ജനകീയ ഹര്‍ത്താലിനിടെ അരിക്കൊമ്പനും കൂട്ടരും വീണ്ടും ജനവാസ മേഖലയില്‍

0


ഇടുക്കി: ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെയിലും അരിക്കൊമ്പന്‍ ജനവാസ മേഖലയ്‌ക്കു സമീപമെത്തി.
സിങ്കുകണ്ടം സിമന്റ്‌് പാലത്തിനടുത്ത്‌ യൂക്കാലി മരങ്ങള്‍ക്കിടയിലാണ്‌ അരിക്കൊമ്പനും അഞ്ച്‌ ആനകളും സംഘമായി എത്തിയത്‌. കുങ്കിയാനകളെ പാര്‍പ്പിച്ചതിന്‌ 500 മീറ്റര്‍ അകലെയാണ്‌ ആനക്കൂട്ടം എത്തിയത്‌. കൃഷിയിടത്തിനടുത്തുള്ള വനത്തിനകത്താണിത്‌. ആനയെ വനംവകുപ്പ്‌ നിരീക്ഷിക്കുന്നുണ്ട്‌.
ആളുകള്‍ താമസിക്കുന്നിടത്തേക്ക്‌ ആന വരാതിരിക്കാനുള്ള നീക്കമാണ്‌ വനംവകുപ്പ്‌ നടത്തുന്നത്‌. വാച്ചര്‍മാര്‍ ഇതിനായുള്ള ശ്രമം നടത്തുകയാണ്‌. ആനയെ മയക്കുവെടി വച്ച്‌ പിടികൂടാന്‍ പദ്ധതിയിട്ടിരുന്ന സ്‌ഥലത്താണ്‌ ആന എത്തിയത്‌. അതിനിടെ, അരിക്കൊമ്പനെ പിടികൂടുന്നതിനെതിരെയുള്ള ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച്‌ദേശീയ പാത ഉപരോധിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന്‌ ശാന്തന്‍പാറ പോലീസ്‌ പറഞ്ഞു. ഹര്‍ത്താല്‍ നടത്തണമെങ്കില്‍ 7 ദിവസം മുന്‍പ്‌ നോട്ടീസ്‌ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ്‌ നിലനില്‍ക്കുന്നതിനാല്‍ ജനകീയ മുന്നണി നടത്തിയ ഹര്‍ത്താല്‍ നിയമ വിരുദ്ധമാണെന്ന്‌ പോലീസ്‌ ജനകീയ മുന്നണി നേതാക്കള്‍ക്ക്‌ നല്‍കിയ നോട്ടീസില്‍ വ്യക്‌തമാക്കുന്നു.
ഈ ദിവസം ഹര്‍ത്താല്‍ നടത്തുകയോ ഹര്‍ത്താലിനെ അനുകൂലിക്കുകയോ ചെയ്‌താല്‍ അത്‌ മൂലമുണ്ടാവുന്ന എല്ലാ കഷ്‌ട നഷ്‌ടങ്ങള്‍ക്കും ജനകീയ മുന്നണി നേതാക്കളായിരിക്കും ഉത്തരവാദികളെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

Leave a Reply