സംസ്ഥാനത്ത് 3 പേര് കോവിഡ് ബാധിച്ച് മരിച്ചെന്ന് ആരോഗ്യവകുപ്പ്; പിശക് മനസിലായ ഉടനടി തിരുത്തും; കണക്കുകൾ ചേർത്തതിൽ പിശക് സംഭവിച്ചെന്ന് വിശദീകരണം

0


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങൾ എന്ന സർക്കാർ കണക്കുകൾക്ക് പിന്നാലെ തിരുത്തലുമായി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണങ്ങൾ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വെബ്സൈറ്റിൽ കണക്കുകൾ ചേർത്തതിൽ പിശക് സംഭവിച്ചതാണെന്നും വിശദീകരണത്തിൽ പറയുന്നു.

നേരത്തെ മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു എന്നതായിരുന്നു ആരോഗ്യവകുപ്പിന്റെ കണക്ക്. മരണം സംഭവിച്ചത് തൃശൂരിലാണ് എന്ന റിപ്പോർട്ടാണ് ഇപ്പോൾ ആരോഗ്യവകുപ്പ് തിരുത്തിയത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുകയാണ്. പുതുതായി 210 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ എറണാകുളത്താണ്. 50 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 172 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

അതിനിടെ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് കോവിഡ് ജാഗ്രതാനിർദ്ദേശം നൽകി. മതിയായ ഒരുക്കങ്ങൾ നടത്താൻ ജില്ലകൾക്ക് നിർദ്ദേശം നൽകി. ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ ആശുപത്രികൾക്കും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.രോഗികളുടെ എണ്ണം ഉയർന്നാൽ ഐസിയു വെന്റിലേറ്ററുകൾ കോവിഡ് ബാധിതർക്കായി മാറ്റിവെക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

പ്രായമായവരും കുട്ടികളും ഗർഭിണികളും മാസ്‌ക് ധരിക്കണം. നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു.സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങൾക്കായി ജില്ലകളും ആശുപത്രികളും സർജ് പ്ലാൻ തയ്യാറാക്കണം. പുതിയ വകഭേദം വന്നിട്ടുണ്ടോ എന്നറിയാൻ ജിനോമിക് പരിശോധനകൾ വർധിപ്പിക്കും.

കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാൽ പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളിൽ എത്തുന്നവരെല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Leave a Reply