ഉത്തർപ്രദേശിന്റെ വിവിധയിടങ്ങളിൽ ഇടിമിന്നലേറ്റ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചതായി അധികൃതർ. ബുദൗൺ, ഇറ്റ, റായ്ബറേലി എന്നീ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇടിമിന്നലിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഉഷൈത്ത് ബസാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ട് ബൈക്ക് യാത്രികർ ഇടിമിന്നലേറ്റ് മരണപ്പെട്ടതായി ഡാറ്റാഗഞ്ച് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ധർമേന്ദ്ര കുമാർ സിംഗ് പറഞ്ഞു. കർഷകരായ ബബ്ലു (30), വർജീത് യാദവ് (32) എന്നിവരാണ് മരിച്ചത്. ഉഷൈത്ത് ടൗണിൽ സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 11 വയസുകാരനും ഇടിമിന്നലേറ്റ് മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും സിംഗ് അറിയിച്ചു.
റായ്ബറേലിയിൽ ദിഹ്, ഭഡോഖർ, മിൽ മേഖലകളിൽ മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക് ഇടിമിന്നലിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.