കോവിഡ്‌ കൂടുന്നു; വീണ്ടും ജാഗ്രത

0


തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ്‌ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്‌.
പ്രമേഹം, രക്‌താതിമര്‍ദം തുടങ്ങിയ ജീവിതൈശലി രോഗങ്ങളുള്ളവരും ഗര്‍ഭിണികളും പ്രായമായവരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം. ഇവര്‍ കൃത്യമായി മാസ്‌ക്‌ ധരിക്കണം. കോവിഡ്‌ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക്‌ നിര്‍ബന്ധമാണ്‌. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഒരു മാസത്തിനിടെ 20 കോവിഡ്‌ മരണങ്ങളുണ്ടായി. ഇതില്‍ കൂടുതലും 60 വയസിന്‌ മുകളില്‍ പ്രായമുള്ളവരാണ്‌. ഐസിയുവില്‍ ചികിത്സയിലുള്ളവരിലധികവും പ്രായമുള്ളവരാണ്‌.
സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുമ്പത്തെപ്പോലെ കൃത്യമായി കോവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. ആര്‍സിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികള്‍ എന്നിവര്‍ കോവിഡ്‌ രോഗികള്‍ക്കായി പ്രത്യേകം കിടക്കകള്‍ മാറ്റിവയ്‌ക്കണം. ആവശ്യകത മുന്നില്‍ കണ്ട്‌ പരിശോധനാ കിറ്റുകള്‍, സുരക്ഷാ സാമഗ്രികള്‍ എന്നിവ സജ്‌ജമാക്കാന്‍ കെ.എം.എസ്‌.സി.എല്ലിനു നിര്‍ദേശം നല്‍കി. സംസ്‌ഥാനത്ത്‌ സജ്‌ജമായ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കോവിഡ്‌ രോഗികളെ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കണം. പൂര്‍ത്തിയാക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ എത്രയും വേഗം പ്രവര്‍ത്തനസജ്‌ജമാക്കണം.
സംസ്‌ഥാനത്ത്‌ ഇന്നലെ 765 കോവിഡ്‌ കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്‌ കൂടുതല്‍. ജനിതക പരിശോധനയ്‌ക്ക്‌ അയച്ചതില്‍ കൂടുതലും ഒമിക്രോണാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ജനിതക പരിശോധന വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം സംസ്‌ഥാനത്തെ കോവിഡ്‌ സ്‌ഥിതി വിലയിരുത്തി. ആരോഗ്യ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ്‌ ഡയറക്‌ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്‌ ഡയറക്‌ടര്‍, അഡീഷണല്‍ ഡയറക്‌ടര്‍മാര്‍,
ഡെപ്യൂട്ടി ഡയറക്‌ടര്‍മാര്‍, സ്‌റ്റേറ്റ്‌ മെഡിക്കല്‍ ബോര്‍ഡ്‌ അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here