ഹോട്ടൽ റുവാണ്ടയ്ക്ക് പ്രചോദനമായ മനുഷ്യാവകാശ പ്രവർത്തകൻ പോൾ റസെസബാഗിന ജയിൽ മോചിതനായി

0

ദോഹ: പ്രശസ്ത ഹോളിവുഡ് ചിത്രമായ ഹോട്ടൽ റുവാണ്ടയ്ക്ക് പ്രചോദനമായ മനുഷ്യാവകാശ പ്രവർത്തകൻ പോൾ റസെസബാഗിന (68) ജയിൽ മോചിതനായി. ഖത്തറിന്റെ മധ്യസ്ഥതയെ തുടർന്നാണ് റസെസബാഗിനയുടെ ജയിൽ മോചനം സാധ്യമായത്. വെള്ളിയാഴ്ച മോചന നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ചയോടെ അദ്ദേഹം ഖത്തറിലെത്തി. ഉടൻ യുഎസിലുള്ള കുടുംബത്തിനടുത്തേക്കു തിരിക്കും.

മനുഷ്യാവകാശ പ്രവർത്തകനായ റസെസബാഗിനയെ തീവ്രവാദബന്ധം ആരോപിച്ച് 2020 ഓഗസ്റ്റിലാണ് റുവാണ്ടൻ സർക്കാർ ഖത്തറിൽ നിന്നും അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത്. അദ്ദേഹത്തിന് 25 വർഷം തടവാണു വിധിച്ചിരുന്നത്. റുവാണ്ടയിലെ ഹോട്ടൽ മാനേജരായിരുന്നു അദ്ദേഹം. 1994 ൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ പോരും വംശഹത്യയും റുവാണ്ടയെ ചോരക്കളമാക്കി. ആ സമയത്ത് ആയിരത്തിലേറെ ടുത്‌സി വിഭാഗക്കാർക്ക് അഭയം കൊടുത്തു രക്ഷിച്ചതിനെ തുടർന്നാണ്, ഹുട്ടു വിഭാഗക്കാരനായ റസെസബാഗിന പ്രശസ്തനായത്. ഈ സംഭവം പ്രമേയമാക്കിയ സിനിമ ‘ഹോട്ടൽ റുവാണ്ട’യ്ക്ക് (2004) ഓസ്‌കർ നാമനിർദ്ദേശം ലഭിച്ചിരുന്നു.

ഇതോടെ റുവാണ്ടൻ ഭരണകൂടത്തിന്റെ ശത്രുവായി റസെസബാഗിന മാറി. അദ്ദേഹം ബൽജിയത്തിൽ അഭയം തേടിയെങ്കിലും സർക്കാർ ഏജന്റുമാർ പിന്തുടർന്നതിനെ തുടർന്ന് യുഎസ് പൗരത്വം നേടി അവിടേക്കു പോയി. 2020 ൽ വിദേശ യാത്രയ്ക്കിടെ ദുബായിലെത്തിയ അദ്ദേഹം അവിടെ നിന്നാണ് അപ്രത്യക്ഷനായത്. റുവാണ്ടയിലെ പോൾ കഗമെ ഭരണകൂടം അറസ്റ്റ് ചെയ്തുകൊണ്ടുപോയതാണെന്നു പിന്നീടു തെളിഞ്ഞു. പല തലങ്ങളിൽ യുഎസും ഇടപെട്ടെങ്കിലും മോചനം വൈകി. മാസങ്ങൾ നീണ്ട ചർച്ചകളെ തുടർന്നാണ് മോചനം സാധ്യമായത്.

LEAVE A REPLY

Please enter your comment!
Please enter your name here