രമേ ഇവർക്ക് പുതിയ വീടുകളിലേക്ക് മാറാൻ സാധിക്കൂ. കോളനി നിവാസികളുടെ ദുരവസ്ഥ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നു നടപടി ഉണ്ടാകണം.

Leave a Reply