രണ്ട് ദിവസത്തേക്കു കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം

0


സംസ്ഥാനത്ത് രണ്ട് ദിവസത്തേക്കു കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഇടുക്കി ജില്ലയിൽ റെഡ് അലെർട്ടും കൊല്ലം, തിരുവനന്തപുരം ഒഴികെ മറ്റു ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം ,കൊല്ലം ജില്ലയിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശ്ശൂർ, പാലക്കാട്, ജില്ലകളിൽ മഞ്ഞ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിലായി നിലവിൽ 47 പ്രവർത്തിക്കുന്നുണ്ട്. 879 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. 339 പുരുഷന്മാരും, 362 സ്ത്രീകളും, 178 കുട്ടികളുമാണിതിലുള്ളത്. എന്‍ഡിആര്‍എഫ് ടീം 21 പേരെ വിവിധ ജില്ലകളിലായി രക്ഷപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ വിന്യസിക്കാനായി ദേശിയ ദുരന്ത പ്രതികരണ സേനയുടെ അംഗങ്ങളെ വിവിധ ജില്ലകളിൽ സജ്ജമാക്കിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here