ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാറിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചതിൽ അതൃപ്തിയുമായി സിപിഐ

0

ഏക സിവിൽകോഡിനെതിരായ സിപിഐഎം സെമിനാറിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചതിൽ അതൃപ്തിയുമായി സിപിഐ. നിയമത്തിന്റെ കരട് പോലും ആകുന്നതിനു മുൻപു നടക്കുന്ന ചർച്ചകൾ അനാവശ്യമെന്നാണ് സിപിഐ നിലപാട്. ലീഗിനുള്ള ക്ഷണവും തുടർന്നുണ്ടായ വിവാദങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും പാർട്ടി വിലയിരുത്തുന്നു. ഈ ആഴ്ച അവസാനം ചേരുന്ന ദേശീയ നേതൃയോഗത്തിലെ ചർച്ചകൾക്കു ശേഷമായിരിക്കും നിലപാട് പ്രഖ്യാപനം.

സിപിഐഎം കോഴിക്കോട് സംഘടിപ്പിച്ചിരിക്കുന്ന ഏക സിവിൽ കോഡ് വിരുദ്ധ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചതാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. സെമിനാറിൽ പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കുകയും വാദപ്രതിവാദങ്ങൾ മുറുകുകയും ചെയ്യുമ്പോഴും കാഴ്ചക്കാരുടെ വേഷത്തിലാണ് സിപിഐ. നേതാക്കളാരും പരസ്യപ്രതികരണങ്ങൾക്ക് തയാറായിട്ടില്ല. കരടുപോലും തയാറാക്കിയിട്ടില്ലാത്ത ഒരു നിയമത്തിന്റെ പേരിലാണ് സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിയുന്നതെന്നാണ് സിപിഐ വാദം.

ഏകസിവിൽ കോഡിനെതിരായ നിലപാടിനപ്പുറം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതാണ് സിപിഐയുടെ പ്രശ്‌നം. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയോടുള്ള സിപിഐഎമ്മിന്റെ മൃദുസമീപനം ഭാവി രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയാകുമോ എന്നതും സിപിഐയുടെ ഉറക്കം കെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here