ബാഹുബലി നിർമ്മിച്ചത് കോടികൾ കടം വാങ്ങി! ലഭിച്ച കളക്ഷന്റെ ഇരട്ടി സിനിമക്ക് ചെലവായി; പരാജയപ്പെട്ടിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്നു പോലും തനിക്ക് അറിയില്ല: റാണാ ദഗ്ഗുബട്ടി

0


ബംഗളുരു: ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ബാഹുബലി സിനിമ. പണമെറിഞ്ഞ് പണം വാരിയ ചിത്രം. ഈ സൂപ്പർഹിറ്റ് സിനിമയെ കുറിച്ചു വീണ്ടും വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കയാണ് നടൻ റാണാ ദഗ്ഗുബട്ടി. സൂപ്പർ ഹിറ്റ് ചിത്രമായ ബാഹുബലി നിർമ്മിച്ചത് കോടികൾ കടമെടുത്താണെന്ന് റാണ ദഗ്ഗുബട്ടി വ്യക്തമാക്കി. 24 ശതമാനം പലിശക്കാണ് പണം കടം വാങ്ങിയതെന്നും സിനിമ പരാജയപ്പെട്ടിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നെന്ന് അറിയില്ലെന്നും റാണ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘മൂന്ന്, നാല് വർഷങ്ങൾക്ക് മുമ്പ് തെലുങ്ക് നിർമ്മാതാക്കൾ സിനിമക്കായി പണം കണ്ടെത്തിയത് തങ്ങളുടെ വീടും സ്ഥലങ്ങളും പണയം വെച്ചിട്ടാണ്. അത് പിന്നീട് തിരിച്ചെടുക്കും. 24-28 ശതമാനം പലിശനിരക്കിൽ വരെ പണം കടമെടുക്കാറുണ്ട്. ഇങ്ങനെയാണ് സിനിമക്കായി പണം കണ്ടെത്തുന്നത്. ബാഹുബലി പോലെയുള്ള ചിത്രത്തിന് 300- 400 കോടി രൂപവരെ പണം വാങ്ങിയിട്ടുണ്ട്- റാണ പറഞ്ഞു

ബാഹുബലിയുടെ ഒന്നാം ഭാഗത്തിന്റെ നിർമ്മാണം ശരിക്കുമൊരു പോരാട്ടമായിരുന്നു. ലഭിച്ച കളക്ഷന്റെ ഇരട്ടി സിനിമയുടെ നിർമ്മാണത്തിനായി ചെലവായി. അഞ്ചര വർഷത്തിനിടെ 24 ശതമാനം പലിശ നിരക്കിൽ 180 കോടിയാണ് കടം വാങ്ങിയത്. ആ സമയത്ത് ബാഹുബലി രണ്ടാംഭാഗത്തിന്റെ കുറച്ച് രംഗങ്ങളും ചിത്രീകരിച്ചിരുന്നു. ബാഹുബലി പരാജയപ്പെട്ടിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നുവെന്നുപോലും തനിക്ക് അറിയില്ല’- റാണ കൂട്ടിച്ചേർത്തു.

പ്രഭാസ്, റാണ, അനുഷ്‌ക ശർമ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2015 ആണ് എസ്. എസ് രാജമൗലി ബാഹുബലി ആദ്യഭാഗം ഒരുക്കിയത്. 650 കോടിയായിരുന്നു ചിത്രം തിയറ്ററുകളിൽ നിന്ന് സ്വന്തമാക്കിയത്. 2017 ആണ് രണ്ടാം ഭാഗം പുറത്തിറങ്ങിയത്. 250 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ആഗോളകലക്ഷൻ 1810 കോടി രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here