ബി.ജെ.പിക്കും ക്രൈസ്തവസമൂഹത്തിനും ഇടയിലൊരു പാലമാകും; ജോണി നെല്ലൂര്‍ ബിജെപിയുമായി ചേര്‍ന്നുപോകും

0


കോട്ടയം: കേരള കോണ്‍ഗ്രസും യു.ഡി.എഫും വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ജോണി നെല്ലുരിന്റെ നീക്കത്തിനു പിന്നില്‍ ബി.ജെ.പി. പരമ്പരാഗത വോട്ട് ബാങ്ക് രീതിയില്‍ നിന്നു ക്രൈസ്തവ വിഭാഗങ്ങള്‍ക്കുളള ചാഞ്ചാട്ടം മനസിലാക്കി ജോണി നെല്ലൂര്‍ അടക്കമുളള ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെടുന്ന നേതാക്കളുടെ കൂട്ടായ്മ രൂപപ്പെടുത്തി തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന പി.സി. ജോര്‍ജിന്റെ ജനപക്ഷം ജോണി നെല്ലൂരിന്റെ നീക്കവുമായി സഹകരിക്കാന്‍ തയാറല്ല.

ജോണി നെല്ലൂരിന്‍െ കൂടാതെ മുന്‍ എം.എല്‍.എമാരായ മാത്യു സ്റ്റീഫന്‍, ജോര്‍ജ് ജെ. മാത്യു, പി.എം. മാത്യു എന്നിവരാണ് പുതിയ പാര്‍ട്ടി രൂപീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം ജോണി നെല്ലൂരും മാത്യു സ്റ്റീഫനും പി.എം. മാത്യുവും പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പി.സി. ജോര്‍ജിനെ സമീപിച്ചിരുന്നു. എന്നാല്‍ യോജിച്ച് പോകാന്‍ തയാറല്ലെന്ന നിലപാടാണ് പി.സി. ജോര്‍ജ് സ്വീകരിച്ചത്.

ആറു മാസം മുമ്പ് ഭാരതീയ ക്രൈസ്തവ സംഗമം എന്ന പേരില്‍ എറണാകുളത്ത് ബി.ജെ.പി. പിന്തുണയോടെ ക്രൈസ്തവ വിഭാഗത്തിലെ രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. ജോണി നെല്ലൂര്‍ അടക്കമുള്ളവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ കൂട്ടായ്മയോട് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സമീപനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും രാഷ്ട്രീയ നിലപാട് പ്രഖ്യപിക്കുന്നതെന്ന് ജോണി നെല്ലൂര്‍ അന്ന് വ്യക്തമാക്കിയിരുന്നു. ക്രൈസ്തവരുടെ പാര്‍ട്ടിയെന്ന് ചിത്രീകരിക്കപ്പെടുന്ന കേരള കോണ്‍ഗ്രസിന് ശക്തിയോ അംഗീകാരമോ ഇല്ലെന്നായിരുന്ന അന്നത്തെ യോഗത്തിന്റെ പ്രഖ്യാപനം. ഇതിന് ശേഷമാണ് ബി.ജെ.പി. നേതൃത്വം ഇത്തരം നേതാക്കളുമായി ബന്ധം സ്ഥാപിച്ചെടുത്തത്.

പുതിയ കൂട്ടായ്മയ്ക്ക് രൂപം കൊടുത്ത നേതാക്കള്‍ക്ക് വലിയ ജനപിന്തുണ അവകാശപ്പെടാനില്ലെങ്കിലും ഇവരുടെ മുന്നണി മാറ്റം സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തിലാണ് ബി.ജെ.പി.യുടെ പ്രതീക്ഷ.

പരമ്പരാഗതമായി അകന്നു കഴിഞ്ഞിരുന്ന ക്രൈസ്തവ വിഭാഗങ്ങളുമായുളള അകല്‍ച്ച ഇല്ലാതാക്കാന്‍ ഈ നേതാക്കളുടെ വരവോടെ കഴിയുമെന്നാണ് ബി.ജെ.പി.നേതൃത്വം കരുതുന്നത്. എന്നാല്‍ ഇവരുടെ കൂടുമാറ്റം മൂലം നേട്ടം ലഭിക്കുന്നത് ഇടതുമന്നണിക്കാകും. യു.ഡി.എഫിന് പരമ്പരാഗതമായി കിട്ടിയിരുന്ന വോട്ട് കുറയുമ്പോള്‍ എല്‍.ഡി.എഫിനെ പ്രതിരോധിക്കാനുളള യു.ഡി.എഫിന്റെ ശക്തിയാണ് കുറയുന്നത്.

കേരള കോണ്‍ഗ്രസ് വിട്ട ജോണി നെല്ലൂരും സംഘവും രൂപംകൊടുക്കുന്ന പാര്‍ട്ടി ബി.ജെ.പിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. ഏതാനും നാളുകളായി അണിയറയില്‍ ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു.

ക്രിസ്ത്യന്‍ സമുദായം യു.ഡി.എഫില്‍ അവഗണിക്കപ്പെടുന്നുവെന്നതാണ് പുതിയപാര്‍ട്ടി രൂപീകരണത്തിലേക്ക് നയിച്ച കാതലായ വിഷയമെന്നാണ് കരുതപ്പെടുന്നത്. ഉമ്മന്‍ചാണ്ടി ദുര്‍ബലനായതോടെ സഭകളുമായി യു.ഡി.എഫിനെ ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍ ദുര്‍ബലമായിയെന്നാണ് നെല്ലൂരും കൂട്ടരും കരുതുന്നത്.

ക്രൈസ്തവരെകൂട്ടി പുതിയ പാര്‍ട്ടി രൂപീകരിക്കാമെന്നാണ് ഇവര്‍ ആദ്യം കരുതിയിരുന്നത്. കളമശേരിയില്‍ ഏതാനും നാള്‍ മുമ്പ് യോഗം വിളിക്കുകയും ചെയ്തിരുന്നു. പ്രമുഖ ബിഷപ്പായിരുന്നു ഉദ്ഘാടകന്‍. മൂവായിരംപേര്‍ പങ്കെടുക്കുമെന്ന് പ്രചരിപ്പിച്ചിരുന്നുവെങ്കിലും മുന്നൂറുപേര്‍ പോലും എത്തിയിരുന്നില്ല. ബിഷപ്പിനാകട്ടെ ഇതില്‍ വലിയ അതൃപ്തിയുമുണ്ടായി. യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു.

പിന്നീടാണ് ക്രൈസ്തവര്‍ക്കു പുറമേ ഇതര വിഭാഗങ്ങളെയും അഭ്യൂദയകാംക്ഷികളെയും കൂട്ടിക്കൊണ്ട് പുതിയ പാര്‍ട്ടി എന്ന നിലപാടിലേക്ക് എത്തിയത്. ഇത്തരമൊരു ശ്രമത്തിന് ബി.ജെ.പി. പിന്തുണ വാഗ്ദാനം ചെയ്തതോടെ ചര്‍ച്ചകള്‍ വീണ്ടും ഉഷാറായി.

അടുത്തയാഴ്ച പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനു മുന്നേ പാര്‍ട്ടിയുടെ പേരു പുറത്തുവരുമെന്നാണു സൂചന. പ്രധാനമന്ത്രിയെ നേരില്‍ക്കാണാനും നേതാക്കള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ബി.ജെ.പിക്കും ക്രൈസ്തവസമൂഹത്തിനും ഇടയിലൊരു പാലമായി വര്‍ത്തിക്കാനാകും പുതിയ പാര്‍ട്ടി ശ്രമിക്കുകയെന്നും സൂചനയുണ്ട്

Leave a Reply