യുഎഇയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടു

0

വൈശാഖ് നെടുമല

ദുബായ്: അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. യുഎഇയുടെ റാഷിദ് റോവറിനെയും വഹിച്ചുള്ള ചാന്ദ്രദൗത്യം അവസാനനിമിഷം പരാജയപ്പെടുകയായിരുന്നുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

ഫ്‌ളോറിഡ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് കഴിഞ്ഞ ഡിസംബറില്‍ വിക്ഷേപിച്ച പേടകത്തിന്റെ ലാന്‍ഡിങ്ങിനു തൊട്ടുമുമ്പുവരെ ലാന്‍ഡറുമായി ആശയവിനിമയം സാധ്യമായിരുന്നു. എന്നാല്‍, അവസാന നിമിഷം ആശയവിനിമയം നഷ്ടമായി. ലാന്‍ഡിങ് വിജയകരമായില്ലെന്നാണു പ്രാഥമിക നിഗമനമെന്ന് ഐ സ്‌പേസ് വിശദമാക്കി. ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതായും ഐ സ്‌പേസ് വിശദമാക്കി.

ചന്ദ്രനിലെ മണ്ണ്, പൊടിപടലം, ഫോട്ടോ ഇലക്‌ട്രോണ്‍ കവചം തുടങ്ങിയവയുടെ ഗവേഷണത്തിനും പഠനത്തിനുമായിരുന്നു യുഎഇ ദൗത്യം. ചന്ദ്രനിലെ അറ്റ്‌ലസ് ഗര്‍ത്തത്തില്‍ ഇറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യ പര്യവേഷണ പേടകമാണ് റാഷിദ് റോവര്‍. ജപ്പാനിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ ഐ സ്‌പേസുമായി സഹകരിച്ചായിരുന്നു ദൗത്യം. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് റാഷിദ് റോവര്‍ നിര്‍മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here