ബെംഗളൂരു ∙ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ) 2011ൽ വിക്ഷേപിച്ച ഉപഗ്രഹം ഇന്നു നിയന്ത്രണവിധേയമായി തിരിച്ചിറക്കുന്നു. 2011 ഒക്ടോബർ 12നു വിക്ഷേപിച്ച മേഘാ ട്രോപിക്സ്–1 എന്ന കാലാവസ്ഥാപഠന ഉപഗ്രഹമാണ് വൈകിട്ട് 4.30 നും 7.30 നും ഇടയ്ക്കു പസിഫിക് സമുദ്രത്തിലെ നിശ്ചിത മേഖലയിൽ പതിക്കുക. തെക്കേ അമേരിക്കയിൽ പെറുവിന്റെ തലസ്ഥാനമായ ലിമയിൽനിന്ന് ഏകദേശം 3800 കിലോമീറ്റർ അകലെയാണിത്.
കാലഹരണപ്പെട്ട ഉപഗ്രഹത്തിൽ 125 കിലോഗ്രാം ഇന്ധനം ബാക്കിയുണ്ട്. നിലവിൽ 870 കിലോമീറ്റർ ഭ്രമണപഥത്തിലുള്ള ഉപഗ്രഹം 300 കിലോമീറ്റർ ഭ്രമണപഥത്തിലേക്കു താഴ്ത്തിയശേഷം പലതവണ ഭൂമിയെച്ചുറ്റി ഇന്ധനത്തിന്റെ അളവ് കുറയ്ക്കും. ഇതിനു പറ്റിയില്ലെങ്കിൽ താഴ്ന്ന ഭ്രമണപഥത്തിൽ നിലനിർത്തും.
മറ്റു പല രാജ്യങ്ങളും ഉപഗ്രഹങ്ങൾ തിരിച്ചിറക്കിയിട്ടുണ്ടെങ്കിലും പലതും ആ രീതിയിൽ രൂപകൽപന ചെയ്തവയാണ്. മേഘാ ട്രോപിക്സ്–1 അങ്ങനെയല്ലെന്നതാണ് ഇപ്പോഴത്തെ ദൗത്യത്തിന്റെ വെല്ലുവിളി. ബഹിരാകാശ മാലിന്യം വലിയ പ്രതിസന്ധിയാകുന്ന സാഹചര്യത്തിലാണ് ഉപഗ്രഹം തിരിച്ചിറക്കുന്നത്. വിജയമായില്ലെങ്കിൽ ഇതു 100 വർഷമെങ്കിലും ഇപ്പോഴത്തെ ഭ്രമണപഥത്തിൽ തുടരും. ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സിഎൻഇഎസുമായി ചേർന്നു വിക്ഷേപിച്ചതാണ് മേഘ ട്രോപിക്സ്–1. കഴിഞ്ഞവർഷം നിയന്ത്രണവിധേയമല്ലാത്ത രീതിയിൽ ഇസ്റോയുടെ റിസാറ്റ് 2 ഉപഗ്രഹം തിരിച്ചിറങ്ങിയിരുന്നു