സ്വപ്‌ന സുരേഷിനെ മാപ്പുസാക്ഷിയാക്കുന്നത്‌ ഇ.ഡിയുടെ പരിഗണനയില്‍

0


കൊച്ചി : ലൈഫ്‌മിഷന്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സ്വപ്‌ന സുരേഷിനെ മാപ്പുസാക്ഷിയാക്കുന്നത്‌ ഇ.ഡിയുടെ പരിഗണനയില്‍. സ്വപ്‌നയുടെ അറസ്‌റ്റ്‌ വൈകുന്നത്‌ ഇതുകൊണ്ടാണെന്നും സൂചന.
കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) അടുത്തമാസം അന്തിമ കുറ്റപത്രം സമര്‍പ്പിക്കും. മുഖ്യമന്ത്രിയുടെമുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇ.ഡി. കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അറസ്‌റ്റ്‌ നടന്ന്‌ 60 ദിവസം പിന്നിടുന്നതിനിടെയാണു കുറ്റപത്രം സമര്‍പ്പിച്ചത്‌. സ്വാഭാവിക ജാമ്യം തടയാനായിരുന്നു ഇ.ഡിയുടെ നടപടി. കേസില്‍ ആകെ 11 പ്രതികളാണുള്ളത്‌. ഒരോരുത്തര്‍ക്കായി കുറ്റപത്രം നല്‍കിവരികയാണ്‌.
മറ്റു പ്രതികളായ സ്വപ്‌ന സുരേഷ്‌, പി.എസ്‌. സരിത്ത്‌ എന്നിവരെ അറസ്‌റ്റ്‌ ചെയ്യാന്‍ ഇ.ഡി. ഇതുവരെ തയാറായിട്ടില്ല. പ്രധാന പ്രതികളായ എം. ശിവശങ്കര്‍, സന്തോഷ്‌ ഈപ്പന്‍, സന്ദീപ്‌ നായര്‍ എന്നവര്‍ക്കെതിരേ പ്രധാന സാക്ഷിയായി സ്വപ്‌നയെ ഉപയോഗിക്കാമെന്നാണ്‌ ഇ.ഡിയുടെ കണക്കുകൂട്ടല്‍. ഇക്കാര്യത്തില്‍ ഇ.ഡി. നിയമോപദേശം തേടി.
എന്നാല്‍, കള്ളപ്പണയിടപാടു കേസില്‍ നേരിട്ടു പങ്കാളിത്തമുള്ള സ്വപ്‌നയെ മാപ്പുസാക്ഷിയാക്കാന്‍ കോടതി അനുവദിക്കുമോ എന്നതും പ്രധാനമാണ്‌. അതിനാല്‍, ഈ കേസ്‌ കൈകാര്യം ചെയ്യുന്ന ഡല്‍ഹിയിലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫീസിന്റെ നിയമോപദേശപ്രകാരമാകും തീരുമാനമെടുക്കുക.
കേസില്‍ പ്രധാന പങ്കുള്ള സ്വപ്‌നയുടെ അറസ്‌റ്റ്‌ വൈകുന്നത്‌ ആശങ്കാജനകമാണെന്നു ശിവശങ്കറിനു ജാമ്യം നിഷേധിച്ചുള്ള ഉത്തരവില്‍ ഹൈക്കോടതി വ്യക്‌തമാക്കിയിരുന്നു.
കേസില്‍ അറസ്‌റ്റിലായ ശിവശങ്കര്‍ നിലവില്‍ റിമാന്‍ഡിലാണ്‌. ലൈഫ്‌ മിഷന്‍ കോഴക്കേസിന്റെ മുഖ്യ ആസൂത്രകന്‍ ശിവശങ്കറെന്നാണ്‌ ഇ.ഡിയുടെ ആരോപണം. ലൈഫ്‌മിഷന്‍ കോഴ ശിവശങ്കറിന്റെ കൈകളിലെത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. എം. ശിവശങ്കറിനു വേണ്ടിയാണു സ്വപ്‌നയുടെ ബാങ്ക്‌ലോക്കറില്‍ പണം സൂക്ഷിച്ചത്‌. കോണ്‍സുലേറ്റിലെ മുന്‍ ചീഫ്‌ അക്കൗണ്ടന്റ്‌ ഖാലിദിനെതിരേ വാറന്റ്‌ പുറപ്പെടുവിക്കണമെന്നു ശിവശങ്കറിന്റെ കുറ്റപത്രത്തില്‍ ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്ത്‌ കേസിലെ മുഖ്യപ്രതികളെല്ലാം ലൈഫ്‌ മിഷനിലും പ്രതികളാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here