കോഴിക്കോട്ട് വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎയും ഹാഷിഷ് ഓയിലുമായി പ്രതി പിടിയിൽ; പിടിച്ചെടുത്തത് മുപ്പത് ലക്ഷം രൂപയുടെ മയക്കുമരുന്ന്

0


കോഴിക്കോട്: നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. പത്ത് ലക്ഷം രൂപയോളം വില വരുന്ന 256 ഗ്രാം എംഡിഎംഎയും ഇരുപത് ലക്ഷത്തോളം രൂപ വിലവരുന്ന 434 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ടൗൺ അസി. കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഇൻസ്‌പെക്ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് നല്ലളം സ്വദേശിയായ ലബൈക്ക് വീട്ടിൽ ജെയ്‌സലിനെ പിടികൂടിയത്.

വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായാണ് ഇയാൾ പിടിയിലായത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്നിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ എംഡിഎംഎ ഉൾപ്പെടെ മാരകമായ ലഹരി മരുന്ന് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

സിന്തറ്റിക്- സെമി സിന്തറ്റിക് മയക്കുമരുന്നുകൾ സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് വിൽപ്പന നടത്തിയിരുന്ന ജെയ്‌സൽ ആദ്യമായാണ് പൊലീസിന്റെ പിടിയിലാകുന്നത്. ആന്ധ്ര, മണാലി, ബംഗളൂരു എന്നിവടങ്ങളിൽ നിന്നും എത്തിക്കുന്ന മയക്കുമരുന്നാണ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നത്. മയക്കുമരുന്ന് വിൽപ്പനയിലൂടെ പണം സമ്പാദിക്കുന്നതിൽ സംശയം തോന്നാതിരിക്കാൻ സുഹൃത്തുക്കളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം കടമെടുക്കാറാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു.

ഇതര സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറികൾ കൊണ്ടുവരുന്നതിന്റെ മറവിലാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. കുറഞ്ഞ വിലയിൽ കടത്തിക്കൊണ്ടുവരുന്ന ഹാഷിഷ് ഓയിൽ ഗ്രാമിന് രണ്ടായിരം രൂപയ്ക്കാണ് പ്രതി വിൽപ്പന നടത്തിയിരുന്നത്. മണാലി ചരസ് എന്ന പേരിൽ വിപണിയിലിറങ്ങുന്ന ഹാഷിഷ് ഓയിൽ വൻ വില നൽകി വാങ്ങാൻ ആളുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഫോണിൽ പ്രത്യേക ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം ഇതുവഴി ആവശ്യക്കാരുമായി ആശയവിനിമയം നടത്തിയാണ് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.

സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, എ പ്രശാന്ത്കുമാർ, സി കെ സുജിത്ത്, കസബ സബ് ഇൻസ്‌പെക്ടർ രാംദാസ്, സീനിയർ സിപിഒമാരായ പി എം രതീഷ്, വി കെ. ഷറീനബി, അജയൻ, എൻ രഞ്ജുഷ്, മനോജ്, സുനിൽ കൈപ്പുറത്ത്, ശ്രീശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here