കോടതിയിൽ അപമര്യാദയായി പെരുമാറിയ അഭിഭാഷകനെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേസ് എടുത്തു

0

കോടതിയിൽ അപമര്യാദയായി പെരുമാറിയ അഭിഭാഷകനെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേസ് എടുത്തു. അഭിഭാഷകനായ യശ്വന്ത് ഷേണായ്ക്കെതിരെയാണ് ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചത്. ജസ്റ്റിസ് മേരി ജോസഫിന്റെ പരാതിയിലാണ് നടപടി. കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു.

കേസ് വാദത്തിനിടെ മോശം പരാമർശങ്ങൾ നടത്തിയതും അപമര്യാദയോടെ പെരുമാറിയതും ചൂണ്ടിക്കാട്ടി ജസ്റ്റിസ് മേരി ജോസഫ് നൽകിയ പരാതിയിലാണ് അഭിഭാഷകനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് അനുമതി നൽകിയത്. ഒരുകേസിന്റെ വാദത്തിനിടെ ജസ്റ്റിസ് മേരി ജോസഫിനെതിരെ അഡ്വ. യശ്വന്ത് ഷേണായ് ആരോപണങ്ങൾ ഉന്നയിക്കുകയും, ശബ്ദമുയർത്തി സംസാരിക്കുകയും ചെയ്തു. ജഡ്ജിയുമായി വാക്കുതർക്കത്തിന് ശേഷം ഈ പദവിയിൽ നിന്ന് നീക്കം ചെയ്യുമെന്ന തരത്തിൽ കയർത്തു സംസാരിച്ചുവെന്നാണ് ആരോപണം

ജസ്റ്റിസ് മേരി ജോസഫ് പരാതി നൽകിയതിനെ തുടർന്നാണ് ഹൈക്കോടതി രജിസ്ട്രി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്. രണ്ടാഴ്ച മുമ്പ് ഈ വിഷയത്തിൽ നടപടിക്രമങ്ങൾ ആരംഭിച്ചു. അഡ്വ.യശ്വന്ത് ഷേണായിയുടെ പെരുമാറ്റം കോടതിയെ അപകീർത്തിപ്പെടുത്തതും, ജുഡീഷ്യൽ നടപക്രമങ്ങളിലെ ഇടപെടലാണെന്നും കോടതിയലക്ഷ്യ ഹർജിയിൽ പറയുന്നു. ഇത്തരം പെരുമാറ്റം കോടതിയുടെ അധികാരത്തെ ഇകഴ്‌ത്തി കാട്ടുന്നതാണെന്നും കോടതിയലക്ഷ്യത്തിന് മതിയായ കാരണമാകുമെന്നും ഹർജിയിൽ പറയുന്നു. വിഷയം പരിശോധിച്ച ചീഫ് ജസ്റ്റിസ് ക്രിമിനൽ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്ന ബഞ്ചിലേക്ക് ഹർജി അയച്ചു. ഇന്നലെ ജസ്റ്റിസ് എ മുഹമ്മദ് മുഷതാഖും, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങുന്ന ഡിവിഷൻ ബഞ്ച് അഡ്വ.ഷേണോയിക്ക് നോട്ടീസ് അയച്ചു. നടപടികളിൽ കോടതിയെ സഹായിക്കാനായി മുതിർന്ന അഭിഭാഷക സീമന്തിനിയെ നിയോഗിക്കുകയും ചെയ്തു.

നേരത്തെ, ജസ്റ്റിസ് മേരി ജോസഫ് തന്റെ ബഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യുന്ന കേസുകൾ 20 വിഷയങ്ങളായി ആയി ചുരുക്കിയെന്ന് ആരോപിച്ച് അഡ്വ ഷേണോയി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. മറ്റുജഡ്്ജിമാർ നൂറോ അതിലധികമോ വിഷയങ്ങൾ ദിവസവും ലിസ്റ്റ് ചെയ്യാറാണ്ടെന്നും, ചീഫ് ജസ്റ്റിസിന് മാത്രമേ കേസുകൾ ലിസ്റ്റ് ചെയ്യാൻ രജിസ്ട്രിക്ക് നിർദ്ദേശം നൽകാൻ അധികാരമുള്ളുവെന്നും അഡ്വ.ഷേണോയ് വാദിച്ചു. മറ്റുജഡ്ജിമാർക്ക് അതിൽ ഇടപെടാനോ, പട്ടിക ചുരുക്കാൻ രജിസ്ട്രിയോട് ആവശ്യപ്പെടാനോ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. റിട്ട് ഹർജി ബുധനാഴ്ച ജസ്റ്റിസ് ഷാജി പി ചാലിയുടെ സിംഗിൾ ബഞ്ച് പരിഗണിച്ചിരുന്നു.

Leave a Reply