പ്രധാനമന്ത്രിയുടെ യു.എസ് സന്ദർശനം ഇന്ന് അവസാനിക്കും; ഈജിപ്ത് പര്യടനം ഇന്നാരംഭിക്കും

0

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം ഇന്ന് അവസാനിക്കും. വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായും സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമായും മോദി ഇന്നലെ കൂടിക്കാഴ്ച നടത്തി. പ്രമുഖ അമേരിക്കൻ കമ്പനി മേധാവികളെയും പ്രധാനമന്ത്രി കണ്ടു.

വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ബോയിങ്, ആമസോൺ, ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികളുടെ സി.ഇ.ഒമാർ പങ്കെടുത്തു. ഇന്ത്യയിലെ ഡിജിറ്റൽ രംഗത്ത് 10 ബില്ല്യൻ യു.എസ് ഡോളർ നിക്ഷേപിക്കുമെന്ന് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ അറിയിച്ചിരുന്നു.

ഇന്ത്യൻ വ്യവസായ പ്രമുഖരായ ആനന്ദ് മഹീന്ദ്ര, മുകേഷ് അംബാനി, നിഖിൽ കാമത്ത്, വൃന്ദ കപൂർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വൈസ് പ്രസിഡന്‍റ് കമലാ ഹാരിസും സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റില്‍ മോദിക്ക് വിരുന്നൊരുക്കി. നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനം ഉഭയകക്ഷിബന്ധത്തെ പുതിയ തലത്തിലേക്കെത്തിക്കുമെന്ന് കമല ഹാരിസ് പറഞ്ഞു. യു.എസിലെ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

ഈജിപ്ത് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കെയ്റോയിലേക്ക് തിരിക്കും. യുഎസ് സന്ദർശനം പൂർത്തിയാക്കി എത്തുന്ന പ്രധാനമന്ത്രി ഒന്നാം ലോകയുദ്ധത്തിൽ വീരമൃത്യു വരിച്ച നാലായിരം ഇന്ത്യൻ സൈനികരുടെ സ്മാരകത്തിൽ ആദരം അർപ്പിച്ചാണ് ദ്വിദിന സന്ദർശനം ആരംഭിക്കുക. ഇതാദ്യമാണ് മോദി ഈജിപ്ത് സന്ദർശിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ് ഫത്താ അൽ സിസിയുമായി ചർച്ച നടത്തും.

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസിൽ സംയുക്ത പ്രസ്താവനയ്ക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയിരുന്നു.ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനമില്ല. ഇത്തരം ചോദ്യങ്ങൾക്ക് തന്നെ പ്രസക്തിയില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ എന്ത് നടപടികളാണ് സ്വീകരിക്കുന്നത് എന്നതായിരുന്നു ചോദ്യം. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ജനാധിപത്യത്തിൽ വിവേചനത്തിന് സ്ഥാനമില്ലെന്നും മോദി മറുപടി നൽകി. ജനാധിപത്യം ഡിഎൻഎയിൽ അലിഞ്ഞു ചേർന്നിട്ടുള്ള രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയെന്നും മോദി കൂട്ടിച്ചേർത്തു.

“ജനാധിപത്യം നമ്മുടെ ആത്മാവാണ്, നമ്മൾ അതിൽ ജീവിക്കുന്നു. നമ്മുടെ പൂർവ്വികർ അത് ഭരണഘടനയുടെ രൂപത്തിൽ കുറിച്ചുവച്ചിട്ടുണ്ട്. ജനാധിപത്യം ഉറപ്പുവരുത്താൻ കഴിയുമെന്ന് നമ്മുടെ ഗവൺമെന്റും തെളിയിച്ചിട്ടുള്ളതാണ്. ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലുള്ള ഒരു വിവേചനത്തിനും ജനാധിപത്യത്തിൽ സ്ഥാനമില്ല” – മോദി പറഞ്ഞു.

Leave a Reply