പ്രിയ സുഹൃത്തിന്റെ മരണം അറിഞ്ഞത് ദുബായിൽ വെച്ച്; നീറുന്ന മനസ്സുമായി ഗോൾഡൻ വിസ സ്വീകരിച്ച് മാമൂക്കോയ മടങ്ങി

0


ദുബായ്: ഒരുകാലത്ത് നിരവധി ചിത്രങ്ങളിൽ കോമഡി കഥാപാത്രങ്ങളായി ഒരുമിച്ച് വേഷമിട്ടവരാണ് ഇന്നസെന്റും മാമൂക്കോയയും. നിരവധി ചിത്രങ്ങളിൽ ഇവർ കോമഡി രാജാക്കന്മാരായെത്തിയിട്ടുണ്ട. അുകൊണ്ട് തന്നെ ഇന്നസെന്റും മാമൂക്കോയയും അടുത്ത സുഹൃത്തുക്കളുമാണ്. അങ്ങ് ദുബായിൽ വച്ചാണ് ഇന്നസെന്റിന്റെ വിയോഗ വാർത്ത മാമൂക്കോയ അറിയുന്നത്. പിന്നെ അവിടെ നിന്നും കേരളത്തിലേക്ക് എത്താൻ മനസ്സ് വെമ്പുകയായിരുന്നു. തന്റെ പ്രിയ ചങ്ങാതിയെ അവസാനമായി ഒരുു നോക്ക് കാണാൻ. ഇന്നസന്റിന്റെ വിയോഗം മലയാള സിനിമയ്ക്ക് മാത്രമല്ല, തന്നെപ്പോലുള്ള സഹപ്രവർത്തകർക്ക് കൂടി വലിയ നഷ്ടമാണെന്ന് മാമുക്കോയ പറഞ്ഞു.

ദുബായിൽ യുഎഇ ഗോൾഡൻ വീസ സ്വീകരിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഈ സമയത്താണ് ഇന്നസെന്റിന്റെ മരണ വാർത്ത അദ്ദേഹത്തെ തേടി എത്തിയത്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് മാമുക്കോയ വീസ പതിച്ച എമിറേറ്റ്‌സ് ഐഡി ഏറ്റുവാങ്ങി. നീറുന്ന മനസ്സുമായാണ് അദ്ദേഹം ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.

ഇന്നസന്റിന്റെ വിയോഗ വാർത്ത മനസിലാക്കിയ എമിഗ്രേഷൻ അധികൃതർ വളരെ പെട്ടെന്നായിരുന്നു മാമുക്കോയക്ക് ഗോൾഡൻ വീസ പതിച്ചു നൽകിയതെന്ന് ഇഖ്ബാൽ മാർക്കോണി പറഞ്ഞു. പ്രിയ സഹപ്രവർത്തകന്റെ മുഖം അവസാനമായി നേരിൽ കാണാനുള്ള ആഗ്രഹം അവരെ പറഞ്ഞു മനസിലാക്കിയതോടെ ഇന്ന് (ചൊവ്വ) ലഭിക്കേണ്ടിയിരുന്ന വീസ ഇന്നലെ (തിങ്കൾ) തന്നെ അനുവദിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രി തന്നെ മാമുക്കോയ നാട്ടിലേയ്ക്ക് മടങ്ങി സുഹൃത്തിനെ അവസാനമായി കണ്ടു.

മലയാള സിനിമാ പ്രവർത്തകരുടെ സംഘടനയായ അമ്മയുടെ ദീർഘകാലത്തെ പ്രസിഡന്റായിരുന്ന ഇന്നസന്റ് സംഘടനയെ വളരെ മികച്ച രീതിയിൽ നയിക്കാൻ സാധിച്ചുവെന്ന് മാമുക്കോയ പറഞ്ഞു. സിനിമാക്കാരനെന്നതിലുപരി എല്ലാവരോടും ആത്മബന്ധം പുലർത്തിയിരുന്ന നടനായിരുന്നു അദ്ദേഹം. എല്ലാവരുടെയും സ്വകാര്യ ദുഃഖങ്ങളിൽ പങ്കുചേർന്നിരുന്ന മനുഷ്യസ്‌നേഹി. ഞാനും ഇന്നസന്റും ഒരുകാലത്ത് താരജോഡികളായിരുന്നു. എത്രയോ ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു. തുടർച്ചയായി ആറും ഏഴും സിനിമകളിൽ അഭിനയിച്ച ശേഷമായിരുന്നു ഞങ്ങളന്ന് സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയിരുന്നത്.

1990 മുതൽ 2000 വരെയുള്ള കാലത്ത് ഞങ്ങൾ തിരക്കിട്ട് അഭിനയിച്ചു. സംവിധായകൻ, നിർമ്മാതാവ്, മറ്റു അണിയറപ്രവർത്തകർ എന്നിവരോടെല്ലാം തന്റെ നിലപാട് വ്യക്തമായും പ്രകടമാക്കിയിരുന്ന നടനായിരുന്നു. അമ്മയുടെ യോഗത്തിലായിരുന്നു അദ്ദേഹത്തെ അവസാനമായി നേരിൽ കണ്ടത്. പിന്നീട് ഇടയ്ക്കിടെ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. പ്രിയദർശന്റെ കുഞ്ഞാലിമരയ്ക്കാർഅറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലായിരുന്നു ഏറ്റവുമൊടുവിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചത്. അസുഖം കാരണം വളരെ ക്ഷീണിതനായിരുന്നു അദ്ദേഹം അന്ന്. ആ ചിത്രത്തിലഭനയിച്ച നെടുമുടി വേണു, കെപിഎസി ലളിത എന്നിവരും രോഗബാധയാൽ വലഞ്ഞിരുന്നു. ഇവരുടെയെല്ലാം വിയോഗം തനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണെന്നും മാമുക്കോയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here