ബ്രഹ്‌മപുരത്ത്‌ നഗരസഭയ്‌ക്ക് ഗുരുതര സുരക്ഷാവീഴ്‌ച’ , നടപടി ആവശ്യപ്പെട്ട്‌ ഫയര്‍ഫോഴ്‌സ് മേധാവിയുടെ കത്ത്‌

0


കൊച്ചി: ബ്രഹ്‌മപുരത്ത്‌ കൊച്ചി നഗരസഭയ്‌ക്കുണ്ടായതു ഗുരുതര സുരക്ഷാ വീഴ്‌ചയെന്നു ഫയര്‍ഫോഴ്‌സ്‌ മേധാവി ബി. സന്ധ്യ. ദുരന്ത നിവാരണ നിയമപ്രകാരം കോര്‍പ്പറേഷനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ സന്ധ്യ ചീഫ്‌ സെക്രട്ടറിക്കു കത്തു നല്‍കി.
2019 ലും 2020 ലും ബ്രഹ്‌മപുരത്ത്‌ തീപിടിത്തമുണ്ടായി. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന്‌ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയില്ല. വീഴ്‌ച ആവര്‍ത്തിക്കുന്നതിനാല്‍ കോര്‍പ്പറേഷനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നു ബി. സന്ധ്യ കത്തില്‍ ആവശ്യപ്പെട്ടു. അസ്വാഭാവിക തീപിടിത്തത്തില്‍ സമഗ്ര പോലീസ്‌ അന്വേഷണം വേണമെന്നും ബ്രഹ്‌മപുരത്ത്‌ പോലീസ്‌ നിരീക്ഷണം കര്‍ശനമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ബ്രഹ്‌മപുരത്ത്‌ തീപിടിച്ചതു മാര്‍ച്ച്‌ രണ്ടിനാണ്‌. തീയണച്ചത്‌ മാര്‍ച്ച്‌ 14 നും. കൊച്ചി നഗരവാസികളെ വിഷപ്പുക ശ്വസിപ്പിച്ചതിനു കാരണക്കാര്‍ ആരെന്ന ചോദ്യത്തിന്‌ ഇപ്പോഴും ഉത്തരമില്ല. ബ്രഹ്‌മപുരം തീപിടിത്തം ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയായതോടെ മുഖം രക്ഷിക്കാന്‍ പ്രഖ്യാപിച്ചതു മൂന്ന്‌ അന്വേഷണങ്ങളാണ്‌. 1. തീപിടിത്തത്തിലെ പോലീസ്‌ അന്വേഷണം. 2. അഴിമതിയും പ്ലാന്റില്‍ വരുത്തിയ വീഴ്‌ചകളിലും വിജിലന്‍സ്‌ അന്വേഷണം. 3. മാലിന്യ സംസ്‌കരണവും പ്രവര്‍ത്തിച്ച രീതിയും പരിശോധിക്കാന്‍ വിദഗ്‌ദ്ധ സംഘം. ഇതില്‍ മൂന്നാമത്തെ സംഘത്തിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍പോലും കഴിഞ്ഞിട്ടില്ല.
ബ്രഹ്‌മപുരത്ത്‌ ബയോമൈനിങ്‌ കരാറെടുത്ത സോണ്ട ഇന്‍ഫ്രാടെക്കിന്റെ ഗുരുതര വീഴ്‌ചകള്‍ തീപിടിത്തത്തിനു പിന്നാലെ മറനീങ്ങിയിരുന്നു. ബയോ മൈനിങ്ങിനു ശേഷം ബാക്കിവരുന്ന ആര്‍.ഡി.എഫ്‌. തീപിടിത്തത്തിനു മുന്നെ കൃത്യമായി മാറ്റിയില്ല എന്ന കോര്‍പ്പറേഷന്‍ നോട്ടീസ്‌ പുറത്തുവന്നിട്ടും നടപടിയുണ്ടായില്ല.
ജൈവമാലിന്യ സംസ്‌കരണത്തിനു കരാര്‍ എടുത്ത സ്‌റ്റാര്‍ കണ്‍സ്‌ട്രക്ഷന്‍സിന്റെ വീഴ്‌ചകളിലും നടപടിയുണ്ടായിട്ടില്ല. ജൈവമാലിന്യം കൃത്യമായി സംസ്‌കരിക്കാത്തതു കാരണം രൂപപ്പെട്ട മീഥെയ്‌ന്‍ തീപിടിത്തത്തിന്‌ ആക്കം കൂട്ടി. കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന പോലീസ്‌ അന്വേഷണം തീപിടിത്തം സ്വാഭാവികമായി സംഭവിച്ചതാണെന്ന നിഗമനത്തില്‍ അവസാനിച്ച മട്ടാണ്‌

LEAVE A REPLY

Please enter your comment!
Please enter your name here