കൊടിയേറി, ഇനി ഗുരുവായൂരപ്പന്റെ ഉത്സവ ചടങ്ങുകളെക്കുറിച്ച് അറിയാം

0

ഹരേ ഗുരുവായൂരപ്പ… നാമങ്ങള്‍ ധന്യത പകര്‍ന്ന രാവില്‍ ഗുരുവായൂര്‍ ഉല്‍സവത്തിന് കൊടിയേറി. കുംഭമാസത്തിലെ പുണ്യമായ പൂയം നാളിലെ കൊടിയേറ്റത്തിന് ആയിരക്കണക്കിന് ഭക്തര്‍ സാക്ഷിയായി. ഇനി പത്തുനാള്‍ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹദായക വേള.
ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടന്നത്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രന്‍, മനോജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ സന്നിഹിതരായി. കൊടിയേറ്റ് ചടങ്ങ് പൂര്‍ത്തിയായതോടെ മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ കലാപരിപാടികളുടെ ഉദ്ഘാടനവും നടന്നു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ഭദ്രദീപം തെളിയിച്ചു. കഥകളി കലാകാരന്‍ കലാമണ്ഡലം ഗോപിക്കും കേരളകലാമണ്ഡലം ടീമിനും അദ്ദേഹം ദേവസ്വം ഉപഹാരം നല്‍കി. തുടര്‍ന്ന് കേരള കലാമണ്ഡലം ടീമിന്റെ കഥകളി അരങ്ങേറി.

കൊടിയേറി കഴിഞ്ഞതോടെ അത്താഴപൂജയും പിന്നാലെ ശ്രീഭൂതബലിയും വിളക്കാചാരവും നടന്നു. ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ഉത്സവം ദിക്കു കൊടികള്‍ ഉയര്‍ത്തല്‍, പാഠകം ചൊല്ലല്‍ രാവിലത്തെ ഉഷപൂജ കഴിഞ്ഞു നട തുറന്നാല്‍ രണ്ടാം ഉത്സവത്തിലെ പ്രധാന ചടങ്ങായ അഷ്ടദിക്കുകൊടികള്‍ സ്ഥാപിക്കും.
ഉത്സവത്തിന്റെ ചടങ്ങുകള്‍, അഷ്ടദിക്പാലകന്മാരായ ഭഗവാന്റെ പാര്‍ഷദന്മാരെ ഏല്‍പ്പിക്കുന്നുവെന്നാണ് സങ്കല്പം. ചുറ്റമ്പലത്തിന്റെ കിഴക്കു ഭാഗം കുമുദന്‍ തെകു-കിഴക്ക് കുമുദാക്ഷന്‍, തെക്ക് പുണ്ഡരീകന്‍, തെക്കു പടിഞ്ഞാറ് വാമനന്‍, പടിഞ്ഞാറ് ശങ്കുകര്‍ണ്ണന്‍, വടക്കു പടിഞ്ഞാറന്‍ സര്‍വ്വനേതന്‍, വടക്ക് സുമുഖന്‍, വടക്കു-കിഴക്ക് സുപ്ര ദീക്ഷിതന്‍ എന്നിങ്ങനെ എട്ടു ദിക്കുകളിലായി ക്ഷേത്രം ഓതിക്കന്മാര്‍ പ്രത്യേകം മണികൊട്ടി പൂജ നടത്തി ദിക്കൊടികള്‍ സ്ഥാപിക്കും. കൂടാതെ ശാസ്താക്ഷേത്രത്തിന് മുന്നില്‍ ശാസ്താവിനും തെ ക്കുവശത്ത് ഭദ്രകാളിക്കും ഓരോ കൊടികളും സ്ഥാപിക്കും. ഇതിന് പ്രത്യേക പൂജ പതിവില്ല.

ചെറിയ മുളംകാലുകളില്‍ കൊടിയും മണിയും കെട്ടുന്ന ദിക്കു കൊടിയേറ്റ ചടങ്ങിന് ശേഷം നടക്കുന്ന വിശേഷാല്‍ കാഴ്ചശീവേലിയുടെ ആദ്യ പ്രദക്ഷിണത്തില്‍ മേല്‍ശാന്തി ബലിതൂവും. രണ്ടാമത്തെ പ്രദക്ഷിണം സാധാരണ മട്ടില്‍ മാത്രം. എന്നാല്‍ മൂന്നാമത്തെ പ്രദക്ഷിണം മൂന്നു ആനകളെ നിരത്തി മേളക്കൊഴുപ്പോടെയാണ്. ഭഗവാന്റെ കോലം ആനപ്പുറത്തു എഴുന്നള്ളിക്കും. ഉത്സവ ശീവേലിക്ക് മുന്നില്‍ വര്‍ണക്കൊടികള്‍ പിടിച്ചു ഭക്തര്‍ അണിനിരക്കും. അതിനും മുന്നില്‍ നിരനിരയായി ഞൊറികളുള്ള തഴ, ചക്രവര്‍ത്തിയുടെ അധികാര ചിഹ്നമായ സൂര്യമറ എന്നിവ എഴുന്നള്ളിപ്പിന്റെ ഭാഗമായി അണിനിരക്കും. വെഞ്ചാമരം വീശുകയും പഞ്ചാരിമേളം കൊട്ടിക്കയറുകയും ചെയ്യും. ഉത്സവ കാലത്തെ കാഴ്ച ശീവേലി മ തില്‍ക്കകത്തു അഭൗമമായ അന്തരീക്ഷം തീര്‍ക്കും.

ശീവേലി തീരുന്നതോടെ ഭഗവാന് പാലഭിഷേകം, നവകം, പന്തീരടി പൂജ എന്നിവ നടക്കും. പന്തീരടി പൂജ കഴിഞ്ഞു നട തുറന്നാല്‍ ശ്രീഭൂതബലിയോടനുബന്ധിച്ച് നാലമ്പലത്തിനുള്ളില്‍ ബലിക്കല്ലുകളില്‍ ഹവിസ്സു തൂവും. ഈ സമയം ഭഗവാനെ സപ്തമാതൃക്കള്‍ക്കു സമീപം വീരാളിപ്പട്ടു വിരിച്ചു തയ്യാറാക്കിയ സ്വര്‍ണ്ണ പഴുക്കാ മണ്ഡപത്തില്‍ എഴുന്നള്ളിച്ചിരുത്തും. ഭഗവാന് കാണിക്കയിട്ടു തൊഴുതു അനുഗഹം വാങ്ങാന്‍ ഭക്തര്‍ ഈ അവസരത്തില്‍ തിരക്കുകൂട്ടും. കൂട്ടിക്കൊട്ടിന്റെ മേള കൊഴുപ്പും അന്തരീക്ഷത്തെ ഭക്തി നിര്‍ഭരമാക്കും. ചെണ്ട, മദ്ദളം, ഇടംതല, കുഴ ല്, കൊമ്പ് തുടങ്ങിയ വാദ്യങ്ങളുടെ മുഴക്കമാണ് അന്തരീക്ഷത്തില്‍ നിറയുക. പിന്നീടു പുറത്തേക്കു ശ്രീഭൂതബലി എഴുന്നള്ളത്തിനു ഇറങ്ങും. നാല് തവണയുള്ള പ്രദക്ഷിണത്തില്‍ രണ്ടാം തവണ വലിയബലിക്കല്ലില്‍ ഹവിസ്സു തൂവുമ്പോള്‍ നടക്കുന്ന കൂട്ടിക്കൊട്ടു മാസ്മരികത തീര്‍ക്കും. പിന്നെ, ഭഗവാനെ അകത്തേക്ക് എഴുന്നള്ളിക്കുകയും നവകം, ഉച്ചപൂജ എന്നിവ നടത്തി നട അടയ്ക്കും. പിന്നെ, കൂത്തമ്പലത്തില്‍ ചാക്യാര്‍കൂത്തിന്റെ സമയമാണ്. പ്രബന്ധകൂത്താണ് നടത്തുന്നത്. ഇത് തീരുന്നതോടെ നട തുറന്ന് ആഘോഷമായ കാഴ്ചശീവേലി തുടങ്ങാറാകും.

കാഴ്ചശീവേലി
കാഴ്ചശീവേലിയുടെ ഊഴമാണ് ഇനി. ശീവേലിയുടെ ആദ്യ മൂന്നു പ്രദക്ഷിണങ്ങള്‍ തിടമ്പെടുത്തു പാണികൊട്ടിയുള്ളതാണ്. നാലാമത്തെ പ്രദക്ഷിണത്തിനു മൂന്നാനകളുണ്ടാകും. ആനപ്പുറത്തു ഭഗവാന്റെ കോലം കയറ്റും. മേളവിസ്താരത്തോടെ ആഘോഷമായി ഇത് കഴിഞ്ഞാല്‍ അഞ്ചാമത്തെ പ്രദക്ഷിണത്തിനു ഒരു ആനയെ ഉണ്ടാവുകയുള്ളു. ചെമ്പടകൊട്ടി പ്രദക്ഷിണമായി വരും. വൈകിട്ട് ആറു മണിയോടെ ഭഗവാനെ അകത്തേക്ക് എഴുന്നള്ളിച്ചു ദീപാരാധന നടത്തും. കൊടിമരത്തിന് തെക്കു മാറി നാഗസ്വരത്തിനും മദ്ദളപ റ്റിനും ഉള്ള സമയമാണിനി. മദ്ദളങ്ങളുടെ കൊട്ടിപ്പെരുക്കത്തില്‍ അന്തരീക്ഷം മുഖരിതമാകും. മാത്രമല്ല, മ തില്‍ക്കകത്തു പല ഭാഗത്തായി ആറോളം പേര്‍ പാഠകം അവതരിപ്പിക്കും. ഏതാണ്ടു ഒരു മണിക്കൂര്‍ ഇത് നീളും. അത്താഴപൂജയ്ക്ക് വിശേഷാല്‍ നിവേദ്യമായി ഇരിട്ടി പായസം (ഇടിച്ചു പിഴിഞ്ഞ പായസം) ഉണ്ടാകും. തുടര്‍ന്ന് നടക്കുന്ന ശ്രീഭൂതബലിയുടെ നാല് പ്രദക്ഷിണങ്ങള്‍ കഴിഞ്ഞാല്‍ അഞ്ചാമത്തെ പ്രദക്ഷിണം വട ക്കേനടയില്‍ എത്തുമ്പോള്‍ ആനപ്പുറത്തുനിന്നു ഭഗവാന്റെ സ്വര്‍ണതിടമ്പ് പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളി ച്ചുവയ്ക്കും. വീരാളിപ്പട്ടു വിരിച്ചു പഴുക്കാമണ്ഡപത്തിനു ആലവട്ടം, വെഞ്ചാമരം എന്നിവയുടെ അഴകുമുണ്ടാ കും. ചുറ്റും കുത്തുവിളക്കുകള്‍ നിരത്തിവയ്ക്കും. മുന്നില്‍ ദീപസ്തംഭവും സുഗന്ധധൂമങ്ങളും ചേരുമ്പോള്‍ ഭക്തിസാന്ദ്രമായ നിമിഷങ്ങള്‍ ഒരുങ്ങും. തുടര്‍ന്ന് വാദ്യകലകള്‍ ഭഗവാന്റെ മുന്നില്‍ അരങ്ങേറുകയായി.

തായമ്പകയാണ് പ്രധാനം. മൂന്നു തായമ്പക കൊട്ടികഴിയുമ്പോള്‍ ഏകദേശം മൂന്ന് മണിക്കൂറോളം എടുക്കും. പിന്നെ, കൊമ്പു പറ്റ്, കുഴല്‍പറ്റ് അരങ്ങേറും. അപ്പോഴേക്കും നേരം ഒരു മണിയാകും. വടക്കേനടയില്‍ നിന്ന് ഭഗവാന്റെ തിടമ്പു വീണ്ടും ആനപ്പുറത്തു കയറ്റി പ്രദക്ഷിണം പൂര്‍ത്തിയാക്കിയാല്‍ ആറാമത്തെ പാണി പദ ക്ഷിണവും ഇടയ്ക്കയും നാഗസ്വരവും ചേര്‍ന്നുള്ള ഏഴാമത്തെ പ്രദക്ഷിണവും നടക്കും. എട്ടാമത്തെ പ്രദക്ഷിണം പഞ്ചാരി മേളത്തോടെയും ഒന്‍പതില്‍ ഒരാന മാത്രമുള്ള പ്രദക്ഷിണവുമായി നടത്തും. ഒന്നരമണിയോടെ ഭഗവാനെ അകത്തേക്ക് എഴുന്നള്ളിച്ചാല്‍ രണ്ടാം ദിവസത്തെ ചടങ്ങുകള്‍ കഴിയും.

മൂന്ന്, നാല്, അഞ്ച് ഉത്സവങ്ങള്‍
മൂന്നു നാല് അഞ്ചു ഉത്സവങ്ങള്‍ രണ്ടാം ഉത്സവ ദിവസത്തിലെ ദിക്കുകൊടികള്‍ സ്ഥാപിക്കുന്നതു ഒഴിച്ചുള്ള കര്‍മ്മങ്ങളെല്ലാം അതേപോലെ മൂന്ന്, നാല്, അഞ്ചു ഉത്സവ ദിവസങ്ങളില്‍ തുടരും. രാവിലെയും രാത്രിയിലുമുള്ള ശ്രീഭൂത ബലി, വിളക്കെഴുന്നള്ളിപ്പ്, മേളങ്ങള്‍ തുടങ്ങിയവ ഈ ദിവസങ്ങളില്‍ രണ്ടാം ഉത്സവത്തിലേതുപോലെതന്നെ.

ആറാം ഉത്സവം
ആറാം ഉത്സവത്തിന് വിശേഷാല്‍ വകകൊട്ടുക എന്നൊരു ചടങ്ങുണ്ട്. രാവിലത്തെ ശീവേലിക്കണിത്. പുന്നത്തൂര്‍ കോവിലകം വകയായി നടത്തിവന്ന ചടങ്ങാണിത്. മൂന്നാമത്തെ പ്രദക്ഷിണം വടക്കേ നടയില്‍ എത്തുമ്പോഴാണ് വകകൊട്ട്.

ഏഴാം ഉത്സവം
ഏഴാം ഉത്സവത്തിനും സാധാരണ ചടങ്ങുകള്‍ മാത്രം. മൂന്ന്, നാല്, അഞ്ചു ഉത്സവദിവസങ്ങളിലെ പോലെ, വാദ്യമേളങ്ങളുടെ പ്രസക്തിയും പ്രാധാന്യവും ഏഴാം വിളക്കോടെ സമാപിക്കും.

എട്ടാം ഉത്സവം
ഉത്സവബലി, പാതാനം പകര്‍ച്ച. താന്ത്രികമായ ചടങ്ങുകള്‍ക്കു പ്രധാന്യമുള്ള ഉത്സവബലി ഒരു ദിവസം മാത്രമേയുള്ളൂ. അത് എട്ടാം ഉത്സവത്തിനാണ്. രാവിലത്തെ കാഴ്ചശീവേലി എട്ടു മണിയോടെ കഴിയും. പിന്നെ കൊടിമരച്ചുവട്ടില്‍ എഴുന്നള്ളി നില്‍ക്കുന്ന ഭഗവാന് മുന്നില്‍ കൊമ്പുകാരുടെ ഗംഭീര കൊമ്പു പറ്റാണ്. 25 കൊമ്പുകളുടെ നാദധ്വനി അരമണിക്കൂറോളം മുഴങ്ങും. പിന്നെ, ഭഗവാനെ അകത്തേക്ക് എഴുന്നള്ളിച്ചു പാലഭിഷേകം, നവകം, പന്തീരടി എന്നിവ നടത്തും. വലിയപാണി കൊട്ട് ഉയരുന്നതോടെ ഉത്സവബലി ചടങ്ങുകള്‍ തുടങ്ങും. മുപ്പത്തിമുക്കോടി ദേവകളെയും ക്ഷണിച്ചു വരുത്തി ഭഗവാന്റെ സാന്നിധ്യത്തില്‍ അന്നം നല്‍കുന്ന വിശിഷ്ടമായ ഉത്സവബലി രാവിലെ 9 മണിയോടെ തുടങ്ങിയാല്‍ ഉച്ചതിരിഞ്ഞു 4 മണിവ രെയുണ്ടാകും. ക്ഷേത്രത്തിലെ എല്ലാ ബലിക്കല്ലിലെയും മൂടി തുറന്നു മണികൊട്ടി പ്രത്യേക പൂജ നടത്തും.

ഉത്സവബലി പൂര്‍ത്തിയാകും വരെ തന്ത്രി, ഓതിക്കന്‍ കീഴ്ശാന്തി, കഴകക്കാരന്‍, മാരാര്‍ എന്നിവര്‍ ജലപാനം കഴിക്കുകയില്ല. ഉത്സവബലിയോടനുബന്ധിച്ചു ഏഴ് പ്രദക്ഷിണമാണ്. ഇതില്‍ ഒടുവിലത്തേത് ഓട്ട പ്രദക്ഷിണവും. ഉത്സവബലി തീര്‍ന്നു നവകവും ഉച്ചപൂജയും കഴിയുമ്പോള്‍ വൈകിട്ട് നാല് മണിയാകും. തുടര്‍ന്ന് നടക്കുന്ന ശീവേലിക്ക് അഞ്ചു പ്രദക്ഷണമുണ്ടെങ്കിലും മേളം വിസ്തരിക്കാറില്ല. ഉത്സവബലി ദര്‍ശനം വളരെ പുണ്യമായാണ് കരുതുന്നത്. രാത്രിയില്‍ വടക്കേ നടയില്‍ പഴുപമണ്ഡപത്തി ഭഗവാനെ എഴുന്നള്ളിച്ച് വച്ച് തായമ്പക നടക്കുമ്പോള്‍ അതിനു മുന്നിലായി പാതാനം പകര്‍ച്ച തുടങ്ങും. നിലവിളക്കു കൊളുത്തി ക്ഷേത്ര ഊരാളന്‍ മല്ലിശ്ശേരി നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ രണ്ടു ചെമ്പുചോറ് ഒരുക്കിവയ്ക്കും. ഇത് ദേശക്കാര്‍ക്കെല്ലാം പകര്‍ച്ചയായി നല്‍കും. ആരും തന്നെ പട്ടിണി കിടക്കാന്‍ പാടില്ലെന്ന സങ്കല്പമാണ് ഇതിന് പന്നില്‍.

ഒന്‍പതാം ഉത്സവം
രാവിലെ മേളത്തോടെ കാഴ്ചശീവേലി. ഇത് ഒന്‍പതരയോടെ കഴിഞ്ഞാല്‍ പാലഭിഷേകം, നവകം, പന്തീരടിപൂജ എന്നിവ നടക്കും. തുടര്‍ന്നു ശ്രീഭൂതബലിയും ഉച്ചപൂജയും.

വൈകീട്ട് നട തുറന്നാല്‍ നാലു പ്രദക്ഷിണത്തോടെ ശ്രീഭൂതബലി. തുടര്‍ന്ന് ഭഗവാനെ അകത്തേക്ക് എഴുന്നള്ളത്തില്ല. കിഴക്കേനടയില്‍ കൊടിമരത്തിന് വടക്കായി പഴുക്കാമണ്ഡത്തില്‍ എഴുന്നള്ളിച്ചിരുത്തുന്ന ഭഗവാന് അവിടെയാണ് ദീപാരാധന. ഈ സമയത്തു ശാന്തിയേറ്റ കീഴ്ശാന്തിക്കാരാണ് ദീപാരാധന നടത്തുക. ഇനി ഭഗവാന്റെ പുറത്തെഴുന്നള്ളത്താണ്. കുളപ്രദക്ഷിണത്തിനായി (ഗ്രാമബലി) ഭഗവാന്‍ മതിലിനു പുറത്തേക്കു വരുമ്പോള്‍ അഞ്ച് ആനയും പാണ്ടിമേളവും ആ വരവ് വിളിച്ചറിയിക്കും.

ഗുരുവായൂരില്‍ മതിലിനു പുറത്തു മാത്രമേ പാണ്ടിമേളമുള്ളൂ. കുളപ്രദക്ഷിണത്തിനു ഭഗവാന്റെ അംഗരക്ഷകരായി ഉടുത്തുകെട്ടി വാളും പരിചയുമായി കൃഷ്ണനാട്ടം കലാകാരന്മാര്‍ മുന്നില്‍ അണിനിരക്കും. കുളപ്രദക്ഷിണം പൂര്‍ത്തിയാക്കി ഏതാണ്ടു ഒന്‍പതരയോടെ ഭഗവാന്റെ എഴുന്നള്ളത്തു കിഴക്കേ നടയിലൂടെ അകത്തു പ്രവേശിക്കും. പിന്നെ ഒരാനയേ ഉണ്ടാവുകയുള്ളു. അകത്തേക്ക് കടന്നുകഴിഞ്ഞാല്‍ പാഞ്ചാരി മേളത്തിന്റെ അകമ്പടിയോടെ പ്രദക്ഷിണമായി വന്നു വടക്കുഭാഗത്തെത്തുമ്പോള്‍ മേളം അവസാനിക്കും. ആന പ്പുറത്തുനിന്നു ഭഗവാന്റെ തിടമ്പിറക്കി ശാന്തിക്കാരന്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചുകൊണ്ടു പിടിയാന പുറത്തു കയറും. ഇവിടെ നിന്ന് ഒരു പന്തം, ഒരു മാരാര്‍, (വലംതലയുമായി) എന്നിവയോടെ ഭഗവാന്‍ പള്ളിവേട്ടയ്ക്ക് പുറപ്പെടുകയാണ്. കിഴക്കേ നടയിലൂടെ പുറത്തിറങ്ങി കല്യാണമണ്ഡപത്തിനു സമീപം തിരിഞ്ഞുനിന്നു കഴിഞ്ഞാല്‍ മാരാര്‍ മൂന്നു തവണ ശംഖ് ഊതും. പുതിയേടത്തു പിഷാരടി മാനുഷങ്ങള്‍ ഹാജരുണ്ടോ എന്ന് മൂന്നു തവണ വിളിച്ചു ചോദിക്കും. ഇത് കേട്ട ഉടനെ പന്നിയുടെയും മറ്റു പക്ഷി മൃഗാദികളുടെയും വേഷം കെട്ടിയ നൂറു കണക്കിന് ഭക്തര്‍ ക്ഷേത്രത്തിനകത്തേക്കു ഓടി ക്കയറും. പിറകെ ആനപ്പുറത്തു ഭഗവാനും. ഒന്‍പതു ഓട്ടപ്രദക്ഷിണത്തിനു ഒടുവില്‍ പന്നിയെ അമ്പെയ്തു വീഴ്ത്തുന്നുവെന്ന സങ്കല്‍പ്പത്തില്‍ പന്നി വേഷം കെട്ടിയ ഒരാളെ കൊടിമരത്തിന് മുന്നില്‍ തണ്ടില്‍ കെട്ടും. അയാളെ തണ്ടോടുകൂടി അവിടെ നിന്നു പ്രദക്ഷിണമായി കൊണ്ടുപോകും. തുടര്‍ന്ന് അത്താഴപൂജ കഴിഞ്ഞു ഭഗവാന്റെ പള്ളിയുറക്കമാണ്.

വേട്ടയാടി ക്ഷീണിച്ച ഭഗവാനെ പഞ്ചലോഹ വിഗ്രഹത്തില്‍ ആവാഹിച്ചു പുറത്തെടുത്തു നമസ്‌കാര മണ്ഡപത്തിലേക്ക് കൊണ്ടു വരും. ഇവിടെ മറച്ചുകെട്ടി വെള്ളിക്കട്ടിലില്‍ പട്ടു വിരിച്ചു തലയണയും വച്ച് തയ്യാറാക്കി ശയ്യയില്‍ തന്ത്രി ഭഗവാനെ ഉറങ്ങാന്‍ കിടത്തും. അപ്പോഴേക്കും സമയം രാത്രി ഒരു മണിയാകും. പിന്നെ, തികഞ്ഞ നിശബ്ദതയാണ്. ഭഗവാന്റെ നിദ്രയ്ക്ക് ഭംഗം വരാതിരിക്കാന്‍ ക്ഷേത്രത്തിലെ നാഴികമണി അടിക്കില്ല. അടുത്തെങ്ങും ആരുമില്ലെന്ന് ഉറപ്പുവരുത്തും. പത്തുകാര്‍ വാര്യന്മാര്‍ കാവലിരിക്കും.

പത്താം ഉത്സവം ആറാട്ട്
രാവിലെ നാലുമണിക്ക് തന്ത്രിയും മറ്റുള്ളവരും കുളിച്ചു വന്നാല്‍ ചടങ്ങുകള്‍ തുടങ്ങും. ശംഖു ഊതി ഭഗവാനെ ഉണര്‍ത്തിയാല്‍ നീ രാഞ്ജനം, കാണിക്കോപ്പുകള്‍ എന്നിവയും പശുകൂട്ടിയുടെ പൃഷ്ഠഭാഗ (മഹാലക്ഷ്മിയുടെ ഇരിപ്പിടം)വും കണികാണിക്കും. തുടര്‍ന്ന് തിടപ്പള്ളിക്കു മുന്നില്‍ പീഠത്തില്‍ വച്ച് പച്ചീര്‍ക്കലില്‍ നാവുവടിക്കുകയും കടലാടി ചമത കൊണ്ട് പല്ലുതേക്കുകയും ചെയ്തശേഷം പീഠപൂജ നടത്തും. തുടര്‍ന്ന് ജലം, നെയ്യ്, തേന്‍, എണ്ണ, വാക, മഞ്ഞള്‍പ്പൊടി എന്നിവകൊണ്ട് അഭിഷേകം നടത്തും. അഞ്ജനം കൊണ്ട് കണ്ണെഴുതി ഗോരോചന കുറിയും ചാന്തുപൊട്ടും തൊടീക്കുകയും മുല്ലപ്പൂ ചൂടിച്ച്, കറുകമാലയും ദശപുഷ്പമാലയും ചാര്‍ത്തി അലങ്കരിച്ച് വാല്‍ക്കണ്ണാടി കാണിച്ച്, വയറവള്ളികൊണ്ട് ഉഴിഞ്ഞുകളയും.

ഭഗവാന് മുന്നില്‍ കുരുവാട്ട് ഭട്ടതിരി മഹാഭാരതം വായിക്കുകയും അദ്ദേഹത്തിന് തന്ത്രി ദക്ഷിണ നല്‍കുകയും ചെയ്താല്‍ പുഷ്പാഞ്ജലി, പൂജ തുടങ്ങിയവ നടക്കും. തന്ത്രിയുടെ ഈ കര്‍മ്മത്തിനൊപ്പം അകത്തു മൂല വിഗ്രഹത്തില്‍ മേല്‍ശാന്തി അഭിഷേകവും അലങ്കാരവും ചെയ്യുന്നുണ്ടാകും. തന്ത്രിയുടെ പൂജ കഴിഞ്ഞാല്‍ ശംഖു വിളിച്ചു ഭഗവാനെ അകത്തേക്ക് എഴുന്നള്ളിച്ചു ഉഷനിവേദ്യവും നെയ്യ് പായസ നിവേദ്യവും ഉഷപൂജയും നടക്കും. എട്ടരയോടെ നടതുറന്നു ദര്‍ശനം. ഉഷശീവേലിയില്ല. ഈ ദിവസം ഉച്ചപൂജ സമയത്തു പന്തീരടി പൂജ നടത്തി ഒരു മണിയോടെ നടയടയ്ക്കും.

വൈകിട്ട് 5നു നട തുറന്നാല്‍ മൂലവിഗ്രഹത്തില്‍ നിന്ന് ചൈതന്യം പഞ്ചലോഹ വിഗ്രഹത്തിലേക്കു ആവാഹിച്ചു കിഴക്കേനടയില്‍ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ച് വയ്ക്കും. ഇവിടെ ഭഗവാന്റെ ദീപാരാധന കീഴ് ശാന്തി നിര്‍വഹിക്കും. മൂലവിഗ്രഹമാകട്ടെ കോടിവസ്ത്രത്തില്‍ പൊതിഞ്ഞു ദര്‍ഭപ്പുല്ലില്‍ വരിഞ്ഞുകെട്ടി വയ്ക്കും. ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിക്കാനുള്ള ആനയെ പൂജിച്ചു ഭക്ഷണം നല്‍കി കഴിഞ്ഞാല്‍ തന്ത്രിയുടെ നേതൃത്വത്തില്‍ ഗ്രാമ പ്രദക്ഷിണം തുടങ്ങുകയായി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ അ ഞ്ചാനകളുമായി കണ്ണന്റെ എഴുന്നള്ളത്തിനു ഭക്തര്‍ വലിയ വരവേല്‍പ്പു നല്‍കും.

ഭഗവാന്റെ ആറാട്ടിനായി പ്രത്യേകം തയ്യാറാക്കിയ മഞ്ഞള്‍പ്പൊടി സ്വര്‍ണ്ണകുടത്തിനുള്ളില്‍ നിറച്ചു പട്ടില്‍ പൊതിഞ്ഞു മറ്റൊരു ആനപ്പുറത്ത് കൂടെകൊണ്ടുവരും.

പള്ളിവേട്ടയ്ക്കെന്നപോലെ കൃഷ്ണനാട്ടം കലാകാരന്മാരുടെ അകമ്പടി ആറാട്ടിനുമുണ്ട്. കൊടികളും സൂര്യമറകളും തഴകളും ഒക്കെയുള്ള എഴുന്നള്ളത്തു മുന്നേറുന്ന മുറയ്ക്ക് തന്ത്രി ഹവിസ്സു തുവും. വടക്കു പടിഞ്ഞാറേ മൂലയില്‍ എഴുന്നള്ളത്തു എത്തിയാല്‍ പഞ്ചവാദ്യം അവസാനിപ്പിച്ച് പാണ്ടിമേളം തുടങ്ങും. നാല് കാലം കൊട്ടികഴിഞ്ഞു കരിങ്കല്‍ അത്താണിക്കടുത്തു എത്തിയാല്‍ പാണ്ടിമേളവും നിലയ്ക്കും. ഒരു നിമിഷത്തേക്ക് ആഘോഷമെല്ലാം മൗനത്തിലേക്ക്… പിന്നെ, മാരാര്‍ ശംഖ് ഊതിയാല്‍ കണ്ടിയൂര്‍ പട്ടത്തു നമ്പീശന്റെ കുടുംബത്തിലെ ഒരംഗം വന്നു ഗ്രന്ഥം വച്ച് തൊഴുതു സങ്കടമില്ലെന്ന് പ്രാര്‍ത്ഥിക്കും. ഇതാണ് സങ്കടനിവൃത്തി ചടങ്ങ്.

പണ്ട് ചാട്ടുകുളത്തില്‍ ആറാട്ടു നടക്കുമ്പോള്‍ ക്ഷേത്രം ട്രസ്റ്റിയുടെ കാര്യസ്ഥന്‍ കണ്ടിയൂര്‍ പട്ടത്തു നമ്പീശന്‍ കൊല്ലപ്പെട്ടത് ഈ സ്ഥലത്തു വച്ചായിരുന്നു. ആ കുടുംബത്തിലെ ആരെങ്കിലും വന്നു സങ്കടമില്ല എന്ന് പറഞ്ഞശേഷമേ എഴുന്നള്ളത്തു മുന്നോട്ട് നീങ്ങുകയുള്ളു. സങ്കടനിവൃത്തി ചടങ്ങ് കഴിയുന്നതോടെ വീണ്ടും പഞ്ചാരിമേളം തുടങ്ങി എഴുന്നള്ളത്തു ഭഗവതിക്ഷേത്രത്തിനു സമീപമുള്ള കവാടത്തില്‍ എത്തും. തിടമ്പു കൈയിലെടുത്തു ഭഗവതിക്ക് മുന്നിലൂടെ രുദ്രകുളത്തിലെ ക്ഷേത്രക്കുളം ആറാട്ടുകടവിലേക്കു പോകും. തന്ത്രിയും ഓതിക്കന്മാരും സപ്തനദികളെയും രുദ്രകുളത്തിലേക്കു ആവാഹിച്ചു പുണ്യാഹം നടത്തിയശേഷം തിടമ്പില്‍ മഞ്ഞള്‍, ഇനീര്‍ എന്നിവകൊണ്ട് അഭിഷേകം ചെയ്യും. തുടര്‍ന്ന് തന്ത്രി പാപ നാശിനി സൂക്തം ജപിച്ചു പഞ്ചലോഹത്തിടമ്പു മാറോടു ചേര്‍ത്ത് രുദ്രതീര്‍ത്ഥത്തില്‍ സ്നാനം നടത്തും. പിറകെ, ഓതിക്കന്മാരും മറ്റും സ്നാനം നടത്തും.

തിടമ്പുമായി മൂന്നുവട്ടം മുങ്ങിക്കയറും. ആറാട്ട് കണ്ടു നില്‍ക്കുന്ന ആയിരക്കണക്കിന് ഭക്തര്‍ ദേവന്റെ ആറാട്ട് കഴിയുന്നതോടെ കുളത്തിലെ മറ്റു കടവുകളില്‍ മുങ്ങി സായൂജ്യം നേടും. ആറാട്ടിനുശേഷം തിടമ്പ് ആനപ്പുറത്തു കയറ്റി കിഴക്കേഗോപുരത്തിലൂടെ അകത്തു പ്രവേശിക്കും. ആറാട്ട് കഴിഞ്ഞെത്തുന്ന കണ്ണനെ വടക്കേമ്പാട്ട് പത്തുകാര്‍ വാരിയര്‍ വെള്ളപ്പൂക്കള്‍ അര്‍ച്ചിച്ചു സ്വീകരിക്കും.

കൊടിമരത്തിന് സമീപം മല്ലിശ്ശേരി നമ്പൂതിരി അഞ്ചു നിറപറകള്‍ വച്ച് എതിരേല്‍ക്കും. ആനപ്പുറത്ത് ക്ഷേത്രത്തിനുള്ളില്‍ കടന്ന കണ്ണന്‍ 11 തവണ ഓട്ടം പ്രദക്ഷിണം നടത്തും. നിറഞ്ഞ ഭക്തിയില്‍ ജനസഹസ്രങ്ങള്‍ ഒപ്പം ഓടും. തുടര്‍ന്ന് തന്ത്രി കൊടിമരമുകളിലെ ഗരുഡവാഹനത്തില്‍ നിന്ന് ചൈതന്യം പഞ്ചലോഹവിഗ്രഹത്തിലേക്ക് ഉദ്ധ്വസിക്കുന്നതോടെ കൊടിയിറക്കും.

കെട്ടി മൂടി വച്ചിരുന്ന മൂലവിഗ്രഹം തുറന്ന് അതിലേക്കു ചൈതന്യം ഉദ്ധ്വസിക്കും. പിന്നെ, തന്ത്രി 25 ജീവകലശമാടിയ ശേഷം രാത്രി അത്താഴപൂജ, ശീവേലി നടത്തുകയും ഭഗവാനെ ശീവേലിക്കു എഴുന്നള്ളിക്കുകയും ചെയ്യും. പിറ്റേന്ന് ഉഷപൂജ കഴിയുന്നതോടെ തന്ത്രി, ഓതിക്കന്‍, മേല്‍ശാന്തി, കീഴ്ശാന്തി തുടങ്ങി എല്ലാവര്‍ക്കും ഊരാളന്‍ മല്ലിശ്ശേരി നമ്പൂതിരി വെറ്റില അടയ്ക്കുവച്ചു ദക്ഷിണ നല്‍കും. അതോടെ പത്തുദിവസത്തെ ഗുരുവായൂരപ്പന്റെ ഉത്സവത്തിന് സമാപനമാകുകയായി.

Leave a Reply