കാപ്പ ചുമത്തി അറസ്‌റ്റ്‌ ചെയ്‌ത ആകാശ്‌ തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്‌ അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കില്‍

0

കാപ്പ ചുമത്തി അറസ്‌റ്റ്‌ ചെയ്‌ത ആകാശ്‌ തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്‌ അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കില്‍. 24 മണിക്കൂറും സെല്ലിനു മുന്നില്‍ പാറാവുകാരുടെ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
പത്താം ബ്ലോക്കിലുള്ളവരില്‍ കൂടുതല്‍ പേരും ഗുണ്ടാ ആക്‌ട്‌ പ്രകാരം അറസ്‌റ്റിലായവരാണ്‌. ഇന്നലെ പുലര്‍ച്ചെ നാലുമണിക്കാണ്‌ ആകാശിനെയും കൂട്ടാളി ജിജോവിനെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്‌ കൊണ്ടുവന്നത്‌.
പോലീസ്‌ സംഘം കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ്‌ ഇരുവരേയും വീട്ടിലെത്തി കസ്‌റ്റഡിയിലെടുത്തത്‌. തുടര്‍ന്ന്‌ മുഴക്കുന്ന്‌ സ്‌റ്റേഷനിലെത്തിച്ച്‌ കാപ്പ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി അറസ്‌റ്റ്‌ ചെയ്‌തു.
അറസ്‌റ്റിനു മുന്നോടിയായി ഇരിട്ടി, മുഴക്കുന്ന്‌, മട്ടന്നൂര്‍ പോലീസ്‌ സ്‌റ്റേഷനുകളില്‍ ഇരുവര്‍ക്കുമെതിരേ രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ പോലിസ്‌ മേധാവി മുഖേന ജില്ലാ കലക്‌ടര്‍ക്കു കൈമാറിയിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ്‌ കൂടിയായ ജില്ലാ കലക്‌ടറുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ്‌ ഇരുവരെയും കാപ്പ ചുമത്തി അറസ്‌റ്റ്‌ ചെയ്‌തത്‌. സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ആകാശ്‌ തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമൊപ്പം പിടിയിലായ മൂന്നാം പ്രതി ജയപ്രകാശ്‌ തില്ലങ്കേരി നിലവില്‍ ഒരു കേസില്‍ മാത്രമാണ്‌ പ്രതിയെന്നതിനാല്‍ ഇയാളെ കാപ്പ ചുമത്തുന്നതില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു.
രണ്ട്‌ കൊലപാതക കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്‌ ആകാശ്‌ തില്ലങ്കേരി. തില്ലങ്കേരിയിലെ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ വിനീഷ്‌, എടയന്നൂരിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഷുഹൈബ്‌ എന്നിവരുടെ കൊലപാതകക്കേസും ഒരുവധശ്രമക്കേസും ആകാശ്‌ തില്ലങ്കേരിക്കെതിരേയുണ്ട്‌. ഇതുള്‍പ്പെടെ ബോംബ്‌ സ്‌ഫോടനം, അടിപിടി, വധശ്രമം എന്നിങ്ങനെ ഏഴ്‌ കേസ്‌ ഇരിട്ടി പോലീസ്‌ സ്‌റ്റേഷനിലും ഒരു കൊലപാതക കേസ്‌ മട്ടന്നൂര്‍ സ്‌റ്റേഷനിലും ബോംബ്‌ സ്‌ഫോടനം, അടിപിടി, സാമൂഹിക മാധ്യമം വഴി ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെ നാലു കേസ്‌ മുഴക്കുന്ന്‌ പോലിസ്‌ സ്‌റ്റേഷനിലുമായുണ്ട്‌. ഇയാളെ പാര്‍ട്ടി പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു.
വധശ്രമക്കേസ്‌, ബോംബ്‌ സ്‌ഫോടനം, അടിപിടി എന്നീ വകുപ്പുകള്‍ പ്രകാരം പത്തോളം കേസില്‍ പ്രതിയാണ്‌ ജിജോ തില്ലങ്കേരി.അതിനിടെ, തന്റെ ഇന്നോവ കാര്‍ വില്‍ക്കാനുണ്ടെന്ന്‌ കാട്ടി ഫെയ്‌സ്‌ബുക്ക്‌ വാഹന വില്‍പന ഗ്രൂപ്പില്‍ ആകാശ്‌ തല്ലങ്കേരി പരസ്യം നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാല്‍ വാഹനം വില്‍ക്കുന്നു എന്നാണ്‌ കുടുംബം പറയുന്നത്‌. ഇന്നലെ രാവിലെ 8 മണിയോടെയാണ്‌ ഫെയ്‌സ്‌ബുക്കില്‍ കാര്‍ വിലക്ക്‌ വെച്ചതിന്റെ പരസ്യം പ്ര
ത്യക്ഷപ്പെട്ടത്‌.

LEAVE A REPLY

Please enter your comment!
Please enter your name here