ട്രെയിന്‍ തീവെയ്പ്പ് കേസ് : ഷാറൂഖ് സെയ്ഫി റിമാന്‍ഡില്‍ ; ആശുപത്രിയില്‍ നിന്നും ജില്ലാ ജയിലിലേക്ക് മാറ്റും

0


കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീ വെയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയെ റിമാന്‍ഡ് ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കാണ് മാറ്റിയത്. രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്യുക. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സെക്കന്‍ക്ലാസ്സ് മജിസ്‌ട്രേറ്റ് നേരിട്ടെത്തിയാണ് തീരുമാനം എടുത്തത്. ഇന്ന് രാവിലെ ആയിരുന്നു മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്യാനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ എത്തിയത്.

പോലീസ് കസ്റ്റഡിയില്‍ നിന്നും ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതി ഷാറൂഖിനെ ഇന്ന് മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യും. രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഷാറൂഖിന്റെ ആരോഗ്യസ്ഥിതയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷാറൂഖിനെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത്. ആശുപത്രിയില്‍ പാര്‍പ്പിക്കാന്‍ മാത്രം പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം എടുക്കുകയായിരുന്നു. ഇതോടെ ഇയാളെ ജില്ലാ ജയിലിലേക്ക് മാറ്റും.

തുടര്‍ന്ന് പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് വിധേയമാക്കും. മഹാരാഷ്ട്രയില്‍ വെച്ച് അറസ്റ്റിലായ പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിക്കുകയും മെഡിക്കല്‍ കോളേജില്‍ വിശദമായ ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ ശരീരത്തിലെ മുറിവുകളും പൊള്ളലും ഗുരുതരമല്ലെന്ന് കണ്ടെത്തിയ മെഡിക്കല്‍ ബോര്‍ഡ് മഞ്ഞപ്പിത്തത്തിന്റെ സാധ്യതകള്‍ വീണ്ടും ചര്‍ച്ച ചെയ്യുകയും ഇന്ന് വീണ്ടും രക്തപരിശോധന അടക്കമുള്ള കാര്യം നടത്തുകയും ചെയ്തിരുന്നു.

ആക്രമണം നടത്തിയത് ഒറ്റയ്ക്കാണോ, പുറത്തു നിന്നും സഹായം കിട്ടിയിട്ടുണ്ടോ, എന്തുകൊണ്ടാണ് കേരളം തന്നെ തെരഞ്ഞെടുത്തത് തുടങ്ങി അനേകം കാര്യങ്ങള്‍ പുറത്തുവരാനിരിക്കുന്നതിനാല്‍ ആദ്യം ചോദ്യം ചെയ്യല്‍ നടക്കും. മിക്കവാറും മാലൂര്‍കുന്ന് ക്യാമ്പില്‍ വെച്ച് ചോദ്യം ചെയ്യല്‍ നടക്കുമെന്നാണ് സൂചനകള്‍. ഇതിന് ശേഷമായിരിക്കും പ്രതിയുമായി കോഴിക്കോടും മറ്റും തെളിവ് ശേഖരണം നടത്തുക.

Leave a Reply