മദ്യലഹരിയിൽ റെയിൽ പാളത്തിൽ തല വച്ച് ഉറങ്ങി യുവാവ്; ട്രെയിൻ നിർത്തി തുരത്തി വിട്ടു: ജീവൻ തിരികെ കിട്ടിയത് ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം

0


കൊല്ലം: മദ്യലഹരിയിൽ റെയിൽ പാളത്തിൽ തല വച്ച് ഉറങ്ങിയ ആളുടെ ജീവൻ തക്ക സമയത്ത് ട്രെയിൻ നിർത്തിയതിനാൽ രക്ഷിക്കാനായി. അച്ചൻകോവിൽ ചെമ്പനരുവി സ്വദേശിയായ മുപ്പത്തൊൻപതുകാരനാണ് ലോക്കോ പൈലറ്റിന്റെ സമയോചിത പ്രവൃത്തി മൂലം ജീവൻ തിരികെ കിട്ടിയത്. കൊല്ലം-പുനലൂർ മെമു സർവീസ് വരുമ്പോഴാണ് ഇആൾ പാളത്തിൽ തലവെച്ച് ഉറങ്ങിയത്.

ശനി വൈകിട്ട് ആറേകാലോടെ എഴുകോൺ റെയിൽവേ സ്റ്റേഷന് 200 മീറ്ററോളം അകലെ കല്ലുംപുറം ഭാഗത്തായിരുന്നു സംഭവം. മദ്യപിച്ച് പൂസായ ഇയാൾ റെയിൽ പാളത്തിൽ തലവെച്ച് ഉറങ്ങി. ഇവിടെ ട്രാക്കിനു കുറുകെ മരച്ചില്ല വീണിരുന്നു. അതു വെട്ടിമാറ്റിയെങ്കിലും മുന്നറിയിപ്പു നിർദ്ദേശം ഉണ്ടായിരുന്നതിനാലും സ്റ്റേഷൻ തൊട്ടടുത്തു തന്നെയായിരുന്നതിനാലും ട്രെയിൻ വേഗം കുറച്ചാണ് വന്നത്. അപ്പോഴാണ് ഒരാൾ പാളത്തിനു കുറുകെ കിടക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ട്രെയിൻ ബ്രേക്ക് ചെയ്തു നിർത്തി.

യാത്രക്കാർ അടക്കം പുറത്തിറങ്ങി ഇയാളെ പാളത്തിൽ നിന്നു തുരത്തുകയായിരുന്നു. ഇതിനിടയിൽ പത്ത് മിനിറ്റോളം സമയം ട്രെയിൻ പിടിച്ച് ഇടേണ്ടിയും വന്നു. വിവരം അറിഞ്ഞ് എഴുകോൺ പൊലീസ് എത്തി ആളെ കസ്റ്റഡിയിൽ എടുത്തു. ഭാര്യയുടെ പുത്തൂരിലെ വീട്ടിലാണ് താമസം എന്നും കലഹമുണ്ടാക്കിയ ശേഷം വീടു വിട്ടിറങ്ങിയതാണെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. ഭാര്യയെയും ബന്ധുക്കളെയും വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here