പൊലീസ് സ്റ്റേഷനുകളിലെ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് ദിവസവും പരിശോധിക്കണം; പൊതുജനങ്ങൾ പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക മൊബൈൽ നമ്പറിൽ ബന്ധപ്പെടുമ്പോൾ അവരോട് മാന്യമായി ഇടപെടണം; ഏതു സമയത്തും ഫോണിൽ വരുന്ന കോളുകൾ ഉദ്യോഗസ്ഥർ സ്വീകരിക്കണം; നിർദേശവുമായി ഡിജിപി

0


തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ നേർവഴിക്കു നയിക്കാൻ കൂടുതൽ നിർദ്ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ പ്രവർത്തനക്ഷമമാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ദിവസേന ഉറപ്പുവരുത്തണമെന്ന് ഡിജിപി നിർദ്ദേശം നൽകി. പ്രവർത്തിക്കാത്ത ക്യാമറകളുടെ വിവരം ജില്ലാ പൊലീസ് മേധാവിമാരുടെ ശ്രദ്ധയിൽപ്പെടുത്തി പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കണമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാരക്കുന്നു.

പൊലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കാണുന്നതിന് അകാരണമായ കാലതാമസം ഉണ്ടാകാൻ പാടില്ല. സേവനം എത്രയും വേഗം ലഭിക്കുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഉറപ്പാക്കണം. എസ്.എച്ച്.ഒയുടെ അഭാവത്തിൽ പരാതിക്കാരെ നേരിൽ കാണാൻ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. പരാതി ലഭിച്ചാൽ ഉടൻ തന്നെ കൈപ്പറ്റ് രസീത് നൽകണം.

പരാതി കൊഗ്‌നൈസബിൾ അല്ലെങ്കിൽ പ്രാഥമിക അന്വേഷണത്തിനായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തേണ്ടതും അദ്ദേഹത്തിന്റെ പേരുവിവരം പരാതിക്കാരനെ അറിയിക്കേണ്ടതുമാണ്. അന്വേഷണം പൂർത്തിയാകുമ്പോൾ പരാതിക്കാരന് കൃത്യമായ മറുപടിയും നൽകണം. പരാതി കൊഗ്‌നൈസബിൾ ആണെങ്കിൽ ഉടനടി കേസ് രജിസ്റ്റർ ചെയ്യുകയും എഫ്‌ഐആറിന്റെ പകർപ്പ്, പരാതിക്കാരന് സൗജന്യമായി നൽകുകയും വേണം.

കേസെടുത്ത് അന്വേഷണം നടത്തുമ്പോൾ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അക്കാര്യം പരാതിക്കാരനെ അറിയിക്കണം. അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിയാൽ അക്കാര്യവും അറിയിക്കണം. പൊലീസ് സ്റ്റേഷനിൽ എത്തുന്ന മുതിർന്ന പൗരന്മാർ, സ്ത്രീകൾ, കുട്ടികൾ, അവശത നേരിടുന്ന മറ്റു വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകുകയും അവരുടെ ആവശ്യങ്ങളിൽ കാലതാമസം കൂടാതെ നടപടി വേണം.

പൊലീസ് സ്റ്റേഷനിൽ എത്തുന്നവരുടെ ആവശ്യം മനസ്സിലാക്കി അവരെ ഉദ്യോഗസ്ഥരുടെ മുന്നിലെത്തിച്ച് നടപടികൾ വേഗത്തിലാക്കേണ്ട ചുമതല സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസർക്കാണ്. പി.ആർ.ഒമാർ ഒരു കാരണവശാലും പരാതി നേരിട്ട് അന്വേഷിക്കുകയോ പരിഹാരം നിർദ്ദേശിക്കുകയോ ചെയ്യാൻ പാടില്ല. പി.ആർ.ഒമാർ ചുമതല കൃത്യമായി നിർവഹിക്കുന്നുവെന്ന് എസ്.എച്ച്.ഒമാർ ഉറപ്പു വരുത്തണം.

പൊതുജനങ്ങൾ പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക മൊബൈൽ നമ്പറിൽ ബന്ധപ്പെടുമ്പോൾ അവരോട് മാന്യമായി ഇടപെടുകയും ആവശ്യങ്ങൾ മനസ്സിലാക്കി യുക്തമായ നടപടി സ്വീകരിക്കുകയും വേണം. ഒഴിച്ചുകൂടാനാവാത്ത സന്ദർഭങ്ങളിലൊഴികെ ഏതുസമയത്തും ഔദ്യോഗിക ഫോണിൽവരുന്ന കോളുകൾ പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതാണ്. ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിമാരും യൂണിറ്റ് മേധാവിമാരും ഉറപ്പുവരുത്തും. വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു.

വിവിധ ആവശ്യങ്ങൾക്കായി പൊലീസ് സ്റ്റേഷനിൽ വരുന്നവരോടും ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടെ ഇടപെടേണ്ടി വരുന്നവരോടും മാന്യമായും മര്യാദയോടെയും പെരുമാറണമെന്ന് നേരത്തേതന്നെ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇത് പാലിക്കുന്ന കാര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. ഇത്തരം തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാനും സ്വയം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാനും സേനാംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ് ഓർമിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here