നവജാതശിശുവിനെ പോലീസുകാരന്‍ ചവിട്ടുക്കൊന്നു, മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

0


റാഞ്ചി: വീട്ടില്‍ പരിശോധന നടത്താനെത്തിയ പോലീസ് ഉറങ്ങിക്കിടക്കുകയായിരുന്ന നാലു ദിവസം പ്രായമായ നവജാത ശിശുവിനെ പോലീസുകാരന്‍ ചവിട്ടിക്കൊന്നുവെന്ന് ആരോപണം. ഝാര്‍ഖണ്ഡിലെ ഗിരിധിഹ് ജില്ലയിലാണ് സംഭവം. മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

കൊസൊഗോണ്ടോദിഖി ഗ്രാമത്തിലാണ് സംഭവം നടന്നത്. കുട്ടിയുടെ മുത്തച്ഛന്‍ കൂടിയായ പ്രതിയെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയപ്പോഴാണ് സംഭവം. പോലീസിനെ കണ്ടയുടന്‍ ഭൂഷണ്‍ പാണ്ഡെയും കുടുംബാംഗങ്ങളും കുഞ്ഞിനെ തനിച്ചാക്കി വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. കുഞ്ഞ് വീട്ടിനകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു.

പോലീസുകാര്‍ വീടിന്റെ മുക്കിലും മൂലയിലും തിരച്ചില്‍ നടത്തുമ്പോള്‍ നാല് ദിവസം പ്രായമുള്ള തന്റെ കുട്ടി അകത്ത് ഉറങ്ങുകയായിരുന്നുവെന്ന് കുഞ്ഞിന്റെ അമ്മ നേഹ ദേവി പറഞ്ഞു.പരിശോധന കഴിഞ്ഞ് പോലീസുകാര്‍ തിരികെ പോയ ശേഷം ഇവര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പോലീസ് പരിശോധനക്കിടെ കുഞ്ഞിനെ ചവിട്ടിക്കൊന്നതാണെന്ന് കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സഞ്ജയ് റാണ പറഞ്ഞു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply