157 പുതിയ നഴ്‌സിങ് കോളേജുകൾ തുടങ്ങാൻ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി

0

കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ നൽകിയ വാഗ്ദാനം പാലിച്ച് കേന്ദ്രസർക്കാർ. 157 പുതിയ നഴ്‌സിങ് കോളേജുകൾ തുടങ്ങാൻ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 1570 കോടിയാണ് മുതൽമുടക്ക്. 2014 മുതൽ സ്ഥാപിതമായ നിലവിലുള്ള 157 മെഡിക്കൽ കോളേജുകൾക്കൊപ്പമാകും 157 പുതിയ നഴ്‌സിങ് കോളേജുകൾ സ്ഥാപിക്കുക. പുതിയ നഴ്‌സിങ് കോളേജുകൾ സ്ഥാപിക്കുന്നതിലൂടെ നഴ്സ്- രോഗി അനുപാതം മെച്ചപ്പെടുമെന്നും മന്ത്രി നിർമല സീതാരാമൻ നേരത്തെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. രാജ്യത്ത് ഗുണനിലവാരമുള്ള നഴ്‌സിങ് വിദ്യാഭ്യാസം ലഭ്യമാക്കുകയും, അതുവഴി മികച്ച നഴ്‌സിങ് പ്രൊഫഷണലുകളെ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.

നിലവിലുള്ള മെഡിക്കൽ കോളേജുകളോട് ചേർന്ന് നിലവിൽ വരുന്ന നഴ്‌സിങ് കോളേജുകൾ ലാബ് അടക്കം അടിസ്ഥാന സൗകര്യങ്ങളുടെ പമാവധി വിനിയോഗത്തിനും സഹായിക്കും. അടുത്ത രണ്ടുവർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി അദ്ധ്യക്ഷനായുള്ള സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് സമിതിയാണ് 157 നഴ്‌സിങ് കോളേജുകൾക്ക് അംഗീകാരം നൽകിയത്.

പുതിയ നഴ്‌സിങ് കോളേജുകൾ വരുന്നതോടെ, ഓരോ വർഷവും 15,700 നഴ്‌സിങ് ബിരുദധാരികൾ പുറത്തിറങ്ങും. ആരോഗ്യസംരക്ഷണ മേഖലയിൽ, നിലനിൽക്കുന്ന ഗ്രാമ-നഗര വ്യത്യാസം കുറച്ചുകൊണ്ടുവരാനും മെച്ചപ്പെട്ട നഴ്‌സിങ് ശുശ്രൂഷ പാർശ്വവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിൽ എത്തിക്കാനും ഇതുവഴി സാധിക്കും. നഴ്‌സിങ് വിദ്യാഭ്യാസത്തിന്റെ വർദ്ധിച്ച ആവശ്യങ്ങൾ നിറവേറ്റാൻ, നിയന്ത്രണ ഘടനയിൽ പരിഷ്‌കാരങ്ങളും പരിഗണനയിലാണ്.

യോഗ്യരായ നഴ്്‌സുമാരുടെ നൈപുണ്യവികസനത്തിനും, വിദേശജോലിക്കും അന്താരാഷ്ട്ര-ദേശീയ ഏജൻസികളുമായി ദേശീയ നൈപുണ്യ വികസന കോർപറേഷൻ സഹകരിച്ചു പ്രവർത്തിക്കും. മെഡിക്കൽ കോളേജുകളോട് ചേർന്ന് നഴ്‌സിങ് കോളേജുകൾ തുടങ്ങുന്നതുകൊണ്ട് വിദ്യാർത്ഥികൾക്ക് മാത്രമല്ല രോഗികൾക്കും മെച്ചപ്പെട്ട സേവനം കിട്ടും.

പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ ഓരോ ഘട്ടവും ക്യത്യമായി ആസൂത്രണം ചെയ്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറി തലവനായ ഉന്നതാധികാര സമിതി പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തും. സംസ്ഥാനങ്ങളിൽ ക്യത്യമായ സമയക്രമം പാലിച്ച് നഴ്‌സിങ് കോളേജുകൾ സ്ഥാപിക്കുന്നുവെന്ന് ഉറപ്പാക്കും.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കേന്ദ്രസർക്കാർ മെഡിക്കൽ കോളേജുകളുടെയും, മെഡിക്കൽ സീറ്റുകളുടെയും എണ്ണം കൂട്ടി വരികയാണ്. 2014ൽ 387 മെഡിക്കൽ കോളേജുകൾ ആയിരുന്നെങ്കിൽ, ഇപ്പോൾ അത് 660 ആയി ഉയർന്നു. അതുപോലെ, സീറ്റുകളുടെ എണ്ണവും ഇരട്ടിയായി.

ആഗോള നിലവാര മാനദണ്ഡങ്ങൾക്ക് അനുസരിച്ച് രാജ്യത്തെ നഴ്‌സിങ് വിദ്യാഭ്യാസം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്രസർക്കാർ കണക്കാക്കുന്നു. വിദേശത്തും ഇന്ത്യൻ നഴ്‌സുമാർക്ക് മുന്തിയ പരിഗണനയാണ് കിട്ടുന്നത്. എന്നാൽ, ആഗോള മാനദണ്ഡപ്രകാരം ഡോക്ടർമാരേക്കാൾ നഴ്‌സുമാർ എണ്ണത്തിൽ കുറവാണെന്ന പോരായ്മ നിലനിൽക്കുന്നു. ഇതുനികത്തുകയാണ് പുതിയ നഴ്‌സിങ് കോളജുകൾക്ക് അനുമതി നൽകിയതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here