കോതയ്യാർ വനമേഖലയിൽ തുറന്നു വിട്ട അരിക്കൊമ്പൻ ആന ആരോഗ്യവാനാണെന്നു തമിഴ്‌നാട് വനം വകുപ്പ്

0

കോതയ്യാർ വനമേഖലയിൽ തുറന്നു വിട്ട അരിക്കൊമ്പൻ ആന ആരോഗ്യവാനാണെന്നു തമിഴ്‌നാട് വനം വകുപ്പ്. ആവശ്യത്തിന് ആഹാരവും വെള്ളവും ആന കഴിക്കുന്നുണ്ട്. കളക്കാട്, അംബാസമുദ്രം, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നുള്ള വനം വകുപ്പു ജീവനക്കാരും വെറ്ററിനറി ഡോക്ടർമാരും അടങ്ങിയ 6 സംഘങ്ങൾ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

ഇടുക്കിയെയും തമിഴ്‌നാടിനെയും വിറപ്പിച്ച അരിക്കൊമ്പൻ ഇപ്പോഴുമുള്ളത് തമിഴ്‌നാട് തിരുനെൽവേലി കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലാണുള്ളതെന്ന് കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.. അരിക്കൊമ്പൻ കിലോമീറ്ററുകൾ നടന്ന് കന്യാകുമാരിയിൽ പ്രവശിച്ചെന്ന വാർത്തകൾ നിഷേധിക്കുകയായിരുന്നു കേരളത്തിലെ വനം വകുപ്പ്. ഇറക്കി വിട്ട മേഖലയിലാണ് അരിക്കൊമ്പനുള്ളതെന്നും അവർ പറയുന്നു. അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യം വീണ്ടെടുത്തില്ലെന്ന ആശങ്കയാണ് ഇതുയർത്തുന്നത്. ഇതിനിടെയാണ് തമിഴ്‌നാട് വിശദീകരണവുമായി എത്തുന്നത്. പൊതുജനങ്ങൾക്ക് സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കളക്കാട് വന്യജീവി സങ്കേതത്തിനുള്ളിൽ നിന്നുള്ള അരിക്കൊമ്പന്റെ പുതിയ ചിത്രവും വനംവകുപ്പു പുറത്തു വിട്ടു. ഇതോടെ അരിക്കൊമ്പൻ കന്യാകുമാരി സങ്കേതത്തിൽ എത്തിയില്ലെന്നതിന് സ്ഥിരീകരണവുമായി.

ആന കേരള അതിർത്തിയിലേക്ക് കടക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പെരിയാർ ടൈഗർ റിസർവ് ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ആന്റിനകളിലൊന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷന് കൈമാറും. 20 കിലോമീറ്റർ അകലെ നിന്ന് അരിക്കൊമ്പന്റെ സാന്നിധ്യം റേഡിയോ കോളർ സിഗ്‌നലിലൂടെ തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണ് ഇത്. കേരള അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഇപ്പോൾ അരിക്കൊമ്പനുള്ളത് എന്നതാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ നിരീക്ഷണം ശ്ക്തമാക്കും.

അതിനിടെ അരിക്കൊമ്പൻ ഉൾവനത്തിലാണുള്ളതെന്നും ആശങ്ക വേണ്ടെന്നും കന്യാകുമാരി കളക്ടർ പി.എൻ പ്രതികരിച്ചിട്ടുണ്ട്. ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കന്യാകുമാരിയിലുള്ളവർ ആശങ്കപ്പെടേണ്ടെതില്ല. ആന ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ട്. ഉൾവനത്തിലുള്ള ആനയെ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ടെന്നും കളക്ടർ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇറക്കി വിട്ട അതേ സ്ഥലത്തു തന്നെയാണ് അരിക്കൊമ്പനുള്ളതെന്ന് കേരളത്തിലെ വനം വകുപ്പും സ്ഥിരീകരിക്കുന്നത്.

അപ്പർ കോതയ്യാർ മുത്തുക്കുഴി വനമേഖലയിൽ തുറന്നു വിട്ടപ്പോഴാണ് അരിക്കൊമ്പൻ കന്യാകുമാരി വനത്തിലേക്ക് കടന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സിഗ്‌നലുകൾ പ്രകാരം കോതയ്യാർ ഡാമിനു സമീപം നിലയുറപ്പിച്ചിരിക്കുകയാണ് അരിക്കൊമ്പൻ എന്നാണ് വിലയിരുത്തൽ. തിരുനെൽവേലിക്കടുത്ത് കുറ്റിയാർ, കോതയ്യാർ, ആനനിരത്തി വനമേഖലകളിലൂടെ അരിക്കൊമ്പന് തിരുവനന്തപുരം ജില്ലയിലെ നെയ്യാർ വനമേഖലയിലേക്ക് കടക്കാനാകും. അപ്പർ കോതയാറും നെയ്യാർ വന്യജീവി സങ്കേതവുമായുള്ള ആകാശദൂരം വെറും 10 കിലോമീറ്റർ മാത്രമാണ്.

ചെങ്കുത്തായ മലനിരകളും കുത്തിറക്കങ്ങളും ഉള്ള നിബിഡ വനമേഖല ആയ ഈ പ്രദേശത്ത് കൂടെ അരി കൊമ്പന് വെറും 20 മുതൽ 30 വരെ കിലോമീറ്റർ സഞ്ചരിച്ചാൽ നെയ്യാർ വന്യജീവി സങ്കേതത്തിലാ തൊട്ടടുത്ത അഗസ്ത്യ വനം ബയോളജിക്കൽ പാർക്കിലോ എത്താം. കലക്കാനം മുണ്ടൻ തുറൈ കടുവ സങ്കേതവുമായി അതിർത്തി പങ്കിടുന്ന കന്യാകുമാരി വന്യജീവി സങ്കേതത്തിലും അരി കൊമ്പന് നിഷ്പ്രയാസം കടക്കാം. ഇതിന്റെ തൊട്ടടുത്ത് അരിക്കൊമ്പനുണ്ട്. എന്നാൽ കിലോമീറ്ററുകൾ സഞ്ചരിച്ചിട്ടില്ല. അരി കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിക്കുന്ന കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ തമിഴ്‌നാട് വനം വകുപ്പുമായും ആശയ വിനിമയം നടത്തുന്നുണ്ട്.

കേരളതമിഴ്‌നാട് അതിർത്തി പ്രദേശമായ ആനനിരത്തിയിൽ നിന്നു കേരളത്തിലേക്കും തിരിച്ചും കാട്ടാനക്കൂട്ടം വരുന്നതും പോകുന്നതും പതിവാണ്. കാലാവസ്ഥ വ്യതിയാനം ഉള്ളപ്പോഴാണ് ആനക്കൂട്ടത്തിന്റെ അതിർത്തികടക്കൽ. ഈ പ്രദേശത്തിന്റെ ഒരു ഭാഗം ജനവാസമേഖലയുമാണ്. നെയ്യാർ വനമേഖലയുടെ ഒരു ഭാഗത്തും ജനവാസമേഖലകൾ കൂടുതലാണ്. ആനനിരത്തിയിലെ റബർ തോട്ടങ്ങൾ വൻതോതിൽ മുറിച്ചതിനാൽ ഇവിടം ആനത്താരയ്ക്ക് സമാനമാണ്.

തിരുവനന്തപുരത്തു നിന്നും 152 കിലോമീറ്റർ മാത്രം അകലെയാണ് മുണ്ടൻതുറൈ കടുവ സങ്കേതം സ്ഥിതി ചെയ്യുന്നത്. അഗസ്ത്യമല ബയോളജിക്കൽ റിസർവിന്റെ ഭാഗം കൂടിയാണ് ഇത്. പേപ്പാറ വന്യജീവി സങ്കേതത്തിന്റെ പരിധിയിൽപ്പെടുന്ന പാണ്ടിപ്പത്ത് വഴിയും അരിക്കൊമ്പന് കേരളത്തിലേക്ക് പ്രവേശിക്കാനാകും

LEAVE A REPLY

Please enter your comment!
Please enter your name here