മിഴി തുറന്ന് എ ഐ ക്യാമറ; ആദ്യ ദിനം ‘പണി’ കിട്ടിയവരുടെ കണക്ക് പുറത്ത്; കണ്ടെത്തിയത് 28,891 നിയമലംഘനം; ഏറ്റവും കൂടുതൽ കൊല്ലം ജില്ലയിൽ; കുറവ് മലപ്പുറത്ത്; നോട്ടീസ് നാളെ മുതൽ അയക്കുമെന്ന് അധികൃതർ; നിയമലംഘനങ്ങൾ കുറയുന്നത് ശുഭസൂചനയെന്ന് ഗതാഗത മന്ത്രി

0


തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയീടാക്കാൻ സ്ഥാപിച്ച എ.ഐ ക്യാമറ ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ. തിങ്കളാഴ്ച രാവിലെ എട്ട് മണിമുതൽ വൈകീട്ട് അഞ്ചു വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയതുകൊല്ലം ജില്ലയിലാണ് (4,778 എണ്ണം). ഏറ്റവും കുറവ് മലപ്പുറത്തും (545 എണ്ണം). ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നാളെ മുതൽ നോട്ടീസ് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

റോഡ് ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങിയ ആദ്യദിനം നിയമലംഘനം വൻതോതിൽ കുറഞ്ഞെന്നാണ് മോട്ടർ വാഹനവകുപ്പിന്റെ കണക്കുകളിൽ പറയുന്നത്. തിങ്കളാഴ്ച പകൽ ക്യാമറ കണ്ടെത്തിയത് വെറും 28,891 നിയമലംഘനങ്ങൾ മാത്രമാണ്. ഹെൽമറ്റും സീറ്റ് ബെൽറ്റും ഉൾപ്പെടെ ഏഴ് നിയമലംഘനങ്ങളാണ് ക്യാമറ പരിശോധിക്കുന്നത്.

രാവിലെ 8 മണിക്ക് തിരുവനന്തപുരം ജില്ലാ കൺട്രോൾ റൂമിലെ കംപ്യൂട്ടറുകളിലൊന്നിൽ വർക്കലയിലെ ക്യാമറയിൽനിന്നുള്ള ചിത്രമെത്തി. ഹെൽമറ്റ് ഇല്ലാത്ത യുവാവ്. സംസ്ഥാനത്തെമ്പാടുമുള്ള റോഡ് ക്യാമറകളുടെ പിഴ ഈടാക്കൽ പണി അവിടെ തുടങ്ങുകയായിരുന്നു. ഹെൽമറ്റും സീറ്റ് ബൽറ്റും ഇല്ലാത്തത്, മൊബൈൽ ഉപയോഗിച്ചുള്ള ഡ്രൈവിങ്, ഇരുചക്രവാഹനത്തിൽ രണ്ടിലധികം പേർ, അനധികൃത പാർക്കിങ്, അമിതവേഗം, ട്രാഫിക് സിഗ്‌നൽ ലംഘിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് പിഴയീടാക്കുന്നത്.

എന്നാൽ ക്യാമറ വന്ന ആദ്യദിനം തന്നെ യാത്രക്കാർ നിയമംപാലിച്ചു തുടങ്ങിയെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 5 വരെയുള്ള 9 മണിക്കൂർ വെറും 28,891 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച 24 മണിക്കൂറിനിടെ 1,93,000 നിയമലംഘനങ്ങളുണ്ടായിരുന്നു.

തിങ്കളാഴ്ച അഞ്ച് മണിക്കുശേഷമുള്ള ലംഘനങ്ങൾ കൂടി ചേർന്നാലും ഒരു ലക്ഷം പോലും കടക്കില്ല. അതായത് ഒറ്റദിവസം കൊണ്ട് പകുതിയിലധികം നിയമലംഘനം കുറഞ്ഞെന്നാണ് കണക്ക്. കൊല്ലം, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ. മലപ്പുറം, പാലക്കാട്, കാസർകോട്, വയനാട് ജില്ലകളിലാണ് കുറവ്.

തിരുവനന്തപുരം (4362), പത്തനംതിട്ട (1177), ആലപ്പുഴ (1288), കോട്ടയം (2194), ഇടുക്കി (1483), എറണാകുളം (1889), തൃശ്ശൂർ (3995), പാലക്കാട് (1007), കോഴിക്കോട് (1550), വയനാട് (1146), കണ്ണൂർ (2437), കാസർകോട് (1040) എന്നിങ്ങനെയാണ് തിങ്കളാഴ്ച കണ്ടെത്തിയ റോഡിലെ നിയമലംഘനങ്ങൾ.

എ.ഐ. ക്യാമറ പ്രവർത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് നല്ല സൂചനയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ എ.ഐ. ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുൻപുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്ന നിയമലംഘനങ്ങൾ ഇന്നലെ 1.93 ലക്ഷമായി കുറയുകയുകയുണ്ടായി. എന്നാൽ ഇന്ന് രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ കേരളത്തിൽ ആകെ 28,891 നിയമലംഘനങ്ങൾ മാത്രമാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

ക്യാമറ സ്ഥാപിച്ചതിനു ശേഷം ബോധവൽകരണത്തിന് നൽകിയ കാലഘട്ടത്തിനേക്കാൾ നിയമലംഘനങ്ങൾ വളരെയധികം കുറഞ്ഞത് ഗതാഗതസുരക്ഷയെ മുൻനിർത്തി എല്ലാവരും വാഹന നിയമങ്ങൾ പാലിക്കുവാൻ ആരംഭിച്ചതിന്റെ സൂചനയാണ്. വരും ദിവസങ്ങളിൽ നിയമലംഘനങ്ങൾ വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡപകട രഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള പരിശ്രമത്തിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here