ലഹരിക്കേസ്‌ പിന്‍വലിക്കണമെന്ന്‌ എക്‌സൈസ്‌ കോടതിയില്‍

0


തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിക്കെതിരേ എടുത്ത ലഹരിക്കേസ്‌ പിന്‍വലിക്കാന്‍ എക്‌സൈസ്‌ സെഷന്‍സ്‌ കോടതിയില്‍ ഹര്‍ജി നല്‍കി. ബ്യൂട്ടിപാര്‍ലറില്‍നിന്നു പിടിച്ചെടുത്തതു എല്‍.എസ്‌.ഡി സ്‌റ്റാമ്പ്‌ അല്ലെന്നു ഫോറന്‍സിക്‌ പരിശോധനാഫലം വന്നതിനെത്തുടര്‍ന്നാണിത്‌. കേസ്‌ തെറ്റായ വിവരങ്ങളുടെ അടിസ്‌ഥാനത്തിലുള്ളതായിരുന്നെന്നു എക്‌സൈസ്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കേസില്‍ വ്യാജവിവരം നല്‍കിയവരെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നു പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍ അറിയിച്ചു.
അതിനിടെ, കേസിലെ മഹസറും ഉദ്യോഗസ്‌ഥന്റെ മൊഴിയും തമ്മില്‍ വൈരുധ്യം കണ്ടെത്തിയത്‌ ദുരൂഹമായി. ഷീലയുടെ വാഹനം തടഞ്ഞ്‌ പരിശോധിച്ചെന്നാണു മഹസറില്‍ പറയുന്നത്‌. എന്നാല്‍ കേസ്‌ അന്വേഷിച്ച ഇരിങ്ങാലക്കുട എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കെ. സതീശന്റെ മൊഴിയെടുത്തപ്പോള്‍ കടയില്‍ കയറി പരിശോധന നടത്തിയെന്നാണ്‌ പറയുന്നത്‌. ഈ വൈരുധ്യം ക്രൈംബ്രാഞ്ച്‌ പരിശോധിക്കും. സതീശന്‍ സസ്‌പെന്‍ഷനിലാണ്‌.
ഉദ്യോഗസ്‌ഥന്റെ ഫോണ്‍ പരിശോധനയ്‌ക്ക്‌ അയയ്‌ക്കും. ഷീലയുടെ കൈവശം എല്‍.എസ്‌.ഡി. ഉണ്ടെന്ന വാട്‌സാപ്പ്‌ കോള്‍ ലഭിച്ചത്‌ സതീശന്റെ ഔദ്യോഗിക ഫോണിലാണ്‌. ഷീലയെ അറസ്‌റ്റ്‌ ചെയ്‌ത സ്‌ഥലത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ മഹസറുമായി യോജിച്ചുപോകുന്നില്ലെന്നും എക്‌സൈസ്‌ ക്രൈംബ്രാഞ്ച്‌ ജോയിന്റ്‌ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലഹരിയെന്ന പേരില്‍ കണ്ടെടുത്തവ പേപ്പര്‍ സ്‌റ്റാമ്പുകളാണെന്ന ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌ ലഭിച്ച്‌ ഒന്നര മാസത്തോളം എക്‌സൈസ്‌ ഇക്കാര്യം മറച്ചുവച്ചതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയര്‍ന്നു. ഷീല സണ്ണിയുടെ ഫോണും സ്‌കൂട്ടറും തിരിച്ചു നല്‍കാന്‍ വൈകുന്നതും സംശയാസ്‌പദമാണ്‌. ഫെബ്രുവരി 27 നാണ്‌ 12 എല്‍.എസ്‌.ഡി സ്‌റ്റാമ്പ്‌ കണ്ടെടുത്തുവെന്ന കേസില്‍ ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണി പടിയിലായത്‌. 72 ദിവസത്തിനു ശേഷം ഹൈക്കോടതി ജാമ്യത്തില്‍ ഇവര്‍ പുറത്തിറങ്ങി. മെയ്‌ 12 ന്‌ എല്‍.എസ്‌.ഡി അല്ലെന്ന പരിശോധനാഫലം വന്നെങ്കിലും എക്‌സൈസ്‌ മൂടിവെച്ചു. അഭിഭാഷന്‍ മുഖേനയാണ്‌ പരിശോധനാഫലം പോലും ലഭിച്ചത്‌. നീതി നടപ്പാക്കാന്‍ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ ഒന്നും ചെയ്‌തിട്ടില്ലെന്ന്‌ ഷീല പറയുന്നു.
എക്‌സൈസിന്‌ എതിരേ മാനനഷ്‌ടത്തിനു കേസ്‌ ഫയല്‍ചെയ്ും. എല്‍.എസ്‌.ഡി.യ ഉണ്ടെന്ന്‌ വിവരം നല്‍കിയ വ്യക്‌തിയെക്കുറിച്ചുക്രൈംബ്രാഞ്ച്‌ അന്വേഷണം തുടരും. വ്യാജ കേസ്‌ ചമയ്‌ക്കാന്‍ എക്‌സൈസ്‌ ഉദ്യോഗസ്‌ഥന്‍ കൂട്ടുനിന്നുവോ എന്ന കാര്യത്തിലും വിശദാന്വേഷണമുണ്ടാകും. ഷീലയുടെ ബംഗളൂരുവിലുള്ള ബന്ധുക്കളെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുന്നുണ്ട്‌. പത്രവാര്‍ത്തകളുടെ അടിസ്‌ഥാനത്തില്‍ മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസ്‌ എടുത്തിരുന്നു.
15 ദിവസത്തിനകംറിപ്പോര്‍ട്ട്‌ നല്‍കാന്‍ കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി പോലീസിനു നിര്‍ദേശം നല്‍കി. ഷീല അറസ്‌റ്റിലായതോടെ ബ്യൂട്ടിപാര്‍ലര്‍ അടച്ച്‌ പൂട്ടിയിരുന്നു. ഇതു തുറക്കാന്‍ മലപ്പുറം കല്‍പ്പകഞ്ചേരി ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്‌റ്റിന്‌ കീഴിലുള്ള തണല്‍ സംഘടന മുന്നോട്ടുവന്നിട്ടുണ്ട്‌. തണല്‍ പ്രവര്‍ത്തകര്‍ സഹായ വാഗ്‌ദാനം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here