മോണ്‍ ആന്‍റണി നരികുളത്തിന് ഐക്യദാര്‍ഢ്യവുമായി അതിരൂപതയിലെ വൈദികര്‍

0


അതിരൂപതയിലെ വൈദികര്‍ ഒരുമിച്ചു കൂടി സെന്‍റ് മേരീസ് ബസിലിക്കയില്‍ മോണ്‍ ആന്‍റണി നരികുളത്തെ സന്ദര്‍ശിച്ച് അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അതിരൂപതയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കൂടിയ സ്പെഷല്‍ സിനഡ് പേപ്പല്‍ ഡലഗേറ്റിനായി വത്തിക്കാനോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വന്ന് അതിരൂപതയിലെ പ്രശ്നങ്ങളുടെ യഥാര്‍ത്ഥ്യം മനസ്സിലാക്കിയതിനു ശേഷം പരിഹാരം കാണാനുമായിട്ടാണ് നിശ്ചയിച്ചത്. പക്ഷേ സിനഡിന്റെ തീരുമാനങ്ങളെ കുതന്ത്രങ്ങളിലൂടെ അട്ടിമറിച്ചാണ് ഇപ്പോള്‍ സെന്‍റ് മേരീസ് കത്തീദ്രല്‍ ബസിലിക്ക വികാരിക്കെതിരെ നടപടിയെടുത്തത്.

അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ചുബിഷപ് താഴത്ത് അതിരൂപതയിലെ വൈദികരോടും വിശ്വാസികളോടും വൈരത്തോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. പ്രശ്നങ്ങള്‍ തീര്‍ക്കാനല്ല അദ്ദേഹം ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തിയായ ഫാ. ആന്‍റണി പൂതവേലിയെ വച്ച് മുറിവുകളുടെ ആഴം വര്‍ദ്ധിപ്പിക്കാനാണ് മാര്‍ താഴത്ത് ശ്രമിക്കുന്നത്. അദ്ദേഹത്തിന്‍റെ വഴികള്‍ ഒരിക്കലും കത്തോലിക്കാ വിശ്വാസത്തിനു തന്നെ യോജിച്ചതല്ല. 2022 ഡിസംബര്‍ മാസം സെന്‍റ് മേരീസ് കത്തിദ്രല്‍ ബസിലിക്കയില്‍ ബലിപീഠത്തെ മ്ലേച്ഛമാക്കുകയും കുര്‍ബാനയെ അവഹേളിക്കുകയും ചെയ്തവര്‍ക്ക് നേതൃത്വം വഹിച്ച വൈദികനാണ് ഫാ. ആന്‍റണി പൂതവേലില്‍. പിന്നീട് ഫാ. പൂതവേലിയെ മൂഴിക്കുളം ഫൊറോനയില്‍ വച്ചപ്പോള്‍ അവിടുത്തെ വിശ്വാസികള്‍ അദ്ദേഹത്തെ അവിടെ കാലുകുത്താന്‍ പോലും അനുവദിച്ചില്ല. പൂട്ടികിടന്ന ബസിലിക്കയുടെ അള്‍ത്താരയില്‍ ഒളിച്ചുകയറി യാതൊരു ആദരവുമില്ലാതെ സക്രാരിയില്‍ നിന്നും തിരുവോസ്തി ഒരു സാധാരണ പ്ലാസ്റ്റിക് ബാഗിലാക്കി കൊണ്ടുപോയതിന്റെ സി.സി.ടി. വി ദൃശ്യങ്ങള്‍ വിശ്വാസികളെ ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്നിട്ടും ആ വ്യക്തിയെ തന്നെ ബസിലിക്കയില്‍ വികാരിയായി വച്ചത് ദുഷ്ടോദ്ദേശ്യത്തോടു കൂടിയാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

അതിരൂപത സംരക്ഷണ സമിതി കണ്‍വിനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 200 ലേറെ വൈദികര്‍ പങ്കെടുത്തു. അതിരൂപതയിലെ വൈദികരെയും വിശ്വാസികളെയും നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്തിനോട് യാതൊരു വിധത്തിലും സഹകരിക്കുകയില്ലെന്ന് വൈദികര്‍ ഒന്നടങ്കം പ്രഖ്യാപിച്ചു. വൈദിക യോഗത്തില്‍ അതിരൂപത കൂരിയാംഗങ്ങളും പങ്കെടുത്തു. അതിരൂപതയുടെ സമഗ്രമായ പുരോഗതിക്കു വേണ്ടി ഒരു നിമിഷം ചെലവഴിക്കാതെ അതിരൂപതയിലെ വൈദികരെയും വിശ്വാസികളെയും ദ്രോഹിക്കാന്‍ മാത്രം കാര്യങ്ങള്‍ ചെയ്യുന്ന അഡ്മിനിസ്ട്രേറ്ററുടെ തെറ്റായ നടപടിക്രമങ്ങളെ എത്രയും വേഗം റോമിനെ എഴുതി അറിയിക്കാന്‍ കൂരിയാംഗങ്ങളായ വൈദികരോടു യോഗം ആവശ്യപ്പെട്ടു.

സീറോ മലബാര്‍ സിനഡ് പിതാക്കന്മാര്‍ സെപ്ഷ്യല്‍ സിനഡ് കൂടുന്നതിനു മുമ്പ് എല്ലാ മെത്രാന്മാര്‍ക്കും അതിരൂപതയിലെ വൈദികരെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ കുറിപ്പ് ഈമെയില്‍ ചെയ്ത് സെപ്ഷ്യല്‍ സിനഡിനെ വഴിതെറ്റിച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ അധാര്‍മിക ചെയ്തികളെ യോഗം ഒന്നടങ്കം അപലപിച്ചു. അതിരൂപതയിലെ വൈദികര്‍ സഭാ വിരുദ്ധ തീവ്രവാദികളുമായി ബന്ധമുണ്ടെന്നും പോലും ആരോപണങ്ങള്‍ ഉന്നയിച്ച അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ കേസ് കൊടുക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here