ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

0

തൃശൂര്‍: സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ജോണ്‍ ബ്രിട്ടിസ് ഇടപെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്നാണ് ജോണ്‍ ബ്രിട്ടാസ് വിളിച്ചത്. ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ വിവാദമായ ഒന്നുമില്ല. സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി എല്ലാവരുമായി ചര്‍ച്ച നടത്തിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

അന്ന് അസാധാരണമായ സമരമാണ് നടന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായിട്ടാണ് സമരം തുടങ്ങിയത്. അത് അംഗീകരിക്കാനാകില്ല. അതിനാല്‍ സര്‍ക്കാര്‍ സര്‍ക്കാരിന്റെ നടപടികളുമായി മുന്നോട്ടു പോയി. പിന്നീട് സമരം തീര്‍ക്കണമെന്ന് അവരുടെ ഭാഗത്തു നിന്ന് തോന്നല്‍ ഉണ്ടായി. ഞങ്ങളുടെ ഭാഗത്തു നിന്നും ചില പോസിറ്റീവ് സിഗ്നല്‍ നല്‍കിയിട്ടുണ്ട്.പ്രശ്‌നം പരിഹരിക്കണമെന്ന് യുഡിഎഫിന് തോന്നി, അതിന് ശ്രമം നടത്തി. യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ടാണ് ചര്‍ച്ചയ്ക്ക് ഉണ്ടായത്. ഞങ്ങള്‍ പറഞ്ഞ രീതിയില്‍ ഫലം ഉണ്ടായി എന്നതാണ് ഞങ്ങളുടെ സാറ്റിസ്ഫാക്ഷന്‍ എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ചര്‍ച്ചയുടെ കാര്യങ്ങള്‍ ഓപ്പണ്‍ ചെയ്യാനില്ല. ഇതിന്റെ പേരില്‍ പ്രമുഖ പദവിയില്‍ ഇരിക്കുന്നവരെ തേജോവധം ചെയ്യാനില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം സമ്മതിക്കാന്‍ കഴിയില്ലായിരുന്നു. തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. അതിനോട് യുഡിഎഫിനും യോജിപ്പായിരുന്നു. സിറ്റിങ് ജഡ്ജി വേണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹൈക്കോടതി സമ്മതിച്ചില്ല. ഇതേത്തുടര്‍ന്നാണ് വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തിയതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Leave a Reply